വലവിരിച്ച് ഒാൺലൈൻ തട്ടിപ്പു സംഘം; അടിച്ചു മാറ്റുന്നത് ലക്ഷങ്ങൾ
text_fieldsമലപ്പുറം: ഒാൺലൈനിൽ വല വിരിച്ച് വിദഗ്ധമായി പണം തട്ടുന്നത് വിദേശികളടങ്ങുന്ന വൻ സംഘം. െഎ ഫോൺ, െഎ പാഡ്, വിവിധ ബ്രാൻഡുകളുടെ ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവയെല്ലാം വിലക്കുറവിൽ ലഭ്യമാകുമെന്ന് ഇൻറർനെറ്റിൽ പരസ്യം നൽകിയാണ് പലപ്പോഴും വൻ തുക അടിച്ചു മാറ്റുന്നത്.
പരസ്യം കണ്ട് വിശ്വസിച്ച് വെബ്സൈറ്റിൽ അപേക്ഷിച്ചാൽ വാട്സ്ആപ് നമ്പറിൽ വിളിച്ച് അക്കൗണ്ട് നമ്പറിലേക്ക് പണമടക്കാൻ ആവശ്യപ്പെടുക എന്നതാണ് ഒരു രീതി. പണം അയക്കുന്നതോടെ വിളിച്ച നമ്പർ പ്രവർത്തനരഹിതമാകും. ഇത്തരം തട്ടിപ്പുകൾ പിടികൂടാനും പ്രയാസമാണ്. കഴിഞ്ഞ ദിവസം മലപ്പുറം പൊലീസ് ഡൽഹിയിൽ നിന്ന് പിടികൂടിയ നൈജീരിയക്കാരൻ ഇത്തരം റാക്കറ്റിലെ പ്രധാന കണ്ണികളിലൊരാളാണ്. െഎ ഫോൺ വിലക്കുറവിൽ നൽകുമെന്ന് പരസ്യം നൽകിയാണ് ഇയാൾ മഞ്ചേരി ആനക്കയം സ്വദേശിയിൽ നിന്ന് പണം തട്ടിയത്.
നിരവധി പേരെ ഇൗ രീതിയിൽ കബളിപ്പിച്ചിട്ടുണ്ടെന്നാണ് പ്രതിയിൽ നിന്ന് ലഭ്യമായ വിവരം. ആഫ്രിക്കൻ രാജ്യങ്ങളിലുള്ളവരാണ് സംഘത്തിൽ കൂടുതലുള്ളത്. ഡൽഹി, മുംബൈ, ചെന്നൈ, ബംഗളൂരു തുടങ്ങി വൻ നഗരങ്ങൾ കേന്ദ്രീകരിച്ചാണ് പ്രവർത്തനം. ഇത്തരം സംഘങ്ങളുടെ തട്ടിപ്പുകൾ വ്യാപകമായതിനെ തുടർന്നാണ് ജാഗ്രത നിർദേശവുമായി പൊലീസ് വീണ്ടും രംഗത്തു വന്നത്.
അന്വേഷണ ഉദ്യോഗസ്ഥർ നൽകുന്ന നിർദേശങ്ങൾ
1. സ്വന്തം അക്കൗണ്ട് നമ്പർ, എ.ടി.എം നമ്പർ ആർക്കും നൽകാതിരിക്കുക.
2. യഥാർഥ അക്കൗണ്ട് ഉടമയാണെന്ന് ഉറപ്പിക്കാനായി രജിസ്റ്റർ ചെയ്ത ഫോണിലേക്ക് ബാങ്ക് അയക്കുന്ന നാലക്ക നമ്പറാണ് ഒ.ടി.പി. ഈ നമ്പർ മറ്റൊരാൾക്കും നൽകരുത്.
3. ഇൻറർനെറ്റിൽ വിസക്ക് അപേക്ഷിക്കുമ്പോൾ എംബസിയുമായി ബന്ധപ്പെട്ട ശേഷം മതി പണമിടപാട്.
4. വിദേശികളുടെ ഫെയ്സ്ബുക് അക്കൗണ്ടിൽ നിന്ന് വരുന്ന ഫ്രൻഡ് റിക്വസ്റ്റുകൾ സ്വീകരിക്കരുത്.
5. ഓൺലൈൻ പർച്ചേസ് അറിയപ്പെടുന്ന സൈറ്റുകളിൽ നിന്ന് മാത്രം.
6. സമ്മാനമടിച്ചു, ധനികൻ മരണസമയത്ത് ഏൽപിച്ച സംഖ്യ, നിങ്ങളുടെ പേരിൽ ആരോ നിക്ഷേപിച്ച പണം എന്നൊക്കെയുള്ള മെസേജുകൾ തട്ടിപ്പു സംഘങ്ങളുടേതാണ്.
7. തട്ടിപ്പിനിരയായാൽ ഉടൻ ജില്ല പൊലീസ് സൈബർ സെല്ലിൽ പരാതി നൽകുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.