ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്; യുവതിക്ക് നഷ്ടപ്പെട്ടത് 6.61 ലക്ഷം
text_fieldsകണ്ണൂർ: ഓൺലൈൻ ട്രേഡിങ്ങിലൂടെ കൂടുതൽ പണം നേടാമെന്ന് പ്രലോഭിപ്പിച്ച് കണ്ണൂർ മാവിലായി സ്വദേശിയായ യുവതിയുടെ കൈയിൽനിന്ന് തട്ടിയത് 6,61,600 രൂപ. നിക്ഷേപിച്ച പണം കിട്ടണമെങ്കിൽ നാലുലക്ഷം കൂടി അടക്കണമെന്ന് ആവശ്യപ്പെട്ടപ്പോഴാണ് തട്ടിപ്പ് ബോധ്യപ്പെട്ടത്.
യുവതിയുടെ പരാതിയിൽ കണ്ണൂർ ടൗൺ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. യുവതിയുടെ ഫോണിലേക്ക് ടെലഗ്രാം വഴി ഒരു ലിങ്ക് അയച്ച് നൽകിയാണ് തട്ടിപ്പിന്റെ തുടക്കം. ലിങ്കിൽ കയറി റേറ്റിങ് നൽകിയാൽ മതിയെന്നും അതിനുള്ള പ്രതിഫലം അക്കൗണ്ടിൽ വരുമെന്നും അപരിചിതർ ഉറപ്പുനൽകി. ലിങ്കിൽ കയറിയപ്പോൾ ഗൂഗിൾ മാപ്പിലേക്ക് എത്തുകയും അവർ നിർദേശിച്ചതനുസരിച്ച് ഏതാനും സ്ഥലങ്ങൾക്ക് റേറ്റിങ് കൊടുക്കുകയും ചെയ്തു. പ്രതിഫലമായി കുറച്ച് പണം യുവതിയുടെ അക്കൗണ്ടിൽ എത്തുകയും ചെയ്തു.
ഓൺലൈൻ ട്രേഡിങ് നടത്തിയാൽ കൂടുതൽ പണം സമ്പാദിക്കാം എന്ന് പറഞ്ഞ് വിശ്വാസം നേടിയെടുത്തു. തുടർന്ന് പലതവണകളായി യുവതി 6,61,600 രൂപ അവർ നൽകിയ ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചു. ട്രേഡിങ് നടത്തുന്നതിന് വേണ്ടി ടെലഗ്രാം ആപ്പ് വഴി ഒരു ട്രേഡിങ് ആപ്പും പരിചയപ്പെടുത്തി. പിന്നീട് അവർ ട്രേഡിങ് സംബന്ധിച്ച് നിരന്തരം ചാറ്റും നടത്തി. നിങ്ങളുടെ ടാസ്ക് കഴിഞ്ഞുവെന്നും പണം തിരികെ ലഭിക്കണമെങ്കിൽ ക്രെഡിറ്റ് സ്കോർ വർധിപ്പിക്കണമെന്നും അതിനായി നാല് ലക്ഷം രൂപ കൂടി അയച്ചു തരണമെന്ന് പറയുകയും ചെയ്തപ്പോഴാണ് തട്ടിപ്പാണെന്ന് മനസ്സിലായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.