ഓൺലൈൻ ട്രേഡിങ്: ഇടപാടുകാർ ബന്ദിയാക്കിയ യുവാവിനെ മോചിപ്പിച്ചു; അഞ്ചു പേർ അറസ്റ്റിൽ
text_fieldsമലപ്പുറം: ഓൺലൈൻ ട്രേഡിങ് വഴി നഷ്ടമായ പണം തിരികെ കിട്ടാൻ ഇടപാടുകാർ ബന്ദിയാക്കിയ യുവാവിനെ മോചിപ്പിച്ചു. വണ്ടൂരിലെ ആൾപ്പാർപ്പില്ലാത്ത വീട്ടിൽ തടവിൽ കഴിഞ്ഞ യുവാവിനെ പൊലീസ് എത്തി രക്ഷപ്പെടുത്തുകയായിരുന്നു.
മലപ്പുറം എടവണ്ണയിൽ നിന്നാണ് യുവാവിനെ തട്ടിക്കൊണ്ടു പോയത്. സംഭവത്തിൽ അഞ്ചു പേർ അറസ്റ്റിലായി. എടവണ്ണ ഐന്തൂർ സ്വദേശികളായ അജ്മൽ, ഷറഫുദ്ദീൻ, പത്തിപ്പിരിയം സ്വദേശി അബൂബക്കർ, വി.പി. ഷറഫുദ്ദീൻ, വിപിൻ ദാസ് എന്നിവരാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
കാളികാവ് സ്വദേശിയായ യുവാവ് ഓൺലൈൻ ട്രേഡിങ്ങിൽ പണം നിക്ഷേപിച്ചാൽ വലിയ ലാഭം ലഭിക്കുമെന്ന് പറഞ്ഞാണ് അഞ്ചു പേരെ സമീപിച്ചത്. അഞ്ചു പേർ ചേർന്ന് 50 ലക്ഷത്തിലധികം രൂപ യുവാവിന് നൽകുകയും ചെയ്തു. ആദ്യ ഘട്ടത്തിൽ കുറച്ച് പണം ലാഭവിഹിതമായി ലഭിച്ചെങ്കിലും പിന്നീട് യാതൊരു വിവരവുമില്ലായിരുന്നു.
ഇടപാടുമായി ബന്ധപ്പെട്ട വിഷയം സംസാരിക്കാനായി യുവാവിനെ വിളിച്ചു വരുത്തിയ അഞ്ചംഗ സംഘം വണ്ടൂരിലെ ആൾപ്പാർപ്പില്ലാത്ത വീട്ടിൽ പൂട്ടിയിടുകയായിരുന്നു. ശേഷം യുവാവിന്‍റെ വീട്ടുകാരെ വിവരം അറിയിച്ചു.
യുവാവിൽ നിന്ന് പണം ലഭിക്കില്ലെന്ന് ബോധ്യപ്പെട്ടതോടെ കുടുംബത്തെ ഭീഷണിപ്പെടുത്തി. പിന്നീട് എടവണ്ണയിലെ ഒരു വീട്ടിലേക്ക് യുവാവിനെ മാറ്റി. എടവണ്ണ പൊലീസ്, വണ്ടൂർ പൊലീസ്, എസ്.പിയുടെ സ്പെഷ്യൽ സ്ക്വാഡ് എന്നിവർ സംയുക്തമായി നടത്തിയ പരിശോധനയിലാണ് യുവാവിനെ കണ്ടെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.