ഓൺലൈൻ ട്രേഡിങ്; 67 ലക്ഷം തട്ടിയ തമിഴ്നാട് സ്വദേശി അറസ്റ്റിൽ
text_fieldsകോഴിക്കോട്: ഓൺലൈൻ ട്രേഡിങ് വഴി വൻ ലാഭം വാഗ്ദാനം ചെയ്ത് 67 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ തമിഴ്നാട് സ്വദേശി അറസ്റ്റിൽ. സുഫിയാൻ കബീറിനെയാണ് കോഴിക്കോട് സിറ്റി ക്രൈം പൊലീസ് അറസ്റ്റുചെയ്തത്.
പെർമനന്റ് കാപ്പിറ്റൽ എന്നപേരിൽ ട്രേഡിങ് വഴി മികച്ച വരുമാനം നേടാമെന്ന് വിശ്വസിപ്പിച്ചാണ് ഇയാൾ കോഴിക്കോട് സ്വദേശിയുടെ അക്കൗണ്ടിൽ നിന്നും ഓൺലൈനായി 67 ലക്ഷം രൂപ തട്ടിയത്. ഇന്റർനെറ്റ് വഴിയെടുത്ത (+601125676943, +4477008592762) എന്നീ വ്യാജ വാട്സ്ആപ് നമ്പറുകൾ വഴി സന്ദേശമയച്ച് സൗഹൃദത്തിലായാണ് കൂടുതൽ വരുമാനം വാഗ്ദാനംചെയ്ത് തട്ടിപ്പ് നടത്തിയത്. 2022ൽ പന്തീരാങ്കാവ് പൊലീസ് രജിസ്റ്റർചെയ്ത കേസ് പിന്നീട് സൈബർ ക്രൈം പൊലീസ് ഏറ്റെടുക്കുകയായിരുന്നു.
പ്രതിയിൽനിന്ന് കുറ്റകൃത്യത്തിനുപയോഗിച്ച സിം കാർഡും മൊബൈൽ ഫോണും പൊലീസ് പിടിച്ചെടുത്തു. ലാഭം പ്രതീക്ഷിച്ച പരാതിക്കാരൻ നിക്ഷേപിച്ച പണം അദ്ദേഹത്തിന്റെ അറിവോ സമ്മതമോ ഇല്ലാതെ അനധികൃതമായി ലോഗിൻ ചെയ്തെടുത്ത് അതിന് തുല്യമായ ക്രിപ്റ്റോ കറൻസിയായ യു.എസ്.ഡി.പി വാങ്ങി സ്വകാര്യ കമ്പനിയുടെ വിലാസത്തിലേക്കും മറ്റും ട്രാൻസ്ഫർ ചെയ്താണ് ഇയാൾ പണം സ്വന്തമാക്കിയത്. വിദേശത്തേക്ക് കടന്ന ഇയാളുടെ കൂട്ടാളിയെ നാട്ടിലെത്തിക്കാനും പൊലീസ് ശ്രമം തുടങ്ങി.
ഷെയർ ട്രേഡ് എന്ന പേരിൽ ഓൺലൈനായി തട്ടിയെടുക്കുന്ന പണം ക്രിപ്റ്റോ കറൻസിയാക്കുന്ന സംഘങ്ങൾ വാട്സ്ആപ്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം എന്നിവയിൽ സജീവമാണെന്ന് പൊലീസ് പറഞ്ഞു.
ഓൺലൈൻ നിക്ഷേപങ്ങൾ വഴിയും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആപ്ലിക്കേഷനുകളുടെ സഹായത്തോടെയും ഷെയർ ട്രേഡിങ് വഴി കൂടുതൽ ലാഭം നേടാമെന്ന് വിശ്വസിപ്പിച്ചാണ് വ്യാജ ആപ്ലിക്കേഷൻ വഴി ഇത്തരം സംഘങ്ങൾ പണം തട്ടുന്നത്. കോടതി പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.