ഓൺലൈൻ തട്ടിപ്പ്: തുക തിരിച്ചു നൽകാമെന്ന പേരിലും കബളിപ്പിക്കൽ
text_fieldsപാലക്കാട്: ഓൺലൈൻ സാമ്പത്തിക തട്ടിപ്പിനിരയായവർക്ക് നഷ്ടമായ തുക പൂർണമായും തിരിച്ചുനൽകാമെന്ന പേരിൽ തട്ടിപ്പ് നടത്തുന്ന സംഘങ്ങൾക്കെതിരെ ജാഗ്രത പുലർത്താൻ പൊലീസ് നിർദേശം. ഓൾ ഇന്ത്യ ലീഗൽ സർവിസസ് അതോറിറ്റി എന്ന സംഘടനയുടെ പേരിൽ ഇത്തരം വാഗ്ദാനവുമായി തട്ടിപ്പിനിരയായവരെ സമീപിക്കുന്നത് ശ്രദ്ധയിൽപെട്ടതിനെത്തുടർന്നാണിത്.
ഇരയായവരെ തേടിയെത്തുന്ന വാട്സ്ആപ് കാളിലൂടെയോ ശബ്ദസന്ദേശത്തിലൂടെയോ ആണ് തട്ടിപ്പിന്റെ തുടക്കം. ഓൺലൈൻ തട്ടിപ്പിലൂടെ നഷ്ടപ്പെട്ട തുക മുഴുവനായും മടക്കിക്കിട്ടാൻ സഹായിക്കാമെന്നാണ് വാഗ്ദാനം. കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തിയ ശേഷം രജിസ്ട്രേഷനായി തുക ആവശ്യപ്പെടും.
ഈ തുകക്ക് ജി.എസ്.ടി ബിൽ നൽകുമെന്നും നഷ്ടമായ തുക 48 മണിക്കൂറിനുള്ളിൽ തിരികെ ലഭിക്കുമ്പോൾ രജിസ്ട്രേഷൻ തുകയും മടക്കിനൽകുമെന്നും വാഗ്ദാനം ചെയ്യുന്നു. ഓൺലൈൻ തട്ടിപ്പ് നടത്തുന്നവരിൽ നിന്നുതന്നെ വിവരങ്ങൾ ശേഖരിച്ചാണ് ഇവർ തട്ടിപ്പ് നടത്തുന്നത്.
ഓൺലൈൻ തട്ടിപ്പിനിരയായാൽ ഉടൻ 1930 എന്ന നമ്പറിൽ പൊലീസിനെ അറിയിക്കണം. ഒരു മണിക്കൂറിനകം വിവരമറിയിച്ചാൽ പണം തിരിച്ചുപിടിക്കാനുള്ള സാധ്യത കൂടുതലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.