വൈദ്യുതി ബില്ലിന്‍റെ പേരില്‍ വീണ്ടും ഓണ്‍ലൈന്‍ തട്ടിപ്പ്; യുവാവിന് 24,000 രൂപ നഷ്ടപ്പെട്ടു
text_fieldsതൃശൂർ: വൈദ്യുതി ബില്ലടച്ചില്ലെന്നു പറഞ്ഞ് ഫോൺ ഷെയറിങ് ആപ് ഡൗൺലോഡ് ചെയ്യിച്ച് യുവാവിന്റെ 24,000 രൂപ കവർന്നു. തൃശൂർ പാട്ടുരായ്ക്കൽ സ്വദേശിയാണ് കബളിപ്പിക്കപ്പെട്ടത്. തൃശൂർ സൈബർ സെല്ലിൽ പരാതി നൽകി.
വൈദ്യുതി വിതരണ ചുമതലയുള്ള തൃശൂർ കോർപറേഷനിൽ കുടിശ്ശികയുണ്ടായിരുന്ന യുവാവിനെ ഉടൻ പണമടച്ചില്ലെങ്കിൽ 'ഇന്ന് രാത്രി 9.30'ന് വൈദ്യുതി വിച്ഛേദിക്കപ്പെടുമെന്ന മുന്നറിയിപ്പ് എസ്.എം.എസ് വഴിയാണ് ചതിയിൽ കുടുക്കിയത്. എസ്.എം.എസിൽ കാണിച്ച ഇലക്ട്രിസിറ്റി ഓഫിസറെ വിളിച്ചപ്പോൾ കെ.എസ്.ഇ.ബി തിരുവനന്തപുരം അസി. എക്സിക്യൂട്ടിവ് എൻജിനീയർ സന്തോഷ് സുബ്രഹ്മണ്യൻ എന്ന് പരിചയപ്പെടുത്തിയ ആൾ ഇംഗ്ലീഷിലാണ് സംസാരിച്ചുതുടങ്ങിയത്. തൃശൂർ കോർപറേഷനാണ് വൈദ്യുതി വിതരണച്ചുമതലയെന്ന് പറഞ്ഞെങ്കിലും കോർപറേഷന് കെ.എസ്.ഇ.ബി നൽകുന്നതാണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചു. ഇപ്പോൾതന്നെ പണമടക്കാമെന്ന് പറഞ്ഞ് മൊബൈൽ ഷെയറിങ് ആപ്പായ ' ടീം വ്യൂവർ' ഇൻസ്റ്റാൾ ചെയ്യിച്ച് മൊബൈലിന്‍റെ നിയന്ത്രണം മറുവശത്തെ വ്യക്തി ഏറ്റെടുത്തു.
തുടർന്ന് മൊബൈൽ നമ്പറിൽ 20 രൂപക്ക് റീചാർജ് ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്ത ഉടൻ അക്കൗണ്ടിലുണ്ടായിരുന്ന പണം പിൻവലിക്കുകയുമായിരുന്നു.
20 രൂപയുടേതാണെന്ന് കരുതി ഒ.ടി.പി ഷെയർ ചെയ്തതോടെ കബളിപ്പിക്കൽ പൂർണമായി. അക്കൗണ്ടിൽ ആകെയുണ്ടായിരുന്ന 32,000 രൂപയിൽനിന്നാണ് 24,000 രൂപ പിൻവലിച്ചത്.
പണം പിൻവലിച്ച ഉടൻ മറ്റു വല്ല എ.ടി.എം കാർഡുണ്ടോയെന്ന് അന്വേഷിച്ചെങ്കിലും സംശയം തോന്നിയ യുവാവ് ടെലിഫോൺ സംഭാഷണം അവസാനിപ്പിക്കുകയായിരുന്നു.
കബളിപ്പിക്കപ്പെടരുത് -കെ.എസ്.ഇ.ബി
തൃശൂർ: കെ.എസ്.ഇ.ബി അയക്കുന്ന സന്ദേശങ്ങളിൽ 13 അക്ക കൺസ്യൂമർ നമ്പർ, അടക്കേണ്ട തുക, പണമടക്കാനുള്ള ലിങ്ക് തുടങ്ങിയ വിവരങ്ങൾ ഉൾപ്പെടുത്തിയിരിക്കും.
ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ഒ.ടി.പി തുടങ്ങിയവ ഒരു ഘട്ടത്തിലും ആവശ്യപ്പെടുന്നതല്ല.
ഇത്തരം വ്യാജ സന്ദേശങ്ങളോട് ഒരു കാരണവശാലും പ്രതികരിക്കരുതെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.