2021ൽ രാജ്യത്ത് കസ്റ്റഡി മരണങ്ങൾ മാത്രം 2432; ആകെ മനുഷ്യാവകാശ ലംഘനങ്ങൾ ഒരു ലക്ഷത്തോളം
text_fieldsകൊച്ചി: വീണ്ടുമൊരു അന്താരാഷ്ട്ര മനുഷ്യാവകാശ ദിനം വരുമ്പോൾ, രാജ്യത്ത് മനുഷ്യാവകാശ ലംഘനങ്ങളുടെ കണക്കുകൾ ഏറിവരുന്നു. 2021 ജനുവരി മുതൽ നവംബർ വരെയുള്ള കാലയളവിൽ ദേശീയ മനുഷ്യാവകാശ കമീഷന് കീഴിൽ രജിസ്റ്റർ ചെയ്തത് 95,623 കേസാണ്. ഇതിൽ ജുഡീഷ്യൽ, പൊലീസ് കസ്റ്റഡി മരണങ്ങൾ മാത്രം 2432 എണ്ണമുണ്ട്. ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കേ മരിച്ചത് 2268 ഉം പൊലീസ് കസ്റ്റഡിയിലിരിക്കേ മരിച്ചത് 164 ഉം ആണ്. 11 മാസങ്ങൾക്കിടെ പൊലീസ് ഏറ്റുമുട്ടലിൽ 128 പേർ കൊല്ലപ്പെട്ടതായി കമീഷന് മുന്നിൽ കേസുകളെത്തി.
സ്ത്രീകൾക്ക് നേരെയുണ്ടായ മനുഷ്യാവകാശ ലംഘനങ്ങളുടെ എണ്ണവും കൂടുതലാണ് -ഇക്കാലയളവിൽ 5762 കേസ് സ്ത്രീകളുടേതായി മാത്രം വന്നു. കുട്ടികളുടെ മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെട്ടതായി വന്ന കേസുകളുടെ എണ്ണം 593ഉം പട്ടികജാതി, പട്ടികവർഗ, മറ്റ് പിന്നാക്ക വിഭാഗക്കാരുടെ കേസുകൾ 907ഉം ആണ്. അടിമപ്പണിയെടുപ്പിക്കുന്നത് സംബന്ധിച്ച് 383 കേസുണ്ടെന്നും കമീഷെൻറ കണക്കുകൾ വ്യക്തമാക്കുന്നു. അധികാര ദുർവിനിയോഗം, അനധികൃതമായി തടങ്കലിൽ വെക്കൽ, പൊലീസ് കസ്റ്റഡിയിലെ ലൈംഗിക ചൂഷണം, കസ്റ്റഡിയിൽ മരിച്ചതെന്ന ആരോപണം തുടങ്ങി മറ്റ് അവകാശലംഘനങ്ങളുടെ എണ്ണം 85,418 വരും.
ഈ 11 മാസത്തിനിടെ മനുഷ്യാവകാശ കമീഷൻ സ്വമേധയാ 15 കേസാണ് രജിസ്റ്റർ ചെയ്തത്. 54 കേസ് മനുഷ്യാവകാശ പ്രവർത്തകരും നൽകി. കമീഷന് മുന്നിൽ കേസുകൾ കെട്ടിക്കിടക്കുന്നതായും രേഖകൾ വ്യക്തമാക്കുന്നു. ഓരോ മാസവും തീർപ്പാക്കുന്നതിെൻറ പലമടങ്ങാണ് തീർപ്പാകാതെ കിടക്കുന്ന കേസുകൾ. 2021 ജനുവരിയിൽ ആകെ 7947 കേസ് രജിസ്റ്റർ ചെയ്തപ്പോൾ തീർപ്പാകാതെയുള്ളത് 15,084 കേസാണ്.
ഫെബ്രുവരിയിൽ യഥാക്രമം 7212, 13829 എന്നിങ്ങനെയാണ് രജിസ്റ്റർ ചെയ്ത കേസുകളുടെയും തീർപ്പാകാത്തതിെൻറയും എണ്ണം. നവംബറിൽ 9847 കേസാണ് പുതുതായി രജിസ്റ്റർ ചെയ്തത്, ഈ മാസം 12,937 കേസ് തീർപ്പാക്കിയപ്പോൾ 21,182 കേസ് കെട്ടിക്കിടക്കുന്നുണ്ട്. ജുഡീഷ്യൽ കസ്റ്റഡിയിൽ സംഭവിച്ച 129 മരണങ്ങൾക്ക് 4,12,50,000 രൂപ കമീഷൻ നഷ്ടപരിഹാരമായി വിധിച്ചിട്ടുണ്ട്. 17 പൊലീസ് കസ്റ്റഡി മരണങ്ങൾക്കായി 73,75,000 രൂപയും നൽകാൻ ഉത്തരവിട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.