ഓട്ടോറിക്ഷകൾക്ക് ‘സ്റ്റേറ്റ് പെർമിറ്റ്’: എതിർത്ത് ഓൺലൈൻ ടാക്സി കമ്പനികളും
text_fieldsകോട്ടയം: ഓട്ടോറിക്ഷകൾക്ക് സ്റ്റേറ്റ് പെർമിറ്റ് അനുവദിക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തെ എതിർത്ത് ഓൺലൈൻ ടാക്സി സ്ഥാപനങ്ങളും. വൻകിട കമ്പനികളെ സഹായിക്കാനാണ് ഈ നീക്കമെന്ന ആക്ഷേപമാണ് തൊഴിലാളി സംഘടനകൾ ഉയർത്തുന്നത്. സി.ഐ.ടി.യു, എ.ഐ.ടി.യു.സി പോലെ ഭരണാനുകൂല സംഘടനകളും തീരുമാനം പുനഃപരിശോധിക്കണമെന്ന ആവശ്യം ഉന്നയിച്ചതോടെ വിഷയം കൂടുതൽ ചർച്ചയാകുകയാണ്.
ഓട്ടോറിക്ഷകൾക്ക് സ്റ്റേറ്റ് പെർമിറ്റ് അനുവദിക്കുന്നതോടെ ഊബർ, ഓല, റാപ്പിഡോ പോലുള്ള വൻകിട കമ്പനികൾ യഥേഷ്ടം നിരത്തുകളിൽ ഇറങ്ങുമെന്നും ഇത് പരമ്പരാഗത തൊഴിലാളികളുടെ വയറ്റത്തടിക്കുമെന്നും തൊഴിലാളി സംഘടനകൾ വാദിക്കുമ്പോൾ, ഓൺലൈൻ ടാക്സികളുടെ വയറ്റത്തടിക്കുന്ന തീരുമാനമാണ് ഓട്ടോറിക്ഷകൾക്ക് സ്റ്റേറ്റ് പെർമിറ്റ് എന്ന വിചിത്ര നിയമത്തിലൂടെ ചെയ്യുന്നതെന്ന് ഈ രംഗത്തുള്ളവരും വാദിക്കുന്നു. ഓട്ടോറിക്ഷകൾക്ക് സംസ്ഥാന പെർമിറ്റ് അനുവദിക്കാനുള്ള തീരുമാനവുമായി മുന്നോട്ടു പോകാനാണ് സർക്കാർ നീക്കമെങ്കിൽ ശക്തമായ സമരത്തിലേക്ക് നീങ്ങുമെന്ന് ഐ.എൻ.ടി.യു.സി നേതാക്കൾ പ്രഖ്യാപിച്ചു.
ഈ മേഖലയിലെ ഒരു സംഘടനയുമായും കൂടിയാലോചന നടത്താതെയാണ് സർക്കാർ തീരുമാനമെടുത്തത്. ഓട്ടോറിക്ഷകൾക്ക് സംസ്ഥാന പെർമിറ്റ് ലഭിക്കുന്നതോടെ വൻകിട കോർപറേറ്റുകൾക്ക് യഥേഷ്ടം സവാരി നടത്താമെന്ന അവസ്ഥയായിരിക്കും കേരളത്തിൽ സംഭവിക്കുക. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഓട്ടോറിക്ഷ തൊഴിലാളികൾ ജോലിയെടുക്കുന്ന തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളെയായിരിക്കും സ്റ്റേറ്റ് പെർമിറ്റ് തീരുമാനം പ്രതികൂലമായി ബാധിക്കുകയെന്ന് ചൂണ്ടിക്കാട്ടുന്നു.
സി.എൻ.ജി ഓട്ടോറിക്ഷ കമ്പനികളെ സഹായിക്കാനാണ് ഈ തീരുമാനമെന്നാണ് ഓൺലൈൻ ടാക്സികളുടെ വാദം. അപകട, സംഘർഷ സാധ്യതകളാണ് സി.ഐ.ടി.യു ഈ വിഷയത്തിൽ ചൂണ്ടിക്കാട്ടുന്നത്. ജില്ല അതിർത്തിയിൽനിന്ന് 20 കി.മീ. അകലെവരെ പോകാൻ മാത്രമാണ് ഓട്ടോറിക്ഷകൾക്ക് നിലവിൽ അനുമതിയുള്ളത്. അത് 30 ആക്കണമെന്നാണ് സി.ഐ.ടി.യുവിന്റെ ആവശ്യം. ഇതോടെ ഈ വിഷയത്തിൽ സർക്കാർ പുനഃപരിശോധനയിലേക്ക് നീങ്ങിയേക്കാവുന്ന സാഹചര്യമാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.