മരുന്ന് ലഭ്യത വിലയിരുത്താൻ ഓൺലൈൻ മോണിറ്ററിങ് സംവിധാനം
text_fieldsതിരുവനന്തപുരം: മരുന്നുകളുടെ ശേഖരണവും വിതരണവും ലഭ്യതയുമടക്കം ഉറപ്പുവരുത്താൻ ആശുപത്രികളിലും ജില്ലകളിലും സംസ്ഥാനതലത്തിലും ഓൺലൈൻ മോണിറ്ററിങ് സംവിധാനം ഏർപ്പെടുത്തുന്നു. മരുന്ന് ആവശ്യകതയും വിതരണവും ഉറപ്പാക്കാന്‍ സംഘടിപ്പിച്ച പരിശീലന ശില്പശാല ഉദ്ഘാടനം ചെയ്യവെയാണ് ആരോഗ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
മരുന്ന് സംഭരണത്തിനും വിതരണത്തിനും ശാസ്ത്രീയ സംവിധാനം ഉണ്ടാക്കും. മരുന്ന് ലഭ്യത ഉറപ്പാക്കാന്‍ കേരള മെഡിക്കൽ സർവിസസ് കോർപറേഷന്റെ (കെ.എം.എസ്.സി.എൽ) ഓണ്‍ലൈന്‍ സംവിധാനം ജീവനക്കാര്‍ ഉപയോഗപ്പെടുത്തും. പ്രത്യേക സോഫ്റ്റ് വെയറിലൂടെ മരുന്നുകളുടെ തത്സമയ ഡേറ്റ ലഭ്യമാകും. എല്ലാ ആശുപത്രികളും കൃത്യമായി അതത് ദിവസംതന്നെ മരുന്നുകളുടെ വിതരണം സംബന്ധിച്ച ഡേറ്റ അപ്ഡേറ്റ് ചെയ്യണം. ഇതിലൂടെ ആശുപത്രിയിലെ മരുന്ന് സ്റ്റോക്ക് അറിയാനും കുറയുന്നതനുസരിച്ച് വിതരണം ചെയ്യാനും സാധിക്കും.
ഓരോ ആശുപത്രിയും കൃത്യമായ അവലോകനം നടത്തി വേണം ഇന്‍ഡന്റ് തയാറാക്കാൻ. സമയബന്ധിതമായി ഇക്കാര്യം കെ.എം.എസ്.സി.എല്ലിനെ അറിയിക്കണം. ഏതൊരു മരുന്നിന്റെയും നിശ്ചിത ശതമാനം കുറവ് വരുമ്പോള്‍ ആശയവിനിമയം നടത്തണം. മരുന്നുകള്‍ കൃത്യമായി വിതരണം ചെയ്യാനും നിര്‍ദേശം നല്കി. ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിലും മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റിലും ഏകോപനത്തിനായി ഒരാള്‍ക്ക് ചുമതല നല്‍കുമെന്നും മന്ത്രി പറഞ്ഞു.
ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍, എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന് ഡയറക്ടര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍, കെ.എം.എസ്.സി.എല്‍ എം.ഡി ചിത്ര, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. പി.പി. പ്രീത, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. തോമസ് മാത്യു എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.