ഓൺലൈൻ ഒ.പി ടിക്കറ്റ് പാളി: പ്രശ്നം പഠിക്കാൻ സമിതി നിശ്ചയിച്ച് സർക്കാർ
text_fieldsതിരുവനന്തപുരം: ആശുപത്രികളിലെ ഓൺലൈൻ ഒ.പി ടിക്കറ്റ് ബുക്കിങ് സംവിധാനം ലക്ഷ്യം കാണാത്ത സാഹചര്യത്തിൽ പോരായ്മകൾ പരിശോധിക്കുന്നതിനും ഓൺലൈൻ രജിസ്ട്രേഷൻ കാര്യക്ഷമമാക്കുന്നതിനുമായി സർക്കാർ പഠനസമിതിയെ നിയോഗിച്ചു. ആശുപത്രികളിൽ വരിനിൽക്കാതെ ഇ-ഹെൽത്ത് വഴി വീട്ടിലിരുന്ന് ഒ.പി ടിക്കറ്റെടുക്കാമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നെങ്കിലും ഓൺലൈൻ സംവിധാനത്തിലെ സാങ്കേതിക പ്രശ്നങ്ങൾ മുതൽ റഫറൽ സൗകര്യം ലഭ്യമല്ലാത്തതും സമയ സ്ലോട്ടുകൾ പെട്ടെന്ന് അപ്രത്യക്ഷമാകുന്നതും ബുക്കിങ് നടക്കാത്തതുമടക്കം നിരവധി പോരായ്മകളാണ് നിലനിൽക്കുന്നത്. ഇതിനുള്ള പരിഹാരം കാണുന്നതിനുള്ള ശിപാർശകൾക്കായാണ് നാലംഗ സമിതിയെ നിയോഗിച്ചത്. 60 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണം. ഓൺലൈൻ അപ്പോയിൻമെന്റിലെ നടപടി ക്രമങ്ങൾ എന്തെല്ലാമെന്നതും കമ്മിറ്റി നിശ്ചയിക്കും.
നിലവിൽ ഇ-ഹെൽത്ത് പോർട്ടൽ വഴിയാണ് ഓൺലൈൻ അപ്പോയിൻമെന്റ് സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്. മെഡിക്കൽ കോളജുകളിൽ ഒ.പി ടിക്കറ്റ് കിട്ടണമെങ്കിൽ പോർട്ടലിൽ റഫറൽ ഓപ്ഷൻ നൽകണം. ‘എന്നാൽ ഇത് സെലക്ട് ചെയ്യാനും റഫറൽ ലെറ്ററും മറ്റ് രേഖകളും അപ്ലോഡ് ചെയ്യാനുള്ള സൗകര്യം നിലവിലില്ല. ഇതോടെ റഫർ ചെയ്യാത്തവരും ഈ ഓപ്ഷൻ തെരഞ്ഞെടുത്ത് മെഡിക്കൽ കോളജുകളിലേക്ക് എത്തുന്ന സ്ഥിതിയുണ്ട്. അപ്പോയിൻമെന്റ് എടുക്കാൻ ശ്രമിക്കുമ്പോഴെല്ലാം നിരന്തരം ‘‘കുറച്ച് സമയത്തിന് ശേഷം ശ്രമിക്കൂ’’ എന്ന സന്ദേശം ലഭിക്കുന്നതാണ് മറ്റൊരു പ്രശ്നം. പോർട്ടലിനുള്ളിലേക്ക് കടക്കാനോ ആശുപത്രികൾ തെരഞ്ഞെടുക്കാനോ ഇതുമൂലം കഴിയാറില്ല.
ഒ.പി ടിക്കറ്റ് നിരക്കുകൾ പരിഷ്കരിക്കുന്നു
തിരുവനന്തപുരം: സംസ്ഥാനത്തെ ആശുപത്രി സേവനങ്ങൾക്ക് നിശ്ചയിച്ച നിരക്കുകൾ പരിഷ്കരിക്കുന്നത് സംബന്ധിച്ച് പഠിക്കാൻ സമിതിയെ നിശ്ചയിച്ച് സർക്കാർ. ഒ.പി ടിക്കറ്റ് നിരക്കാണ് പ്രധാനമായും ഏകീകരിക്കുക. നിലവിൽ പല സർക്കാർ ആശുപത്രികളിലും മെഡിക്കൽ കോളജുകളിലും വ്യത്യസ്ത രീതിയിലാണ് ഒ.പി ടിക്കറ്റിന് ഫീസീടാക്കുന്നത്. ചിലയിടങ്ങളിലാകട്ടെ സൗജന്യവും.
നിരക്ക് ഏകീകരിക്കലാണ് ലക്ഷ്യമെങ്കിലും വർധനക്ക് ആലോചനയുണ്ടോ എന്നത് വ്യക്തമല്ല. ഇതിനുപുറെമ ഒ.പി ടിക്കറ്റിനും മറ്റ് ആശുപത്രി സേവനങ്ങൾക്കുമുള്ള നിരക്കിൽനിന്ന് ഏതെല്ലാം വിഭാഗങ്ങളെ ഒഴിവാക്കണമെന്നതും കമ്മിറ്റിയുടെ പരിഗണന വിഷയമാണ്. സൂപ്പർ സ്പെഷാലിറ്റി സേവനങ്ങൾക്കുള്ള നിരക്ക് നിശ്ചയിക്കൽ, ഓൺലൈൻ പേമെന്റ് വഴി സമാഹരിക്കുന്ന പണത്തിന്റെ കൈകാര്യം തുടങ്ങിയവയും സമിതിയുടെ പരിഗണനയിലുണ്ട്. ഫാർമസി സ്റ്റോക്ക് ഇ-ഹെൽത്തിൽ ഉൾപ്പെടുത്തലാണ് ആലോചനയിലുള്ള മറ്റൊരു കാര്യം. ഇതോടെ സ്റ്റോക്കുള്ള മരുന്ന് മനസ്സിലാക്കി ഡോക്ടർമാർക്ക് കുറിപ്പടി നൽകാനാകും. എക്സ്റേയും സ്കാനുമടക്കമുള്ള റിപ്പോർട്ടുകൾ ഓൺലൈനായി കൈമാറുന്നതിന് റേഡിയോളജി ഇൻഫർമേഷൻ സിസ്റ്റമൊരുക്കലും പരിഗണനയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.