സുരക്ഷ മണ്ഡലകാലത്ത് മാത്രം; അപകടത്തുരുത്തായി ശബരിമല റോഡുകൾ
text_fieldsവടശ്ശേരിക്കര: മണ്ഡലകാലം കഴിഞ്ഞാൽ ശബരിമല റോഡുകളിലെ സുരക്ഷ അപ്പാടെ പിൻവലിക്കുന്നത് അപകടങ്ങൾ വർധിക്കാനിടയാക്കുന്നു. മാസപൂജകൾക്കും മറ്റുമായി എത്തുന്ന തീർഥാടകൾക്ക് പിന്നീട് ദുരിതകാലമാണ്. മണ്ഡല- മകരവിളക്ക് കാലത്ത് വഴിയിലുടനീളം പൊലീസ് പട്രോളിങ്ങും ട്രാഫിക് നിയന്ത്രണങ്ങളും സിഗ്നൽ സംവിധാനങ്ങളുമെല്ലാം ഒരുക്കി റോഡ് സുരക്ഷ പരിപാലിക്കുന്നുണ്ടെങ്കിലും പിന്നീട് ഇവയെല്ലാം അപ്പാടെ പിൻവലിക്കുന്ന സ്ഥിതിയാണ്.
മാസപൂജക്കും വിഷുപൂജക്കും ഉത്സവത്തിനുമൊക്കെ അപ്രതീക്ഷിത വാഹനത്തിരക്ക് ഉണ്ടാകാറുണ്ട്. എന്നാൽ, റോഡ് സുരക്ഷ ക്രമീകരണങ്ങൾ ഒരുക്കുന്നതിലോ സുരക്ഷ ഉദ്യോഗസ്ഥരെ നിയമിക്കുന്നതിലോ ബന്ധപ്പെട്ടവർ നടപടിയെടുക്കുന്നില്ല. വനമേഖലയിലെ കാലാവസ്ഥ മാറ്റങ്ങളും അപകടങ്ങൾക്കിടയാക്കുന്നുണ്ട്.
മണ്ഡലകാലം കഴിഞ്ഞാൽ കച്ചവട സ്ഥാപനങ്ങളും കുറയും. തീർഥാടന വാഹനത്തിലെ ഡ്രൈവർമാരും ശബരിമലയിലേക്ക് സാധനങ്ങളുമായി എത്തുന്ന ചരക്ക് ലോറിയിലെ ഡ്രൈവർമാരും മറ്റും ഉറങ്ങിപ്പോകുന്നതും അപകടകാരണമാകാറുണ്ട്. വന്യമൃഗങ്ങൾ വാഹത്തിന് മുന്നിലേക്ക് ചാടിയുണ്ടാകുന്ന അപകടങ്ങളും കുറവല്ല.
കൊക്കയിലേക്ക് മറിഞ്ഞ ചരക്കുലോറി അപകടം ദിവസങ്ങൾക്ക് ശേഷം തിരിച്ചറിഞ്ഞ സംഭവവും ഉണ്ടായിട്ടുണ്ട്. ഗതാഗത സിഗ്നൽ സംവിധാനങ്ങൾ സ്ഥിരമായി നിലനിർത്തണമെന്നും എല്ലാ മാസപൂജ കാലത്തും മണ്ഡലകാലത്തിന് സമാനമായ റോഡ് സുരക്ഷ സംവിധാനങ്ങൾ ഒരുക്കണമെന്നുമുള്ള ആവശ്യം ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.