വസ്തു കൈമാറ്റ രജിസ്ട്രേഷന് ഫീസ് ഇനി ഓണ്‍ലൈന്‍ വഴിമാത്രം
text_fieldsതിരുവനന്തപുരം: വസ്തു കൈമാറ്റ രജിസ്ട്രേഷന് ഫീസ് ഇനി ഓണ്‍ ലൈന്‍ വഴിമാത്രം. വസ്തു കൈമാറ്റം ചെയ്യുന്നവര്‍ക്ക് നെറ്റ് ബാങ്കിങ് സംവിധാനം ഇല്ളെങ്കില്‍ രജിസ്ട്രേഷന്‍ ഫീസ് ട്രഷറിയില്‍ അടച്ച് ചെലാനുമായി സബ് രജിസ്ട്രാര്‍ ഓഫിസില്‍ എത്തിയാലേ രജിസ്ട്രേഷന്‍ നടക്കൂ.
തലസ്ഥാന ജില്ലയിലെ ശാസ്തമംഗലം, തിരുവനന്തപുരം, നേമം, ചാല, പട്ടം, തിരുവല്ലം എന്നിവിടങ്ങളില്‍ വ്യാഴാഴ്ച തുടങ്ങുന്ന ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ഈമാസംതന്നെ സംസ്ഥാനത്തെ 314 സബ് രജിസ്ട്രാര്‍ ഓഫിസിലും വ്യാപിപ്പിക്കും. സബ് രജിസ്ട്രാര്‍ ഓഫിസുകളില്‍ രജിസ്ട്രാറുടെ മേശപ്പുറത്തെ പണപ്പെട്ടി ഇല്ലാതാക്കാന്‍ നടപ്പാക്കുന്ന പദ്ധതി രജിസ്ട്രേഷന് എത്തുന്നവരെ ഏറെ വലക്കുമെന്ന് ചൂണ്ടിക്കാണിക്കുന്നു.
കൈമാറ്റം ചെയ്യുന്ന വസ്തുവിവരങ്ങള്‍ മുദ്രപ്പത്രത്തില്‍ എഴുതി ഓണ്‍ലൈന്‍ ടോക്കണ്‍ എടുത്തശേഷം സബ് രജിസ്ട്രാര്‍ ഓഫിസില്‍ രജിസ്റ്ററിങ് ഉദ്യോഗസ്ഥന്‍ പരിശോധിച്ചശേഷം ഫീസ് ഈടാക്കി രജിസ്ട്രേഷന്‍ നടപടി പൂര്‍ത്തീകരിക്കുന്നതാണ് നിലവിലെ രീതി. എന്നാല്‍, ഇനിമുതല്‍ ഫീസ് ഓണ്‍ലൈന്‍വഴി അടച്ചശേഷം, ഓണ്‍ലൈന്‍വഴി ആധാരം രജിസ്റ്റര്‍ ചെയ്ത് ടോക്കണ്‍ എടുത്ത് വീണ്ടും സബ് രജിസ്ട്രാര്‍ ഓഫിസില്‍ എത്തി വേണം രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാന്‍. ഓണ്‍ലൈന്‍വഴി പണമടക്കാന്‍ സാധിച്ചില്ളെങ്കില്‍ ട്രഷറിയില്‍ പോയി പണം അടച്ച് അതിന്‍െറ ചെലാനുമായി എത്തിയാലേ രജിസ്ട്രേഷന്‍ നടക്കൂ. ഫീസില്‍ വ്യത്യാസം നേരിട്ടാല്‍ വീണ്ടും ട്രഷറിയില്‍ പണം അടച്ച് വീണ്ടും ടോക്കണ്‍ രജിസ്റ്റര്‍ ചെയ്യുകയും വേണം.
ഒരുവര്‍ഷത്തിലേറെയായി സബ് രജിസ്ട്രാര്‍ ഓഫിസുകളില്‍ ബാധ്യത സര്‍ട്ടിഫിക്കറ്റ്, ആധാരങ്ങളുടെ പകര്‍പ്പ്, പ്രത്യേക വിവാഹം എന്നിവക്കുള്ള ഫീസ് നേരിട്ടും ഓണ്‍ലൈന്‍ വഴിയും സ്വീകരിച്ചിരുന്നു. നഗരങ്ങളില്‍പോലും 10 മുതല്‍ 15 ശതമാനം പേരാണ് ഓണ്‍ലൈന്‍വഴി പണം കൈമാറുന്നത്. ഓണ്‍ലൈന്‍വഴി അപേക്ഷ നല്‍കിയശേഷം സബ് രജിസ്ട്രാര്‍ ഓഫിസുകളില്‍ എത്തിയാണ് ബാധ്യത സര്‍ട്ടിഫിക്കറ്റിനുള്ള 110 രൂപപോലും അടക്കുന്നത്. വസ്തു കൈമാറ്റ രജിസ്ട്രേഷന് പ്രതിദിനം 100 മുതല്‍ കോടിയിലേറെയാണ് സബ്രജിസ്ട്രാര്‍ ഓഫിസുകളില്‍ എത്തുന്നത്. ഇത്തരത്തിലെ ഫീസ് പണമായും ഡിമാന്‍ഡ് ഡ്രാഫ്റ്റായുമാണ് നിലവില്‍ സ്വീകരിക്കുന്നത്. ഇത് ഓണ്‍ലൈന്‍വഴിയോ ട്രഷറിയിലോ അടക്കണമെന്ന വ്യവസ്ഥ രജിസ്ട്രേഷനെ സങ്കീര്‍ണമാക്കുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്.
മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒരു കമ്പ്യൂട്ടര്‍ മാത്രമുള്ള സബ്രജിസ്ട്രാര്‍ ഓഫിസുകളുമുണ്ട്. ആധാരങ്ങളുടെ രജിസ്ട്രേഷന്‍, സര്‍ട്ടിഫിക്കറ്റുകളുടെ പരിശോധന ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഇതിലാണ് നിറവേറ്റുന്നത്. അതിനുപുറമെയാണ് പുതിയ സംവിധാനങ്ങള്‍കൂടി വരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.