രജിസ്ട്രേഷൻ വകുപ്പിൽ ഓൺലൈൻ സ്ഥലംമാറ്റം അട്ടിമറിക്കപ്പെടുന്നു
text_fieldsകൊല്ലം: മാനദണ്ഡം അനുസരിച്ച് ഓൺലൈൻ മുഖേനയുള്ള സ്ഥലംമാറ്റം നടപ്പാക്കണമെന്ന ഉദ്യോഗസ്ഥ ഭരണപരിഷ്കരണ വകുപ്പിന്റെ ഉത്തരവ് രജിസ്ട്രേഷൻ വകുപ്പിൽ അട്ടിമറിക്കപ്പെടുന്നു. കൊല്ലത്ത് സമാപിച്ച കേരള ഗെസറ്റഡ് ഓഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ പ്രധാന പ്രമേയങ്ങളിലൊന്ന് മാനദണ്ഡം അനുസരിച്ച് സ്ഥലംമാറ്റം നടപ്പാക്കണമെന്നായിരുന്നു. ഇതാണ് അസോസിയേഷൻ നേതാക്കൾ തന്നെ ഇഷ്ടക്കാർക്കായി അട്ടിമറിക്കുന്നത്. വർഷങ്ങളായി ഇത് തുടരുകയാണെന്നാണ് ജീവനക്കാരുടെ പരാതി. മാന്വലായി നടപ്പാക്കിയ മുൻ വർഷങ്ങളിലെ സ്ഥലംമാറ്റ ഉത്തരവുകൾക്കെതിരെ പല ജീവനക്കാരും അപ്പീൽ നൽകിയെങ്കിലും നടപടി ഉണ്ടായില്ല. ഇതിനിടെ വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെട്ടു.
അദ്ദേഹത്തിന്റെ നിർദേശാനുസാരണം നടത്തിയ പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രജിസ്ട്രേഷൻ വകുപ്പിലെ സ്ഥലംമാറ്റ മാനദണ്ഡം പാലിച്ച് കർശനമായി നടപ്പാക്കണമെന്ന് നിർദേശിച്ച് കഴിഞ്ഞ സെപ്റ്റംബറിൽ കത്തുനൽകി. എന്നാൽ, അത് പൂഴ്ത്തിവെക്കപ്പെട്ടെന്നാണ് പരാതി. രജിസ്ട്രേഷൻ ഇൻസ്പെക്ടർ ജനറലായി ചുമതലയേറ്റ ശ്രീധന്യ സുരേഷ് ഓൺലൈൻ സ്ഥലംമാറ്റം കർശനമായി നടപ്പാക്കണമെന്ന് നിർദേശിച്ചെങ്കിലും എസ്റ്റാബ്ലിഷ്മെന്റ് വിഭാഗം അത് പാലിക്കാൻ തയാറാകുന്നില്ലത്രെ.
കെ.ജി.ഒ.എയുടെ ഒരു നേതാവ് എട്ട് വർഷമായി ഹെഡ് ഓഫിസിൽ തന്നെയാണ് ജോലിചെയ്യുന്നത്. മറ്റൊരു നേതാവിന്റെ ഭാര്യ എട്ട് വർഷമായി ഹെഡ് ഓഫിസിലുണ്ട്. ഇവരുടെ സ്ഥലംമാറ്റം ഒഴിവാക്കാനായി മാത്രം കെ.ജി.ഒ.എ ഈ വകുപ്പിൽ ഓൺലൈൻ ട്രാൻസ്ഫർ നടപ്പാക്കേണ്ടെന്ന് നിർദേശിച്ചതായാണ് ആക്ഷേപം. കെ.ജി.ഒ.എ അംഗങ്ങളായ ജീവനക്കാർ തന്നെയാണ് സംഘടനയുടെ ഇരട്ടത്താപ്പിനെതിരെ രംഗത്തുവന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.