ഓൺലൈൻ തട്ടിപ്പ്: നഷ്ടമായ 87.8 കോടി തിരിച്ചുപിടിച്ചു
text_fieldsകൊച്ചി: കഴിഞ്ഞ മൂന്നു വർഷത്തിനിടെ ഓൺലൈൻ തട്ടിപ്പുകാർ സംസ്ഥാനത്തുനിന്ന് അപഹരിച്ച പണത്തിൽനിന്ന് അന്വേഷണത്തിലൂടെ തിരികെ പിടിച്ചത് 87.8 കോടി രൂപ. വ്യാജ ബാങ്ക് ഇടപാട് മുതൽ ഡിജിറ്റൽ കസ്റ്റഡി വരെയുള്ള ഓൺലൈൻ തട്ടിപ്പുകൾ വ്യാപിക്കുന്ന സാഹചര്യത്തിലാണ് പൊലീസ് അന്വേഷണങ്ങളും നടപടികളും ഊർജിതമായി പുരോഗമിക്കുന്നത്. ഏതാനും വർഷത്തിനിടെ കോടികളുടെ തട്ടിപ്പാണ് കേരളത്തിൽ നടന്നത്. 2021 മേയ് 20 മുതൽ 2024 ജൂൺ 21 വരെ 3591 എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
വ്യാജ ലോട്ടറി, വ്യാജ സമ്മാനം, നിക്ഷേപം, ട്രേഡിങ്, നിയമവിരുദ്ധ പാഴ്സൽ, ലോൺ ആപ്പുകൾ, ക്രെഡിറ്റ്-ഡെബിറ്റ് കാർഡുകളുടെ പേരിൽ, സ്വകാര്യ ദൃശ്യങ്ങളുടെ പ്രചാരണം, വ്യാജ കസ്റ്റമർ സപ്പോർട്ട്, മാട്രിമോണി, വ്യാജ തൊഴിൽ, വ്യാജ ഇ-കോമേഴ്സ് സൈറ്റുകൾ, മൊബൈൽ ആപ്പുകൾ, വ്യാജ സിം കാർഡ്, ഓൺലൈൻ ഗെയിം, വ്യാജ ഇ-വാലറ്റ്, സമൂഹമാധ്യമ പരസ്യങ്ങൾ, ഹണി ട്രാപ്പ്, ആൾമാറാട്ടം, സാമ്പത്തിക വിവരങ്ങൾ ഹാക്ക് ചെയ്യുക തുടങ്ങിയ വ്യത്യസ്ത രീതികളിലാണ് തട്ടിപ്പുകൾ അരങ്ങേറിയിരിക്കുന്നത്. കുറ്റകൃത്യങ്ങൾക്ക് ഉപയോഗിച്ചെന്ന് സൈബർ ഡിവിഷൻ പട്രോളിങ്ങിലൂടെ കണ്ടെത്തിയ 9866 വെബ്സൈറ്റുകളും 403 അനധികൃത ലോൺ ആപ്പുകളും നിർജീവമാക്കി.
കൂടാതെ തട്ടിപ്പ് നടത്താനായി ഉപയോഗിച്ചിരുന്ന 9856 സിം കാർഡുകൾ, 13874 ഡിവൈസ് ഇ.എം.ഇ.ഐ നമ്പറുകൾ എന്നിവ പ്രവർത്തനരഹിതമാക്കി. തട്ടിപ്പുകാർ സ്ഥിരമായി ഉപയോഗിച്ചുവന്നിരുന്ന 12104 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. അതേസമയം ഓൺലൈൻ തട്ടിപ്പുകൾ തടയാൻ വിവിധ പദ്ധതികളും പ്രവർത്തനങ്ങളും തുടരുമ്പോഴും കേസുകൾ വർധിക്കുകയാണ്. അന്വേഷണ ഏജൻസികളെന്ന വ്യാജേന തട്ടിപ്പുകാർ വിഡിയോ കാളിലൂടെ ബന്ധപ്പെട്ട് ലക്ഷങ്ങൾ തട്ടുന്ന സംഭവങ്ങളും സമീപകാലത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.