ഓൺലൈൻ വായ്പ തട്ടിപ്പ്: അഞ്ചംഗ മലയാളി സംഘം തിരുപ്പൂരിൽ അറസ്റ്റിൽ
text_fieldsചെന്നൈ: തിരുപ്പൂർ കേന്ദ്രമായി ഓൺലൈൻ ആപ് മുഖേന ചെറുകിട വായ്പകൾ നൽകി പണം തട്ടുന്ന അഞ്ചംഗ മലയാളി സംഘം അറസ്റ്റിൽ. കോഴിക്കോട് സ്വദേശികളായ മടവൂർ മുഹമ്മദ് അസ്കർ (24), മുഹമ്മദ് ഷാഫി (36), മലപ്പുറം സ്വദേശികളായ കോട്ടക്കൽ മുഹമ്മദ് സലിം (37), അനീഷ് മോൻ (33), അഷ്‌റഫ് (46) എന്നിവരാണ് പ്രതികൾ. ഇവരിൽനിന്ന് 500 സിം കാർഡുകൾ, 30ലധികം ഡെബിറ്റ് ക്രെഡിറ്റ് കാർഡുകൾ, 11 സിം കാർഡ് ബോക്‌സുകൾ, ആറ് മോഡം, മൂന്ന് ലാപ്‌ടോപ്പ്, യു.പി.എസ് ബാറ്ററി എന്നിവ പിടിച്ചെടുത്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി ജയിലിലടച്ചു.
തിരുപ്പൂർ കാദർപേട്ട പി.എൻ റോഡ് പുഷ്പ ജങ്ഷന് സമീപം മുറിയെടുത്ത് കോൾ സെന്‍റർ സ്ഥാപിച്ചാണ് സംഘം ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നത്. തിരുപ്പൂർ പോങ്കുപാളയം സ്വദേശിനിക്ക് ഡിസംബർ 15ന് മൊബൈൽ ഫോൺ ആപ് വഴി 3000 രൂപ വായ്പ ലഭിച്ചു. അത് തിരിച്ചടച്ച ശേഷം അധിക വായ്പക്ക് അർഹതയുണ്ടെന്ന് സന്ദേശം ലഭിച്ചതിന് പിന്നാലെ 15,000 രൂപകൂടി വായ്പ കിട്ടി.
പിന്നീട് കാലയളവ് അവസാനിക്കുന്നതിനുമുമ്പ് പണം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് യുവതിക്ക് സന്ദേശം ലഭിച്ചു. പണമടക്കാത്തപക്ഷം യുവതി വായ്പ അപേക്ഷക്കൊപ്പം നൽകിയ ഫോട്ടോകൾ മോർഫ് ചെയ്ത് അശ്ലീലചിത്രങ്ങൾ ഇന്‍റർനെറ്റിലും ബന്ധുക്കൾക്കും അയക്കുമെന്ന് ഭീഷണിപ്പെടുത്തി. ഇതോടെ യുവതി തിരുപ്പൂർ ജില്ലാ സൈബർ ക്രൈം പൊലീസിൽ പരാതി നൽകുകയായിരുന്നു.
തമിഴ്‌നാട്ടിൽ മാത്രമല്ല ഇന്ത്യയൊട്ടാകെ ഇത്തരത്തിൽ 200 പേരുടെ അശ്ലീലചിത്രങ്ങൾ മോർഫ് ചെയ്‌ത് പ്രസിദ്ധീകരിച്ച് ഈ സംഘം പണം തട്ടിയതായും പൊലീസ് അറിയിച്ചു. വിദേശ ആപ് കമ്പനികളിൽനിന്ന് പ്രതിമാസം നാലുലക്ഷം രൂപവരെ സംഘത്തിന് കമീഷൻ ലഭ്യമായിരുന്നതായും അറിവായിട്ടുണ്ട്. സംഘത്തിന് നേതൃത്വം നൽകിയിരുന്ന മലയാളിയായ പ്രതി ഒളിവിലാണ്. ഇയാളെ പൊലീസ് തേടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.