ഈ കോളനിയിൽ അസൗകര്യങ്ങൾ മാത്രം
text_fieldsമേപ്പാടി: കുടിവെള്ളമടക്കം പ്രാഥമിക സൗകര്യങ്ങളൊന്നുമില്ലാതെ കേരളത്തിലെ ഏറ്റവും വലിയ ട്രൈബൽ സെറ്റിൽമെന്റ് കോളനിയെന്ന് വിശേഷിപ്പിക്കുന്ന പരൂർക്കുന്ന് കോളനിയിൽ താമസക്കാരായ ആദിവാസി കുടുംബങ്ങൾ. ദൂരെയുള്ള മൺകുഴിയിൽനിന്ന് വെള്ളം ശേഖരിച്ച് തലച്ചുമടായി 500 മീറ്ററോളം കയറ്റം കയറി എത്തിച്ചാണ് ഇവിടത്തെ കുടുംബങ്ങൾ കുടിവെള്ളം ഉപയോഗിക്കുന്നത്.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആദിവാസി കുടുംബങ്ങൾക്കായി 170ഓളം വീടുകൾ നിർമിച്ചുനൽകി എന്നതൊഴിച്ചാൽ മറ്റ് അത്യാവശ്യ ജീവിത സൗകര്യങ്ങളൊന്നും ഇവർക്ക് ലഭ്യമല്ല. 10 സെന്റ് സ്ഥലത്ത് ആറരലക്ഷം രൂപ ചെലവഴിച്ച് ഓരോ വീട് നിർമിച്ചു നൽകിയിരിക്കുകയാണിവിടെ. 240 വീടുകൾ നിർമിക്കാനാണ് പദ്ധതി.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കുടുംബങ്ങളാണ് ഇവിടെ താമസത്തിനെത്തുന്നത്. ഇവിടേക്കുള്ള മണ്ണ് റോഡ് മഴ പെയ്താൽ ചളിക്കുളമാകും. ഒരു വാഹനംപോലും പിന്നെ വരില്ല. കുട്ടികളുടെ വിദ്യാഭ്യാസത്തിന് സൗകര്യമില്ല. അഞ്ച് കിലോ മീറ്റർ അകലെയുള്ള പാക്കം സ്കൂളിൽ പോകണം പ്രൈമറി വിദ്യാഭ്യാസത്തിന്. കോളനിയിൽ ഒരു അംഗൻവാടിയോ ചികിത്സാ സൗകര്യമോ ഇല്ല. അടുത്തെങ്ങും ഒരു പെട്ടിക്കട പോലുമില്ല.
തൊഴിൽ സൗകര്യമില്ല. കമ്പളക്കാട്, മുട്ടിൽ, കണിയാമ്പറ്റ, പനമരം എന്നിവിടങ്ങളിൽനിന്ന് ഇവിടേക്ക് വന്നവർ രണ്ടും മൂന്നും ബസുകൾ മാറിക്കയറി അതത് പ്രദേശങ്ങളിൽ പോയി ജോലി ചെയ്ത് വൈകീട്ട് തിരികെ കോളനിയിലെത്തണം. നൂറിൽപ്പരം കുടുംബങ്ങൾ ഇവിടെ ലഭിച്ച വീടുകളിൽ താമസത്തിനെത്തിയെങ്കിലും കുടിവെള്ളമില്ലാത്തതിനാൽ പലരും വീട് ഒഴിഞ്ഞുപോകുന്ന സ്ഥിതിയാണുള്ളത്.
പട്ടികവർഗ വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ചാണ് നിർമാണം. എല്ലാ പ്രവൃത്തികൾക്കും വെവ്വേറെ പാക്കേജാണ്. റോഡ്, കിണർ, ആരോഗ്യ കേന്ദ്രം, അംഗൻവാടി തുടങ്ങി എല്ലാം പാക്കേജിൽ ഉൾപ്പെട്ടിട്ടുണ്ട്. പക്ഷെ 70ഓളം വീടുകൾ ഇനിയും പണി പൂർത്തീകരിക്കാൻ ബാക്കിയാണ്. മറ്റ് പ്രവൃത്തികളും ബാക്കിയാണ്.
വീടുകൾ പൂർത്തീകരിക്കപ്പെട്ടാൽതന്നെ മറ്റ് അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്താൻ പിന്നെയും വർഷങ്ങളെടുക്കുന്ന സ്ഥിതി. കാരാപ്പുഴ പദ്ധതിക്കു വേണ്ടി ഒഴിപ്പിച്ച ആദിവാസികളുടെ പുനരധിവാസത്തിന് ചീപ്രംകുന്നിൽ നിർമ്മിച്ചു നൽകിയ വീടുകളുടെ അവസ്ഥയും ഇതു തന്നെയാണ്.
നിരവധി വീടുകളാണ് താമസക്കാർ ഒഴിവാക്കിപ്പോയത്. കോടികൾ ചെലവഴിക്കപ്പെടുന്നു എന്നല്ലാതെ പദ്ധതിയുടെ ഗുണം ആദിവാസി കുടുംബങ്ങൾക്ക് വേണ്ട വിധത്തിൽ കിട്ടുന്നില്ല എന്നതാണ് ഇവിടത്തെയും അവസ്ഥ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.