ഓണ്‍ലൈന്‍ ടാക്സികള്‍ക്ക് സുഗമമായി സര്‍വിസ് നടത്താന്‍ സാഹചര്യമൊരുക്കണം -ഹൈകോടതി
text_fieldsകൊച്ചി: ഓണ്‍ലൈന്‍ ടാക്സികള്‍ക്ക് സംസ്ഥാനത്ത് എല്ലായിടത്തും സുഗമമായി സര്‍വിസ് നടത്താന്‍ സാഹചര്യമൊരുക്കണമെന്ന് ഹൈകോടതി. കൊച്ചി, തിരുവനന്തപുരം മേഖലകളിലെന്ന പോലെ കോഴിക്കോട്ടും ഓണ്‍ലൈന്‍ ടാക്സി സര്‍വിസുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടി വിശദീകരിച്ച് സത്യവാങ്മൂലം നല്‍കാനും സിംഗിള്‍ബെഞ്ച് നിര്‍ദേശിച്ചു.
ഓണ്‍ലൈന്‍ ടാക്സി സര്‍വിസുകള്‍ക്കും യാത്രക്കാര്‍ക്കും നേരെ ഓട്ടോ, ടാക്സി ഡ്രൈവര്‍മാരുടെ ഭാഗത്തു നിന്നുണ്ടാകുന്ന അക്രമസംഭവങ്ങളില്‍ ക്രമസമാധാന പ്രശ്നമുണ്ടാകുന്നില്ളെന്ന് ഉറപ്പുവരുത്തിയതായി ഡി.ജി.പി ലോക്നാഥ് ബെഹ്റ സത്യവാങ്മൂലം സമര്‍പ്പിച്ച പശ്ചാത്തലത്തിലാണ് കോടതി നിര്‍ദേശം. ഇക്കാര്യത്തില്‍ പൊലീസിന് വീഴ്ചയുണ്ടാകുന്നില്ളെന്നും 2015-16 വര്‍ഷം 30 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും വിശദീകരണത്തിലുണ്ട്. ഉബര്‍, ഒല തുടങ്ങിയ ഓണ്‍ലൈന്‍ ടാക്സികള്‍ക്ക് സംരക്ഷണം നല്‍കണമെന്ന ഹൈകോടതി ഉത്തരവ് നടപ്പാക്കാന്‍ പൊലീസ് തയാറാകുന്നില്ളെന്ന് ചൂണ്ടിക്കാട്ടി നവാസ് എന്നയാള്‍ നല്‍കിയ കോടതിയലക്ഷ്യ ഹരജിയിലാണ് വിശദീകരണം.
ഉത്തരവ് നടപ്പാക്കാന്‍ മേഖല ഐ.ജിമാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. മതിയായ പൊലീസ് സഹായവും സംരക്ഷണവും നല്‍കുന്നുണ്ടെന്ന് ജില്ല പൊലീസ് മേധാവികളും റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. വിമാനത്താവളം, റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റേഷന്‍ തുടങ്ങിയ ഇടങ്ങളില്‍ അനിഷ്ടസംഭവങ്ങളുണ്ടായാല്‍ ഉടന്‍ നടപടിയെടുക്കുന്നു. പ്രശ്നസാധ്യത തടയാന്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. തിരുവനന്തപുരം മേഖല ഐ.ജിക്കുകീഴില്‍ രജിസ്റ്റര്‍ ചെയ്ത 17 കേസുകളില്‍ പത്തെണ്ണത്തില്‍ കുറ്റപത്രം നല്‍കി. കൊച്ചി സിറ്റി പൊലീസ് കമീഷണറുടെ പരിധിയിലെ 10 കേസുകളില്‍ അഞ്ചെണ്ണത്തില്‍ കുറ്റപത്രം നല്‍കി.
ഓണ്‍ലൈന്‍ ടാക്സികളുടെ പാര്‍ക്കിങ്ങുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ തീരുമാനമെടുക്കാന്‍ പൊലീസിന് കഴിയില്ല. തദ്ദേശ സ്വയംഭരണം, റവന്യൂ, ഗതാഗതം, കെ.എസ്.ആര്‍.ടി.സി, റെയില്‍വേ, എയര്‍പോര്‍ട്ട്, ആര്‍.ടി.എ അധികൃതരുടെ യോജിച്ച പ്രവര്‍ത്തനം വേണം. എറണാകുളം കലക്ടര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ ഉരുത്തിരിഞ്ഞ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സര്‍ക്കാറിന് സമര്‍പ്പിച്ചിട്ടുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. വിശദീകരണത്തിന്‍െറ അടിസ്ഥാനത്തില്‍ നേരിട്ട് ഹാജരാകുന്നതില്‍നിന്ന് ഡി.ജി.പിയെ കോടതി ഒഴിവാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.