ഓൺലൈൻ പഠനം; ആദിവാസിമേഖല കളരിക്ക് പുറത്തുതന്നെ
text_fieldsകൊച്ചി: ഓൺലൈൻ പഠനത്തിൽ സർക്കാറിെൻറ പരിരക്ഷ ലഭിക്കാതെ ആദിവാസി മേഖല. ഇക്കാര്യത്തിൽ പട്ടികവർഗ വകുപ്പ് ഉത്തരവാദിത്തം ഗ്രാമപഞ്ചായത്തുകൾക്ക് കൈമാറി ആദിവാസി വിദ്യാർഥികളെ കൈയൊഴിഞ്ഞു. ആദിവാസി മേഖലയിലെ 95 ശതമാനം വിദ്യാർഥികളും ഓൺലൈൻ പഠനകളരിക്ക് പുറത്താണെന്ന് ഗോത്രമഹാസഭ നേതാവ് എം. ഗീതാനന്ദൻ 'മാധ്യമ'ത്തോട് പറഞ്ഞു.
ലാപ് ടോപ്, ടി.വി, മൊബൈൽ, ഇൻറർനെറ്റ് തുടങ്ങിയ സൗകര്യങ്ങളൊന്നും ബഹുഭൂരിപക്ഷം ആദിവാസി മേഖലകളിലുമില്ല. പട്ടികവർഗ വകുപ്പിനും മന്ത്രിയായിരുന്ന എ.കെ. ബാലനും നേരേത്ത ഇത് സംബന്ധിച്ച് നിവേദനം നൽകിയിരുന്നു. സ്കൂൾ വിദ്യാർഥികൾക്കായി ഊരുതല പാഠശാലയുണ്ടാക്കണമെന്നായിരുന്നു പ്രധാന ആവശ്യം.
ഡിഗ്രി വിദ്യാർഥികൾക്കെങ്കിലും ലാപ് ടോപ് നൽകണമെന്നും ആവശ്യപ്പെട്ടിരുന്നു. വിദ്യാഭ്യാസ വകുപ്പിൽ ലക്ഷത്തിലധികം ലാപ് ടോപ് കെട്ടിക്കിടപ്പുണ്ട്. ആദിവാസി വിഭാഗത്തിൽനിന്ന് സംസ്ഥാനത്ത് ഡിഗ്രിക്ക് പഠിക്കുന്നത് 700ഓളം വിദ്യാർഥികളാണ്. വയനാട്, ഇടുക്കി, പാലക്കാട് ജില്ലകളിലെ ഊരുകളിൽനിന്ന് നഗരത്തിലെ കോളജുകളിൽ ഡിഗ്രിക്ക് പ്രവേശനം ലഭിച്ച വിദ്യാർഥികൾക്ക് താമസ സൗകര്യം ഒരുക്കാനും സർക്കാർ തയാറായില്ല.
ആദിവാസി ഊരുകളിൽ ഓൺലൈൻ പഠനത്തിന് സംവിധാനമൊന്നുമില്ലെന്ന് അട്ടപ്പാടിയിലെ ടി.ആർ. ചന്ദ്രൻ പറഞ്ഞു. ഏറെ കുടുംബങ്ങൾക്കും മൊബൈൽ ഫോണോ ഇൻറർനെറ്റ് കണക്ഷനോ ഇല്ല. ഫോണും കണക്ഷനുമുള്ളവർക്ക് നെറ്റിന് വേഗമില്ല. നിലമ്പൂരിൽ ആദിവാസി വിദ്യാർഥികൾക്ക് ഓൺലൈൻ പഠനം ലഭിക്കുന്നില്ലെന്ന് സാമൂഹിക പ്രവർത്തക എം.ആർ ചിത്രയും പരാതിപ്പെടുന്നു. കോവിഡ് ഏറ്റവുമധികം ബാധിച്ചത് ആദിവാസി വിദ്യാർഥികളെയാണെന്നും അവർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.