ഓൺലൈനിൽ കളിച്ച് കളിച്ച് ജീവിതത്തിെൻറ ശീട്ടുകീറുന്നവർ
text_fieldsശീട്ടുകളിച്ച് കോടീശ്വരന്മാരായവർ ആരെങ്കിലുമുണ്ടോ? ഇല്ലെന്നാണ് അറിവ്. പക്ഷെ കിടപ്പാടം പോയവരും ജീവിതം അവതാളത്തിലായവരും ഏറെയുണ്ട്. കാട്ടിലും പറമ്പിലും ഇരുന്ന് കളിച്ച ശീട്ടുകളി കാലം മാറിയപ്പോൾ ഓൺലൈനിലായി. ശീട്ട് വേണ്ട, പൊലീസ് പേടി വേണ്ട. ഒരു ഫോൺ മാത്രം മതി. സൗകര്യം ഇത്ര കൂടിയിട്ടും കളിച്ചു കോടീശ്വരരായവർ ഇന്നുമില്ല. റമ്മി കളിച്ചും നമ്പറിലും നിറത്തിലും പന്തയം വെച്ചും കാശുപോയി കണ്ണീരും കൈയുമായി കഴിയുന്നവരും ജീവനൊടുക്കിയവരും വർധിക്കുന്നു. ലാഭവും മിച്ചവും ഉണ്ടാവുന്നത് ഓൺലൈൻ ഗെയിം കമ്പനികൾക്ക് മാത്രം. റമ്മികളിയും പ്രവചന ഗെയിമും എം.പി.എല്ലും അടക്കമുള്ള ഓൺലൈൻ ഗെയിമിെൻറ നീരാളിപ്പിടിത്തം നീളുന്നത് എവിടെ വരെയെന്ന് 'മാധ്യമം' നടത്തുന്ന അന്വേഷണം ഇന്ന് മുതൽ.
'കുറച്ചു ദിവസമായി ഉറങ്ങാൻ പറ്റുന്നില്ല, 30ലക്ഷം ഓൺലൈൻ ഗെയിമിലൂടെ നഷ്ടപ്പെട്ടു. രാത്രിയോ പകലോ നോക്കാതെ കളിച്ചു, മദ്യം പോലെ അടിമപ്പെട്ടു, പുറത്തു കടക്കാൻ കഴിയുന്നില്ല, ജോലിയിൽ ശ്രദ്ധിക്കാൻ പറ്റുന്നില്ല, മക്കൾക്കൊപ്പം സമയം ചെലവിടാനാവുന്നില്ല. ആത്മഹത്യ ചെയ്യാൻ നിൽക്കുേമ്പാഴും ഒരു ഗെയിം കൂടി കളിച്ചാൽ കൊള്ളാമെന്നുണ്ട്. നീ നമ്മുടെ മക്കളെ നോക്കണം. പറ്റുമെങ്കിൽ ഈ സന്ദേശം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കണം. ഓൺലൈൻ ഗെയിമുകൾ നിരോധിക്കണം. എന്നെപ്പോലെ ഇനിയും ആളുകൾ ഈ വിപത്തിന് അടിമകളാവാതിരിക്കാൻ ഉപകരിക്കും'. ഓൺലൈൻ ഗെയിമിൽ എല്ലാം നഷ്ടപ്പെട്ട വിജയകുമാർ എന്ന 36കാരൻ കഴിഞ്ഞ ഒക്ടോബറിൽ ആത്മഹത്യ ചെയ്യും മുമ്പ് ഭാര്യക്കയച്ച ശബ്ദസന്ദേശമാണിത്.
ഓൺലൈൻ ചൂതാട്ടങ്ങളിൽ കുടുങ്ങി ജീവനൊടുക്കുന്ന ആദ്യ ആളല്ല വിജയകുമാർ, അവസാനത്തേതുമല്ല. ഒാൺലൈൻ റമ്മിയിൽ പണം നഷ്ടപ്പെട്ട് ശനിയാഴ്ച ജീവനൊടുക്കിയ തിരുവനന്തപുരം കുറ്റിച്ചൽ സ്വദേശി വിനീത് ഒടുവിലത്തെ ഉദാഹരണം മാത്രം. വിനീതിനു നഷ്ടപ്പെട്ടത് അരക്കോടി. വായ്പയെടുത്തായിരുന്നു കളി. പണം മുഴുവൻ പോയപ്പോഴാണ് തിരിച്ചു കയറാനാകാത്ത കയത്തിലാണ് പെട്ടതെന്ന് മനസ്സിലായതും ജീവിതത്തിെൻറ ശീട്ട് സ്വയം കീറിയതും.
ഓൺലൈൻ ഗെയിമുകൾ ആളെ കൊല്ലികളാണെന്നതിന് കേരളത്തിനകത്തും പുറത്തും നിരവധി ഉദാഹരണങ്ങൾ ഇനിയുമുണ്ട്. ഓൺലൈൻ ചൂതാട്ടത്തിനു ചെലവഴിച്ച പണം തിരിച്ചടക്കാൻ കഴിയാതെ ചെന്നൈയിലെ അമിഞ്ചിക്കരയിൽ മൂന്നാംവർഷ ബി.സി.എ വിദ്യാർഥി നിതീഷ്കുമാർ (20) ജീവനൊടുക്കിയത് മാസങ്ങൾക്ക് മുമ്പാണ്. ഓൺലൈൻ ഗെയിമിലൂടെ പണം നഷ്ടപ്പെട്ടതിനാലാണ് മരിക്കുന്നതെന്നും മാപ്പുതരണമെന്നുമുള്ള കുറിപ്പും കിട്ടി. റമ്മിയാണ് വിനീതിെൻറ ജീവനെടുത്തത്. നിതീഷിേൻറത് ഓൺലൈൻ പ്രവചന (prediction) ഗെയിമും. ഇത്തരം ഗെയിമുകൾ പല പേരുകളിലായി ധാരാളമുണ്ട്.
നിറം മാറും പണം പോവും
എല്ലാ സൈറ്റുകളും കണ്ടാൽ ഒരു പോലിരിക്കും. ഓൺലൈനായി അക്കൗണ്ടിൽ 100 രൂപയെങ്കിലും റീചാർജ് ചെയ്യണം. ഓരോ മൂന്ന് മിനിറ്റിലും നിറങ്ങൾ പ്രത്യക്ഷപ്പെടും. അടുത്ത നിറമേതെന്ന് ഊഹിച്ച് പണം വെക്കുകയാണ് ഒരു കളി. എത്ര ശ്രദ്ധിച്ച് ഊഹിച്ചാലും പണം കമ്പനിക്കേ കിട്ടൂ. കളിക്ക് പണം നൽകേണ്ട രീതി ലളിതവും വേഗമേറിയതുമാണ് എന്നതാണ് ആളുകളെ വലിച്ചടുപ്പിക്കുന്നത്. വാട്സ്ആപ്, ടെലഗ്രാം ഗ്രൂപ്പുകൾ വഴിയാണ് പ്രചാരം. മറ്റു പല ലഹരികളും പോലെ തമാശക്കും നേരേമ്പാക്കിനുമാണ് പലരും ആദ്യം പരീക്ഷിക്കുന്നത്. പതുക്കെ രസം കയറും, ചെറിയ തുകകളോ സമ്മാനങ്ങളോ ലഭിച്ചാൽ മോഹം കൂടും, ഏതോ നാട്ടിൽ ആർക്കോ ലക്ഷങ്ങൾ കിട്ടിയ കഥകളും ഗ്രൂപ്പുകളിലെ ഉപദേശങ്ങളും കേൾക്കുന്നതോടെ പിടിച്ചാൽ കിട്ടാതെയാവും. ഇങ്ങനെ കളിച്ച് കാശുപോയവർ ഏറെയുണ്ടെങ്കിലും മിക്കവരും മിണ്ടില്ല. ഇതും തട്ടിപ്പിന് തണലൊരുക്കുന്നു.
പണം തട്ടാനും ടാസ്ക്
ലോക്ഡൗണിൽ പുറത്തിറങ്ങാതെ ഒറ്റയിരിപ്പിൽ 12 മണിക്കൂർ ഗെയിം കളിച്ച തമിഴ്നാട് ഈറോഡ് കരുങ്കല്പാളയം സതീഷ്കുമാറെന്ന പോളി വിദ്യാര്ഥി കുഴഞ്ഞുവീണ് മരിച്ചത് മേയിലാണ്. പല ടാസ്കുകളിലൂടെ കടന്ന് അവസാന ടാസ്കായ മരണത്തിലേക്ക് യുവാക്കളെ എത്തിക്കുന്ന ബ്ലൂവെയിൽ ഗെയിം കളിച്ച് ഇന്ത്യയിൽ 10 പേർ മരിെച്ചന്നാണ് കണക്ക്. 2018 നവംബറിൽ വയനാട്ടിൽ രണ്ട് കൗമാരക്കാരുടെ ആത്മഹത്യയിലും ബ്ലൂവെയിൽ ആണെന്നാണ് നിഗമനം.
കണ്ണൂരിൽ വീടുവെക്കാനായി പിതാവ് കരുതി വെച്ച ആറു ലക്ഷമാണ് മകൾ ഗെയിം കളിച്ച് കളഞ്ഞത്. ബാങ്ക് അക്കൗണ്ടിൽ നിന്ന് അറിയാതെ പണം നഷ്ടപ്പെടുന്നതറിഞ്ഞ പിതാവ് നൽകിയ പരാതിയിൽ പൊലീസ് അന്വേഷിച്ചപ്പോഴാണ് പോയ വഴി അറിഞ്ഞത്. ആന്ധ്ര കിഴക്കൻ ഗോദാവരി ജില്ലയിലെ അമലാപുരത്തെ 13കാരൻ ഓൺൈലൻ ഗെയിമിൽ ആയുധങ്ങൾ വാങ്ങാൻ അമ്മയുടെ രണ്ട് അക്കൗണ്ടുകളിൽ നിന്നായി കളഞ്ഞത് 5.56 ലക്ഷം.
മിക്ക കളികളും അക്രമത്തിലാണ് അവസാനിക്കുക. മാതാപിതാക്കളും മക്കളും ഒരുമിച്ച് ലുഡോ കളിക്കുന്നതായിരുന്നു ലോക്ഡൗണിലെ കാഴ്ച. ഈയിടെ ലുഡോ കളി ഒരു കുടുംബത്തെ വഴിയാധാരമാക്കി. ഗുജറാത്ത് വഡോദരയിൽ യുവാവിെൻറ ഓൺലൈൻ ലുഡോ കളി 24കാരിയായ ഭാര്യയുടെ നട്ടെല്ല് ചവിട്ടിയൊടിക്കുന്നതിലാണ് അവസാനിച്ചത്. കളിയിൽ ഭാര്യയോട് നാലു റൗണ്ട് വരെ തുടർച്ചയായി തോറ്റതാണ് കാരണം. മുംബൈ ആസ്ഥാനമായ കമ്പനി വികസിപ്പിച്ച ഒരു ലുഡോ ആപ് മേയ് മാസം ഏറ്റവും കൂടുതൽ ഡൗൺലോഡുചെയ്ത ആറാമത്തെ ഗെയിമായി മാറി.
മറ്റൊരുകേസിൽ പണം ആവശ്യപ്പെട്ട് മാതാപിതാക്കൾക്ക് രണ്ട് ഇ-മെയിൽ വന്നു. ആദ്യത്തെ മെയിൽ വന്നപ്പോൾ പൊലീസിൽ പരാതി നൽകി. രണ്ടാമത് മെയിൽ വന്നത് പൊലീസ് പരിശോധിച്ചപ്പോഴാണ് 12 വയസ്സുള്ള മകനാണ് അയച്ചതെന്ന് വ്യക്തമാകുന്നത്. കളിക്ക് പണത്തിന് ഏതുവഴിയും സ്വീകരിക്കാൻ കുട്ടികൾക്ക് മടിയില്ല. പഞ്ചാബിലെ 17 കാരനായ വിദ്യാർഥി 16 ലക്ഷമാണ് ഗെയിമിൽ ഓരോ സാധനങ്ങൾ വാങ്ങാൻ തട്ടിയത്.
പണംവെച്ച് ശീട്ടുകളിക്കുന്നവരെ ഓടിച്ചുപിടിച്ചിരുന്ന പൊലീസും സർക്കാറും ദിവസേന കോടികൾ തട്ടുന്ന ഓൺലൈൻ റമ്മിയിലേക്ക് പാളി നോക്കാറുപോലുമില്ല. നിയമമില്ലെന്നാണ് പൊലീസിെൻറ വിശദീകരണം. പിന്നെങ്ങനെ ഗെയിമുകൾ കളിച്ച് മരണത്തിലേക്കും അക്രമങ്ങളിലേക്കും തിരിയുന്നതിന് തടയാനാകും?
(കുട്ടികളുടെയും യുവജനങ്ങളുടെയും ഭാവിയെ കരുതി ഗെയിമിെൻറ പേരും കളിരീതികളും മനപൂർവം ഒഴിവാക്കുന്നു)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.