വർഗീയവിദ്വേഷം പടർത്തി വിഡിയോ; ചാണക്യ ന്യൂസ് റിപ്പോർട്ടർ അറസ്റ്റിൽ
text_fieldsപെരിന്തൽമണ്ണ: വർഗീയവിദ്വേഷം പടർത്തിയും സമുദായികസൗഹാർദം തകർക്കുന്ന വിധത്തിലും യൂട്യൂബ് ചാനൽ വഴി പ്രചാരണം നടത്തിയ കൊച്ചി ചാണക്യ ന്യൂസ് റിപ്പോർട്ടറെ അറസ്റ്റ് ചെയ്തു.
യൂട്യൂബർ കൂടിയായ പൂക്കോട്ടുംപാടം അഞ്ചാംമൈൽ സ്വദേശി വേനാനിക്കോട് വീട്ടിൽ ബൈജുവിനെയാണ് (44) പെരിന്തൽമണ്ണ പൊലീസ് പിടികൂടിയത്. പെരിന്തൽമണ്ണ മനഴി ബസ് സ്റ്റാൻഡിനടുത്തുള്ള ആര്യാസ് ഹോട്ടലിനും ഉടമ അബ്ദുറഹ്മാനുമെതിരെ വിദ്വേഷ പ്രചാരണം നടത്തിയ കേസിലാണ് നടപടി. പെരിന്തൽമണ്ണ സ്വദേശിയായ അബ്ദുറഹ്മാൻ ‘ആര്യാസ്’ എന്ന പേരിൽ വെജിറ്റേറിയൻ ഹോട്ടൽ നടത്തുന്നതും ഹോട്ടൽ മാനേജറുടെ മേശപ്പുറത്ത് ഗണപതിവിഗ്രഹത്തിന് സമാനമായ പ്രതിമ കണ്ടെത്തിയതുമാണ് ബൈജു വർഗീയവിദ്വേഷ പ്രചാരണത്തിനുള്ള വിഷയമാക്കിയത്.
മതസാഹോദര്യം തകർക്കണമെന്ന ഉദ്ദേശ്യത്തോടെ വർഗീയ വിദ്വേഷപ്രചാരണം നടത്തിയതിന് ഇയാൾക്കെതിരെ ഐ.പി.സി 153 എ (ഒന്ന്) പ്രകാരം കേസെടുക്കുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു.
ജില്ല പൊലീസ് മേധാവിയുടെ നിർദേശപ്രകാരമായിരുന്നു അറസ്റ്റ്. വർഗീയ വിദ്വേഷ പ്രചാരണം നടത്തുക, പൊതുസ്ഥലത്ത് മദ്യപിക്കൽ, റോഡിൽ ഗതാഗതതടസ്സം സൃഷ്ടിക്കൽ, പലിശക്ക് പണം കൊടുക്കുക, പട്ടികജാതി വിഭാഗക്കാർക്ക് നേരെയുള്ള അതിക്രമം, മാനഭംഗം തുടങ്ങിയ വിവിധ കുറ്റകൃത്യങ്ങൾക്ക് ഇയാൾക്കെതിരെ പൂക്കോട്ടുംപാടം, കാടാമ്പുഴ, കോഴിക്കോട് മെഡിക്കൽ കോളജ് തുടങ്ങിയ പൊലീസ് സ്റ്റേഷനുകളിൽ കേസുണ്ട്. പൂക്കോട്ടുംപാടം സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽപെട്ടയാളുമാണ്.
സംഭവത്തിൽ ഹോട്ടൽ ഉടമ ഡി.ജി.പിക്കും വ്യാപാരി വ്യവസായി സമിതി പെരിന്തൽമണ്ണ ഡിവൈ.എസ്.പിക്കും പരാതി നൽകിയിരുന്നു. നടപടിയാവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് കമ്മിറ്റിയും രംഗത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.