ഒാൺലൈൻ റേഷൻ കാർഡ് ഒരു മാസത്തിനകം
text_fieldsതിരുവനന്തപുരം: റേഷൻ കാർഡ് അപേക്ഷ ഒാൺലൈൻ വഴി സമർപ്പിക്കാൻ റേഷൻ കാർഡ് മാനേജ്മെൻറ് സിസ്റ്റം (ആർ.സി.എം.എസ്.ഇ) തുടങ്ങി. തിരുവനന്തപുരം നോർത്ത്, ചിറയിൻകീഴ് താലൂക്കുകളിൽ പൈലറ്റ് പ്രോജക്ട് ആയാണ് പദ്ധതി ആരംഭിച്ചത്. ഒരുമാസത്തിനകം സംസ്ഥാനം മുഴുവന്‍ നടപ്പാക്കുമെന്ന് മന്ത്രി പി. തിലോത്തമൻ പറഞ്ഞു.
ഈ സംവിധാനമുപയോഗിച്ച് റേഷൻ കാര്‍ഡ് സംബന്ധിച്ച ഏത് ആവശ്യത്തിനും ഒാൺലൈനായി അപേക്ഷിക്കാം. കുടുംബ കാര്‍ഡില്‍നിന്ന് മാറി പുതിയ കാര്‍ഡ് എടുക്കുന്നതിന് ഇനി ഉടമയുടെ അനുമതി വേണ്ട. ഇതുവരെ ലഭിച്ച അഞ്ചരലക്ഷം അപേക്ഷ 45 ദിവസത്തിനകം തീര്‍പ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. അക്ഷയ സെൻററുകൾക്കുള്ള പാസ്വേഡും ഐഡിയും ഐ.ടി സെക്രട്ടറി എം. ശിവശങ്കറിന് നല്‍കിയാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്. നാഷനല്‍ ഇൻഫര്‍മാറ്റിക് സെൻറര്‍ വികസിപ്പിച്ച മൊബൈല്‍ ആപ് ‘എെൻറ റേഷന്‍ കാര്‍ഡ്’ മന്ത്രി പ്രകാശനം ചെയ്തു.
അപേക്ഷിക്കേണ്ടത് ഇങ്ങനെ: civilsupplieskerala.gov.in വെബ്സൈറ്റിലൂടെ താലൂക്ക് സപ്ലൈ ഓഫിസ് വഴിയും അക്ഷയ വഴിയും വ്യക്തികൾക്ക് നേരിട്ടും റേഷന്‍കാര്‍ഡ് മാനേജ്മെൻറ് സംവിധാനത്തില്‍ (ആർ.സി.എം.എസ്) പ്രവേശിക്കാം. അപേക്ഷ നടപടി പൂര്‍ത്തിയായശേഷം അപേക്ഷകര്‍ക്ക് മൊബൈല്‍ ഫോണില്‍ സന്ദേശം ലഭിക്കും. അതനുസരിച്ച് റേഷൻ കാര്‍ഡ് കൈപ്പറ്റാം. പുതിയ കാര്‍ഡിന് അപേക്ഷിക്കാന്‍ 50 രൂപയും മറ്റ് സേവനങ്ങള്‍ക്ക് 35 രൂപയുമാണ് അക്ഷയ സെൻററുകള്‍ ഈടാക്കുക. പുതിയ റേഷന്‍ കാര്‍ഡിന് അപേക്ഷിക്കുക, അംഗങ്ങളെ മറ്റൊരു താലൂക്കിലേക്ക് മാറ്റുക, കാര്‍ഡ് സറണ്ടര്‍ ചെയ്യുക, ഉടമസ്ഥാവകാശം, വിലാസം എന്നിവ മാറ്റുക, റേഷന്‍കട മാറ്റുക, ഡ്യൂപ്ലിക്കേറ്റ് റേഷന്‍ കാര്‍ഡ് നേടുക, പേര് തിരുത്തുക, അംഗങ്ങളെ ഒഴിവാക്കുക, കൂട്ടിച്ചേര്‍ക്കുക എന്നിവക്ക് 35 രൂപയാണ് ഫീസ്.
അക്ഷയകേന്ദ്രങ്ങള്‍ക്ക് പുറമെ സ്വന്തമായി ഇൻറര്‍നെറ്റ് സൗകര്യമുള്ളവർക്ക് ഓണ്‍ലൈനിലൂടെ അപേക്ഷിക്കാം. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ ‘Ente ration card’ എന്ന പേരില്‍ ഡൗണ്‍ലോഡ് ചെയ്യാവുന്ന പുതിയ ആപ് വഴി റേഷന്‍ കാര്‍ഡിലെ വിവരം, അപേക്ഷയുടെ തല്‍സ്ഥിതി എന്നിവ അറിയാം. മൊബൈല്‍ ആപ് വഴിയും ഭാവിയില്‍ അപേക്ഷിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.