ഓൺലൈൻ തട്ടിപ്പുകാരുടെ സ്വന്തം കേരളം
text_fieldsതിരുവനന്തപുരം: തിരുവനന്തപുരം റൂറലിൽ ഒരു വർഷത്തിനിടെ സൈബർതട്ടിപ്പിലൂടെ നഷ്ടമായത് 12,76,20,931 രൂപ. തട്ടിപ്പുകാരുടെ അക്കൗണ്ട് മരവിപ്പിച്ച് തിരിച്ചുപിടിക്കാനായതാകട്ടെ 1,32,18,142 രൂപ മാത്രവും. 6,28,576 രൂപ പരാതിക്കാർക്ക് തിരിച്ചുകൊടുത്തു. വിവിധ കേസുകളിലായി 17 പേരെ അറസ്റ്റ് ചെയ്തു. ആകെ രജിസ്റ്റർ ചെയ്ത 217 സൈബർ കേസുകളിൽ 190 എണ്ണത്തിലാണ് പണം നഷ്ടപ്പെട്ടതെന്ന് റൂറൽ എസ്.പി കിരൺ നാരായണൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
കഴിഞ്ഞ ഡിസംബർ മുതൽ മേയ് വരെയുള്ള ആറുമാസം കേരളത്തിൽനിന്ന് ഓൺലൈൻ തട്ടിപ്പുകാർ തട്ടിയത് 617.59 കോടിയാണ്. തിരിച്ചുപിടിക്കാനായത് 9.67 കോടി മാത്രം. 2023ൽ ഇങ്ങനെ കേരളത്തിൽനിന്ന് തട്ടിയത് 201 കോടി.
23,753 പരാതികൾ ലഭിച്ചു. ഷെയർമാർക്കറ്റ് തട്ടിപ്പുകളിൽ മാത്രം 3,394 പേർക്ക് 74 കോടി നഷ്ടപ്പെട്ടു. പാർസലിൽ മയക്കുമരുന്നുണ്ടെന്ന് വിഡിയോ കാൾ ചെയ്ത് ഭീഷണിപ്പെടുത്തി മുംബൈ പൊലീസിന്റെ സൈബർവിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥനെന്ന വ്യാജേനയും കോടികൾ തട്ടി. ഉത്തരേന്ത്യയും മറ്റ് രാജ്യങ്ങളും കേന്ദ്രീകരിച്ചുള്ള തട്ടിപ്പിൽ അന്വേഷണത്തിന് പരിമിതികളുണ്ടെന്നാണ് പൊലീസ് ഭാഷ്യം.
തിരുവനന്തപുരം റൂറലിൽ അരുവിക്കര പൊലീസ് സ്റ്റേഷൻപരിധിയിൽ 1,28,00,000 രൂപയും കടയ്ക്കാവൂർ സ്റ്റേഷൻപരിധിയിൽ 1,06,00,000 രൂപയും നഷ്ടപ്പെട്ടതാണ് ഇവയിൽ വലുത്. കൂടുതൽ തുക മടക്കിലഭിക്കും എന്ന് വിശ്വസിപ്പിച്ചാണ് ഇരുകേസുകളിലെയും തട്ടിപ്പ്. സമാനമായി 75 കേസുകൾ രജിസ്റ്റർ ചെയ്തു. 7,92,09,949 രൂപ നഷ്ടപ്പെട്ടു. വിലകൂടിയ സമ്മാനം ലഭിച്ചെന്ന് വിശ്വസിപ്പിച്ച് 1,57,03,444 രൂപയാണ് 19 കേസുകളിലായി തട്ടിയെടുത്തത്.
ക്രിപ്റ്റോ ഇടപാടിന്റെ പേരിൽ തട്ടിപ്പിൽ കുടുങ്ങി ഒരാൾക്ക് 41,67,000 രൂപ നഷ്ടപ്പെട്ടു. മറ്റ് സൈബർ കേസുകളിലായി 1,79,03,880 രൂപയും നഷ്ടപ്പെട്ടു.
ഐപി അഡ്രസിൽ കൃത്രിമം നടത്തി ടെലഗ്രാം, വാട്സ്ആപ് അക്കൗണ്ടുകൾ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തുന്നത്. ബാങ്ക് അക്കൗണ്ടുകൾ ഓൺലൈനായി കൈാര്യം ചെയ്യുന്നതും വ്യാജ ഐപിയിൽ നിന്നാണ്. ഇത്തരത്തിലുള്ള 72 അക്കൗണ്ടുകൾ കണ്ടെത്തി മരവിപ്പിക്കുന്നതിന് ബാങ്കുകൾക്ക് നിർദേശം നൽകിയതായും എസ്.പി പറഞ്ഞു.
തട്ടിപ്പുകൾ ഇങ്ങനെ:
വരുമാനം ഇരട്ടിപ്പിക്കൽ
വലിയ വരുമാനം ലഭിക്കുമെന്ന വ്യാജ പരസ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കും. ടെലഗ്രാം, വാട്സ് ആപ് ഗ്രൂപ്പുകളിൽ ഇരകളെ ചേർത്ത് ഇൻെവസ്റ്റ്മെന്റ് ആപ്പുകളിൽ തുക നിക്ഷേപിക്കാൻ പ്രേരിപ്പിക്കും.
ലാഭവിഹിതം ലഭിച്ചതായി വിശ്വസിപ്പിച്ച് കൂടുതൽ തുക നിക്ഷേപിക്കാനോ ലഭിച്ച തുക പിൻവലിക്കാൻ ഫീസോ ആവശ്യപ്പെട്ട് പണം തട്ടും.
സമ്മാനം ലഭിച്ചതായി തെറ്റിദ്ധരിപ്പിക്കൽ
വലിയസമ്മാനം ലഭിച്ചതായി തെറ്റിദ്ധരിപ്പിച്ച് കൊറിയർ ചാർജ്, നികുതി എന്നിങ്ങനെ പണം തട്ടും. കസ്റ്റംസിൽ നിന്നാെണന്ന് പറഞ്ഞും പണം കൈക്കലാക്കും. പാർസൽ വന്നിട്ടുണ്ടെന്നും അതിൽ മയക്കുമരുന്ന് കണ്ടെത്തിയതിനാൽ കേസ് ഒഴിവാക്കാൻ പണം വേണമെന്നും ആവശ്യപ്പെടും.
തൊഴിൽ തട്ടിപ്പ്
വിദേശത്ത് തൊഴിൽ വാഗ്ദാനം ചെയ്ത് വ്യാജ പരസ്യം നൽകും. ബന്ധപ്പെടുന്ന ഇരകളിൽനിന്ന് വിസ, വർക്ക് പെർമിറ്റ് തുടങ്ങിയ ആവശ്യങ്ങൾ പറഞ്ഞ് വലിയ തുക കൈക്കലാക്കും.
വിളിക്കാം 1930 ൽ
സൈബർ തട്ടിപ്പിൽപെട്ടാൽ ആദ്യത്തെ ഒരു മണിക്കൂർ നിർണായകമാണ്. 1930ൽ വിളിക്കാം. നാഷനൽ സൈബർ ക്രൈമിന്റെ സൈബർസെൽ എല്ലാ ജില്ലയിലും പ്രവർത്തിക്കുന്നുണ്ട്. കേന്ദ്രീകൃതസംവിധാനത്തിൽ ഉടനെ പരാതിപ്പെടുന്നതുവഴി തട്ടിപ്പുകാരുടെ അക്കൗണ്ട് മരവിപ്പിക്കാനും പണം തിരിച്ചുപിടിക്കാനും കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.