കുഞ്ഞാമൻ സാറിനെപ്പോലെ കുഞ്ഞാമൻ സാർ മാത്രം- ഡോ. ജോസ് സെബാസ്റ്റ്യൻ
text_fieldsകുഞ്ഞാമൻ സാറിനെപ്പോലെ കുഞ്ഞാമൻ സാർ മാത്രമെന്ന് സാമ്പത്തിക പണ്ഡിതൻ ഡോ. ജോസ് സെബാസ്റ്റ്യൻ. 1986ൽ പരിചയപ്പെടുന്നതുമുതലുള്ള അനുഭവങ്ങളാണ് അദ്ദേഹം കുറിക്കുന്നത്. കുഞ്ഞാമന്റെ ജീവിതത്തിലെ പോരാട്ടങ്ങളുടെ കഥയാണ് വിശദീകരിക്കുന്നത്.
ഫേസ് ബുക്കിന്റെ പൂർണ രൂപം
കുഞ്ഞാമൻ സാറിനെ ഓർക്കുമ്പോൾ......
കുഞ്ഞാമൻ സാർ എന്ന പ്രഫ. കുഞ്ഞാമൻ "ഞാൻ ഈ ലോകത്തോട് " വിടപറയുന്നു " എന്ന് എഴുതിവെച്ചു വിടപറഞ്ഞു. ഇന്നലെ ആയിരുന്നു സംസ്കാരം. അദ്ദേഹത്തിന്റെ ശിരസിനരികിൽ കുറേനേരം നിന്നു. അദ്ദേഹത്തെ ആദ്യം പരിചയപ്പെടുന്നത് 1986 ഇൽ ആണ്. അന്ന് മുതലുള്ള ഓർമ്മകൾ എന്റെ മനസിലൂടെ മിന്നിമറഞ്ഞു. മൃതശരീരത്തിന് അടുത്തിരിക്കുന്ന അദ്ദേഹത്തിന്റെ ഭാര്യ രോഹിണിച്ചേച്ചി (ഡോ. രോഹിണി )ഉണ്ടാക്കിയ ഭക്ഷണം എത്രയോ തവണ കഴിച്ചിരിക്കുന്നു!!.
ഞാൻ പരിചപ്പെടുമ്പോൾ സാർ Centre for development Studies ഇൽ ലോകപ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞൻ പ്രഫ. കെ.എൻ രാജിനൊപ്പം പി.എച്ച്.ഡി ഗവേഷണത്തിൽ ആണ്. പ്രഫ. രാജുമായിട്ടുള്ള അക്കാദമിക് ഇടപഴകിലിനെക്കുറിച്ച് വളരെ ആവേശത്തോടെ ആണ് അക്കാലത്തു അദ്ദേഹം സംസാരിക്കാറുള്ളത്.
പ്രഫ. രാജിന് അദ്ദേഹത്തെ വലിയ കാര്യം ആയിരുന്നു. പക്ഷെ അക്കാദമിക കാര്യങ്ങളിൽ ഉയർന്ന നിലവാരം പ്രതീക്ഷിക്കുന്ന ആൾ ആയിരുന്നു അദ്ദേഹം. വിരലിൽ എണ്ണാവുന്ന അത്രയും പേരെ അദ്ദേഹത്തിന്റെ കീഴിൽ പി.എച്ച.ഡി നേടിയിട്ടുള്ളു. അവരൊക്കെതന്നെ ലോകബാങ്ക്, ഐ.എം.എഫ് തുടങ്ങിയ സ്ഥാപനങ്ങളിൽ ഉയർന്ന സ്ഥാനങ്ങൾ അലങ്കരിച്ചിട്ടുള്ള സാമ്പത്തിക ശാസ്ത്രജ്ഞൻമാരാണ്. കുഞ്ഞാമൻ സാറിന്റെ ബൗധിക നിലവാരത്തേക്കാൾ ഏറെ ദളിതൻ ആയ ഒരാളെ ഉയർത്തിക്കൊണ്ടുവരണം എന്ന ആഗ്രഹം ആയിരിക്കണം പ്രഫ. രാജ് കുഞ്ഞാമനെ ഗവേഷണ വിദ്യാർത്ഥി ആയി എടുക്കാൻ കാരണം എന്ന് കരുതണം.
ഞാൻ ഇത് പറയുന്നത് പിൽകാലത്ത് കുഞ്ഞാമൻ സാറിന്റെ അക്കാഡാമിക് ആയ സംഭാവനകൾ കണക്കിലെടുത്താണ്. എന്തോ കാരണത്താൽ അവർ തമ്മിൽ തെറ്റി. അതിന്റെ കാരണങ്ങളെ കുറിച്ചുള്ള തന്റെ ഭാഗം കുഞ്ഞാമൻ സാർ അദ്ദേഹത്തിന്റെ " എതിര് " എന്ന ആത്മകഥയിൽ വിവരിക്കുന്നുണ്ട്. അക്കാലത്ത് പ്രഫ. രാജിന് എതിരെ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് ഒരു ചെറിയ ലഘുലേഖ അദ്ദേഹം ഇറക്കിയത് ഓർക്കുന്നു. പ്രധാന ആരോപണം ജാതിയും ആയി ബന്ധപ്പെട്ടത് ആയിരുന്നു എന്ന് തോന്നുന്നു. ഏറെ വിചിത്രം പ്രഫ. രാജ് തന്നെ ഈഴവ സമുദായത്തിൽനിന്നുള്ള ആളായിരുന്നു എന്നതാണ്.
പക്ഷെ കുഞ്ഞാമൻ സാറിന്റെ വ്യക്തിത്വം വെളിപ്പെടുത്തുന്നതാണ് ഇത്. തനിക്കു ശരി എന്ന് തോന്നുന്ന കാര്യങ്ങളിൽ യാതൊരു ഒത്തുതീർപ്പുകൾക്കും തയ്യാർ ആകാത്ത വ്യക്തി. എന്നെപ്പോലെ ഒരു കാര്യസാധ്യക്കാരൻ ആയിരുന്നു എങ്കിൽ പ്രഫ.രാജിനെപ്പോലെ ഉള്ള ഒരാളുടെ കീഴിൽ പി.എച്ച.ഡി പൂർത്തിയാക്കി ലോക ബാങ്ക്, ഐ.എൽ.ഒ, ഐ.എം.എഫ് ഇവയിൽ ഏതെങ്കിലും സ്ഥാപനത്തിൽ കയറിപ്പറ്റാൻ ശ്രമിച്ചേനെ.
ജീവിതത്തിൽ ഉടനീളം ജാതീയമായ ഉച്ചനീതത്വം നേരിട്ടിട്ടുള്ളത് കൊണ്ട് ആയിരിക്കാം അദ്ദേഹം അത് ചെയ്തത്. പിന്നീട് കൊച്ചിൻ യൂനിവേഴ്സിറ്റിയിൽ പ്രഫ.എം.കെ സുകുമാരൻ നായരുടെ കീഴിലാണ് പി.എച്ച്.ഡി പൂർത്തിയാക്കിയത്.
കേരള യൂനിവേഴ്സിറ്റിയിൽ ലച്ചറർ തസ്തികക്ക് അപേക്ഷിച്ച അദ്ദേഹത്തിന്റെ അനുഭവം ആണ് ഏറ്റവും ശ്രദ്ധേയം. ഇത് നമ്മുടെ സുഹൃത്ത് സുധേഷ് എം. രഘു ഇപ്പോഴും പോരാടിക്കൊണ്ടിരിക്കുന്ന വിഷയം കൂടി ആണ്. ഓപ്പൺ മെറിറ്റ് വേക്കൻസി. 32 പേര് അപേക്ഷകർ ആയി ഉണ്ടായിരുന്നു. സബ്ജെക്ട് എക്സ്പെർട്ട് പ്രഫ. എം.എ ഉമ്മൻ. അദ്ദേഹം കുഞ്ഞാമൻ സാറിനു ഒന്നാം റാങ്ക് കൊടുത്തു.
എന്റെ വന്ദ്യഗുരുഭൂ തനും അന്താരാഷ്ട്ര പ്രശസ്തനായ ധനശാസ്ത്രജ്ഞനും ആയ ഉമ്മൻ സാർ ഈ 92 വയസിലും അക്കാദമിക് പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്നു. ഉമ്മൻ സാർ അങ്ങനെ ചെയ്തില്ലെങ്കിലേ അത്ഭുതമുള്ളൂ. ഇടതുപക്ഷ സഹയാ ത്രികൻ ആയ അദ്ദേഹത്തിൽ ജാതിചിന്ത തൊട്ടുതീണ്ടിയിട്ടില്ല. എന്നുമാത്രമല്ല അവരിൽ പെട്ടവർക്ക് കഴിയുന്ന സഹായങ്ങൾ ചെയ്തിട്ടുള്ള ആളുമാണ്.
പക്ഷെ യൂനിവേഴ്സിറ്റി കുഞ്ഞാമൻ സാറിനു നിയമനം കൊടുത്തില്ല. ജനറൽ പോസ്റ്റിൽ എസ്.സി/എസ്.ടി കാർക്കു അപേക്ഷിക്കാൻ പറ്റില്ലത്രേ. ഇത് നിയമസഭയിൽ അടക്കം ചർച്ചയായി. അവസാനം എസ്.സി/എസ്.ടി ക്ക് വേണ്ടി ഒരു സൂപ്പർ നുമെററി പോസ്റ്റ് സൃഷ്ടിച്ചാണ് കുഞ്ഞാമൻ സാറിനു നിയമനം കിട്ടിയത്.
ഭിന്നശേഷിക്കാരിയായ തന്റെ ഇളയമകൾ മരിച്ചതോടെ അദ്ദേഹം കടുത്ത വിഷാദ രോഗി ആയി. ഒരു പ്രാവശ്യം ആത്മഹത്യക്ക് ശ്രമിച്ചതാണ്. സാമ്പ്രദായിക അർഥിത്തിൽ അക്കാദമിക് ഗവേഷണം അദ്ദേഹം കാര്യമായി ചെയ്തില്ല. അധ്യാപനത്തിന് പുറമെ ഒരു ചിന്തകനും സംവാദകനും ആയി അദ്ദേഹം കേരളം മുഴുവൻ നിറഞ്ഞു നിന്നു. അദ്ദേഹത്തിന്റെ വാദങ്ങളും സമീപനവും ഏറെപ്പേരെ ആകർഷിച്ചു.
എന്നെ ഏറ്റവും ആകർഷിച്ചു ഒരുകാര്യം അദ്ദേഹം എല്ലാ കാലത്തും സ്ഥാനമാനങ്ങളോട് അകന്നുനിന്നു എന്നതാണ്. യു.ജി.സി അംഗം എന്ന സ്ഥാനം അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് രാജിവച്ചു. ഒരു രാഷ്ട്രീയ പാർട്ടിയോടും അടുത്തുനിന്നില്ല. ആദ്യകാലത്തു ഇടതുപഷക്കാരൻ ആയിരുന്ന അദ്ദേഹം അവരെ പിന്നീട് തള്ളിപ്പറഞ്ഞു. അല്പം compromise ചെയ്തിരുന്നു എങ്കിൽ വൈസ് ചാൻസിലർ, ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ തുടങ്ങിയ പദവികൾ എളുപ്പം കൈവരുമായിരുന്നു. അദ്ദേഹം ബി.ജെ.പി യിൽ ചെന്നിരുന്നു എങ്കിൽ ഇന്ന് രാഷ്ട്രപതിയുടെ കസേരയിൽ ഇരിക്കുമായിരുന്നു.
എല്ലാ കാലത്തും. ആ ഓർമ്മക്കു മുൻപിൽ പ്രണാമം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.