കോടതി അനുമതിയോടെ 'ഓൺലൈൻ' വിവാഹം; വരൻ ന്യൂസിലൻഡിലും വധു കേരളത്തിലും
text_fieldsചെങ്ങന്നൂർ: താലികെട്ടൽ ചടങ്ങും വരണമാല്യങ്ങളണിയലും കൊട്ടും കുരവയും സദ്യവട്ടങ്ങളും ഉൾെപ്പടെയില്ലാതെ ഓൺലൈൻ മംഗല്യത്തിലൂടെ ന്യൂസിലൻഡിലും കേരളത്തിലുമുള്ള വധൂവരന്മാർ ദമ്പതിമാരായി. വധു കേരളത്തിലും വരന് ന്യൂസിലൻഡിലുമായിരുന്നു.
ന്യൂസിലൻഡിൽ ജോലി ചെയ്യുന്ന പാലക്കാട് ഷൊർണൂര്‍ കവളപ്പാറ ഉത്സവില്‍ റിട്ട. കനറാ ബാങ്ക് ഉദ്യോഗസ്ഥന് രാജവത്സലൻ -ഉഷ ദമ്പതികളുടെ മകൻ വൈശാഖും ചെങ്ങന്നൂർ മുളക്കുഴ കാരയ്ക്കാട് കോട്ട അമ്പാടിയില്‍ വീട്ടിൽ ലക്ഷ്മണന് നായർ -എം.ജെ. ശ്രീലത ദമ്പതികളുടെ മകള്‍ ഡോ. ലിനു ലക്ഷ്മിയും തമ്മിലായിരുന്നു വേറിട്ട വിവാഹം.
കഴിഞ്ഞ മാര്‍ച്ച് 20നായിരുന്നു ഇവരുടെ വിവാഹ നിശ്ചയം. ഇതിനുശേഷം ജോലി സംബന്ധമായി വൈശാഖിന് തിരിച്ച് ന്യൂസിലൻഡിലേക്ക് പോകേണ്ടി വന്നു. പിന്നീടുണ്ടായ കോവിഡ് യാത്രവിലക്ക് മൂലം നിശ്ചയിച്ച സമയത്ത് വരന് നാട്ടിലെത്താന്‍ സാധിച്ചില്ല. ഇതിനാല്‍ വധുവിെൻറ വീട്ടുകാര്‍ ഹൈകോടതിയെ സമീപിച്ച് ഓണ്‍ലൈൻ വിവാഹത്തിന് അനുമതി സമ്പാദിക്കുകയായിരുന്നു.
ആലപ്പുഴ ജില്ല രജിസ്ട്രാർ അജിത് സാം ജോസഫ്, ചെങ്ങന്നൂര്‍ സബ് രജിസ്ട്രാര്‍ ഇന്‍ചാര്‍ജ് സുരേഷ് കുമാര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ വിഡിയോ കോണ്‍ഫറന്‍സ് വഴി വിവാഹ നടപടികള്‍ പൂര്‍ത്തിയാക്കി. വിവാഹ രജിസ്റ്ററില്‍ വധു ലിനുവും വരനുവേണ്ടി പിതാവ് രാജവത്സലനും ഒപ്പുെവച്ചു. ഇതിന് ന്യൂസിലൻഡ് എംബസിയുടെ സത്യവാങ്മൂലവും ഹാജരാക്കിയിരുന്നു. ന്യൂസിലൻഡില്‍ ക്രൈസ്റ്റ് ചര്‍ച്ചില്‍ പ്രൊസസിങ് എന്‍ജിനീയറാണ് വൈശാഖ്. എറണാകുളം പാലാരിവട്ടം റിനൈ മെഡിസിറ്റിയില്‍ ക്ലിനിക്കല്‍ ഫാർമസിസ്റ്റാണ് ഡോ. ലിനു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.