ഓൺലൈൻ ട്രേഡിങ്ങിന്റെ പേരിലും വിദ്യാർഥികളുടെ അക്കൗണ്ടുകളിലൂടെ കോടികൾ മറിച്ചു
text_fieldsകോഴിക്കോട്: ടെലിഗ്രാം ആപ്പിലൂടെ ബന്ധം സ്ഥാപിച്ചും തട്ടിപ്പുസംഘം വിദ്യാർഥികളുടെ അക്കൗണ്ടുകളിലൂടെ കോടികൾ മറിച്ചു. ഇതുസംബന്ധിച്ച് മലപ്പുറം പെരുമ്പടപ്പ് സ്വദേശിയായ വിദ്യാർഥി മലപ്പുറം സൈബർ ക്രൈം പൊലീസിൽ പരാതി നൽകി. ഈ വിദ്യാർഥിക്ക് ഹരിയാനയിലെ രോഹ്തഗ് സൈബർ ക്രൈം സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ട് സമൻസ് ലഭിച്ചിട്ടുണ്ട്. ഇയാൾക്കൊപ്പം കൊടുങ്ങല്ലൂരിലെ വിദ്യാഭ്യാസ സ്ഥാപനത്തിൽ പഠിക്കുന്ന നിരവധി വിദ്യാർഥികളും തട്ടിപ്പിന്നിരയായിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തൊട്ടാകെ തട്ടിപ്പുസംഘം വലവീശിയതായി വ്യക്തമായി. നേരിട്ടും ഏജന്റുമാർ മുഖേനയും ഓൺലൈനിലൂടെയും സംഘം വിദ്യാർഥികളെ വലയിൽ വീഴ്ത്തിയിട്ടുണ്ട്.
തന്റെ അക്കൗണ്ടിൽനിന്ന് 5,47,000 രൂപ കവർന്നതായി സുധീർ സോനി എന്നയാൾ ആഗസ്റ്റ് 27ന് രോഹ്തഗ് സൈബർ പൊലീസിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വഞ്ചന കേസിലാണ് വിദ്യാർഥിക്ക് സമൻസ് ലഭിച്ചത്. തന്റെ സ്ഥാപനത്തിൽ പഠിക്കുന്ന സുഹൃത്ത് പറഞ്ഞതനുസരിച്ചാണ് വിദ്യാർഥി ഇൻഡസ് ഇൻഡ് ബാങ്കിൽ അക്കൗണ്ട് തുടങ്ങിയത്. തുടർന്ന് ടെലിഗ്രാം ആപ്പിലൂടെ വിഷ്ണു എന്നയാളുമായി വിദ്യാർഥി ബന്ധപ്പെട്ടു. ഓൺലൈൻ ട്രേഡിങ്ങിന് തന്റെ അക്കൗണ്ട് വാടകക്ക് നൽകിയാൽ ഇതിലൂടെ ട്രാൻസ്ഫർ ചെയ്യപ്പെടുന്ന പണത്തിന്റെ 0.2 ശതമാനം റിട്ടേണായി ലഭിക്കുമെന്നാണ് വിദ്യാർഥിയെ വിശ്വസിപ്പിച്ചത്. ചില ട്രേഡിങ് കമ്പനികളുടെ വിശദാംശങ്ങളും അയച്ചുകൊടുത്തു. അങ്ങനെ ജൂലൈ 12ന് അക്കൗണ്ട് തുടങ്ങിയ വിദ്യാർഥി അക്കൗണ്ട് വിവരങ്ങളും ആധാർ നമ്പറും പാൻകാർഡ് നമ്പറും വിഷ്ണുവിന് നൽകി.
ജൂലൈ 23, 24 തീയതികളിൽ വിവിധ സമയങ്ങളിലായി ചെറുതും വലുതുമായ തുകയടങ്ങുന്ന 57,14,196 രൂപയാണ് വിദ്യാർഥിയുടെ അക്കൗണ്ടിലൂടെ നിക്ഷേപിച്ചതും പിൻവലിച്ചതും. 44 തവണകളായാണ് ഇത്രയും പണം പിൻവലിച്ചത്. ഇതിനായി തന്റെ ഫോണിലേക്ക് വരുന്ന ഒ.ടി.പി നമ്പർ വിദ്യാർഥി കൈമാറിയിരുന്നു. ഇത്രയും വലിയ തുക രണ്ടു ദിവസം കൊണ്ട് കൈമാറ്റം ചെയ്യപ്പെട്ടതോടെ തൊട്ടടുത്ത ദിവസം അക്കൗണ്ട് മരവിപ്പിച്ചതായി ബാങ്കിൽനിന്ന് സന്ദേശം വന്നു. അക്കൗണ്ട് മരവിപ്പിച്ചാൽ റിട്ടേൺ ലഭിക്കുമെന്നായിരുന്നു വിദ്യാർഥിയെ വിശ്വസിപ്പിച്ചത്. എന്നാൽ, റിട്ടേൺ വന്നില്ലെന്ന് മാത്രമല്ല, കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ഹരിയാന പൊലീസിന്റെ സമൻസാണ് വിദ്യാർഥിക്ക് ലഭിച്ചത്. എന്തു ചെയ്യണമെന്നറിയാതെ ആശങ്കയിലാണ് വിദ്യാർഥിയുടെ രക്ഷിതാക്കൾ. പിൻവലിച്ച പണം യെസ് ബാങ്കിലെ ഒരേ അക്കൗണ്ടിലേക്കാണ് പോയതെന്ന് ബാങ്ക് സ്റ്റേറ്റ്മെന്റിൽനിന്ന് വ്യക്തമായിട്ടുണ്ട്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പണാപഹരണ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന മുറക്ക് തങ്ങളുടെ പേരിലും കേസ് വരുമെന്ന ആശങ്കയിലാണ് കെണിയിൽ അകപ്പെട്ട മറ്റു വിദ്യാർഥികൾ. ഇവരുടെ അക്കൗണ്ടുകളിലൂടെയും ലക്ഷങ്ങൾ കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. പ്രതിഫലം മോഹിച്ച് ഇത്തരം സംഘങ്ങളുടെ കെണിയിൽ അകപ്പെട്ടാൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും വിദ്യാർഥികളും രക്ഷിതാക്കളും കരുതിയിരിക്കണമെന്നും സൈബർ പൊലീസ് വ്യക്തമാക്കി.
രണ്ട് യുവാക്കൾക്കെതിരെ പരാതി
കോഴിക്കോട്: കോഴിക്കോട് എളേറ്റിൽ വട്ടോളിയിൽ ചതിയിൽ അകപ്പെട്ട വിദ്യാർഥികൾ താമരശ്ശേരി ഡിവൈ.എസ്.പിക്ക് പരാതി നൽകി. കൊടുവള്ളി വലിയപറമ്പ് ഫവാസ്, എളേറ്റിൽ പുളുക്കിപ്പൊയിൽ അദിനാൻ എന്നിവർക്കെതിരയാണ് ഫാരിസ് അഹമ്മദ്, മുഹമ്മദ് ആദിൽ, മുഹമ്മദ് സിനാൻ, ആദിൽ ഷാൻ എന്നിവർ പരാതി നൽകിയത്. പാവപ്പെട്ടവരെ സഹായിക്കുന്നതിന് ചാരിറ്റി സംവിധാനം തുടങ്ങുന്നുണ്ടെന്നും സംഘടന എന്ന നിലയിൽ തുടങ്ങാത്തതിനാൽ തൽക്കാലം തങ്ങളുടെ അക്കൗണ്ടുകളിലൂടെ പണം കൈമാറ്റം ചെയ്യാനാണെന്നും പറഞ്ഞാണ് അക്കൗണ്ട് ആരംഭിച്ചത്.
പണം അവർ തന്നെ പിൻവലിക്കുമെന്നും സംഘടന നിലവിൽ വന്നാൽ അതിൽ അംഗങ്ങളാക്കുമെന്നും പറഞ്ഞിരുന്നു. ഒരു സംഘം ക്രിമിനലുകളുമായി ഗൂഢാലോചന നടത്തിയാണ് ചതിയിൽപ്പെടുത്തിയതെന്നും പരാതിയിൽ വ്യക്തമാക്കി. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.