ചെക്പോസ്റ്റുകൾ കറൻസി രഹിതം; കൈമടക്കിന് കൈവിലങ്ങ്
text_fieldsതിരുവനന്തപുരം: മോട്ടോർ വാഹനവകുപ്പ് ചെക്പോസ്റ്റുകൾ കറൻസി രഹിത ഓൺലൈൻ ഇടപാടിലേക്ക് മാറിയതോടെ അഴിമതിക്കും കൈമടക്കിനും കടിഞ്ഞാൻ വീഴുമെന്ന് പ്രതീക്ഷ. 19 ചെക്പോസ്റ്റിലും വാഹൻ സോഫ്റ്റ്വെയറിൽ ഓൺലൈൻ മൊഡ്യൂൾ ഏർപ്പെടുത്തിക്കഴിഞ്ഞു. ഇതോടെ സംസ്ഥാനത്തിന് അകത്തേക്കും പുറത്തേക്കും കടക്കുന്ന ടാക്സി വാഹനങ്ങളുടെ പെര്‍മിറ്റ് വിതരണം പൂര്‍ണമായും ഓണ്‍ലൈനായി മാറി. ഓണ്‍ലൈനില്‍ പണമടച്ച് വാഹന ഉടമകള്‍ക്ക് മുന്‍കൂട്ടി പെര്‍മിറ്റ് എടുക്കാം.
ചെക്പോസ്റ്റില്‍ കാത്തുകിടന്ന് പെര്‍മിറ്റ് എടുക്കേണ്ടതില്ല. ചെക്പോസ്റ്റുകളിലെ പെര്‍മിറ്റ് വിതരണവും പണമിടപാടുകളുമാണ് കൈക്കൂലിക്കും ക്രമക്കേടിനും വഴിതെളിച്ചിരുന്നത്.
വാഹന ഉടമകളെ സംബന്ധിച്ചിടത്തോളം ഏറെ പ്രയോജനകരമാണ് പുതിയ സംവിധാനം. പെര്‍മിറ്റിനുവേണ്ടി ചരക്ക് ലോറികള്‍ ചെക്പോസ്റ്റുകളില്‍ കാത്തുകിടക്കുന്നത് ഗതാഗതക്കുരുക്കിനും അപകടങ്ങള്‍ക്കും ഇടയാക്കിയിരുന്നു. വ്യാജ പെര്‍മിറ്റ് പൂര്‍ണമായും തടയാനാകുമെന്നതാണ് മറ്റൊന്ന്. പെര്‍മിറ്റുകള്‍ എവിടെവെച്ചും ഓണ്‍ലൈനില്‍ പരിശോധിക്കാനാകും. സംസ്ഥാനത്തേക്ക് പോകുന്നതും വരുന്നതുമായ വാഹനങ്ങളുടെ വിവരങ്ങള്‍ ഇതോടെ ഓണ്‍ലൈനില്‍ ശേഖരിക്കാനും വിലയിരുത്താനുമാകും. ചരക്ക് സേവനനികുതി നടപ്പാക്കിയ സാഹചര്യത്തില്‍ മോട്ടോര്‍ വാഹന ചെക്പോസ്റ്റുകള്‍ നിര്‍ത്താന്‍ കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം നിര്‍ദേശിച്ചിരുന്നു. എന്നാല്‍, നികുതി നഷ്ടം ഭയന്ന് സംസ്ഥാനം നടപ്പാക്കിയില്ല.
അഴിമതിക്ക് വഴിയൊരുക്കിയിരുന്ന മോട്ടോര്‍ വാഹനവകുപ്പ് ചെക്പോസ്റ്റുകള്‍ എന്നും വിജിലന്‍സിന്റെ നോട്ടപ്പുള്ളികളായിരുന്നു. സര്‍ക്കാര്‍ പല പദ്ധതികള്‍ ആവിഷ്കരിച്ചെങ്കിലും ചെക്പോസ്റ്റുകള്‍ അഴിമതി മുക്തമാക്കാന്‍ കഴിഞ്ഞിരുന്നില്ല. പണമിടപാട് ഒഴിവാക്കാന്‍ വിജിലന്‍സും ശിപാര്‍ശ നല്‍കിയിരുന്നു. കൈക്കൂലിക്കുവേണ്ടി ചെക്പോസ്റ്റുകളിലേക്ക് മാറ്റം വാങ്ങുന്ന ഉദ്യോഗസ്ഥരുമുണ്ടായിരുന്നു. ഓൺലൈൻ പെർമിറ്റ് സംവിധാനം നേരത്തേ തുടങ്ങിയിരുന്നെങ്കിലും പഴയ സംവിധാനവുമുണ്ടായിരുന്നതിനാൽ കൂടുതൽ പേരും ഇതാണ് ആശ്രയിച്ചിരുന്നത്. ഇനി ചെക്പോസ്റ്റിൽനിന്ന് പെർമിറ്റ് വാങ്ങൽ നടക്കില്ല. വാഹനിലെ ചെക്പോസ്റ്റ് മൊഡ്യൂളിൽനിന്ന് പെർമിറ്റ് ഓൺലൈനായി എടുക്കണം. 24 മണിക്കൂറും ഓൺലൈൻ സേവനം ലഭ്യമാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.