ആറ് ജില്ലകളിൽ ഇനി ആർ.ടി.പി.സി.ആർ പരിശോധന മാത്രം
text_fieldsതിരുവനന്തപുരം: വാക്സിൻ വിതരണം 80 ശതമാനം പൂര്‍ത്തീകരിച്ച മൂന്നു ജില്ലകളിലും 80 ശതമാനത്തോടടുക്കുന്ന മൂന്നു ജില്ലകളിലും ആർ.ടി.പി.സി.ആർ പരിശോധന മാത്രം നടത്താൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിൽ തീരുമാനം. വയനാട്, പത്തനംതിട്ട, എറണാകുളം എന്നീ ജില്ലകളിലാണ് 80 ശതമാനം പൂർത്തീകരിച്ചത്. വാക്സിനേഷന് 80 ശതമാനത്തിലേക്ക് അടുക്കുന്ന തിരുവനന്തപുരം, ഇടുക്കി, കാസര്‍കോട് ജില്ലകളിലും ഇനി ആർ.ടി.പി.സി.ആർ മാത്രമാകും. അതോടൊപ്പം എല്ലാ ജില്ലകളിലും ആർ.ടി.പി.സി.ആർ പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു.
'സി.1.2' കോവിഡ് വകഭേദം കണ്ടെത്തിയ രാജ്യങ്ങളില്‍നിന്ന് വരുന്നവരെ പരിശോധിക്കാന്‍ വിമാനത്താവളങ്ങളില്‍ പ്രത്യേക സംവിധാനം ഒരുക്കും. അവരെ ആർ.ടി.പി.സി.ആർ പരിശോധനക്ക് വിധേയമാക്കുകയും ക്വാറൻറീന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. ജില്ലകള്‍ക്ക് വാക്സിന് വിതരണം നടത്തുമ്പോള്‍ താരതമ്യേന കുറഞ്ഞ തോതിൽ വാക്സിനേഷൻ നടന്ന ജില്ലകളെ പരിഗണിച്ച് ക്രമീകരണം ഉണ്ടാക്കും.
തദ്ദേശ സ്ഥാപനങ്ങളിലെ വാക്സിനേഷന് കണക്കെടുത്ത് ആനുപാതികമായി വാക്സിന് നല്‍കാന്‍ ജില്ലകൾ ശ്രദ്ധിക്കണം. നിലവില്‍ എട്ടു ലക്ഷം ഡോസ് വാക്സിന് സംസ്ഥാനത്തിെൻറ പക്കലുണ്ട്. അത് ഉടന്‍ നല്‍കിത്തീര്‍ക്കും. 60 വയസ്സിനു മുകളിലുള്ളവര്‍ക്ക് നല്ലതോതില്‍ വാക്സിൻ നല്‍കാനായിട്ടുണ്ട്. ബാക്കിയുള്ളവര്‍ക്കുകൂടി എത്രയും പെട്ടെന്ന് നല്‍കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ മുന്നിട്ടിറങ്ങണം. സിറിഞ്ചുകളുടെ അഭാവം നിലവിലില്ല.
പഞ്ചായത്ത് മുഴുവനായി അടച്ചിടില്ല, ഇനി വാർഡ് തല ലോക്ഡൗൺ
തിരുവനന്തപുരം: പ്രതിവാര ഇന്ഫെക്ഷന് പോപുലേഷന്‍ റേഷ്യോ (ഡബ്ല്യു.ഐ.പി.ആര്‍) ഏഴിനു മുകളിലുള്ള പഞ്ചായത്തുകളിൽ പൂർണ ലോക്ഡൗൺ ഏർപ്പെടുത്തുന്ന നിലവിലെ രീതിക്കു പകരം ഇനി മുതൽ വാർഡ് തല ലോക്ഡൗൺ. ഇതിനായി പഞ്ചായത്തുകളിലെ വാർഡ് തല കോവിഡ് പരിശോധന വിവരങ്ങൾ ശേഖരിക്കുകയും ഡബ്ല്യു.ഐ.പി.ആര്‍ വാർഡ് അടിസ്ഥാനത്തിൽ കണക്കാക്കുകയും ചെയ്യും. ഇതിെൻറ അടിസ്ഥാനത്തിലാണ് വാർഡ് തല ലോക്ഡൗൺ പ്രഖ്യാപിക്കുക.
അധ്യാപകരെ സെക്ടറല്‍ മജിസ്ട്രേറ്റ് ജോലിയില്‍നിന്ന് ഒഴിവാക്കണമെന്ന നിര്‍ദേശം നടപ്പാക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. സന്നദ്ധരാവുന്ന അധ്യാപകരെ ഉള്‍പ്പെടുത്തും. ഐ.സി.യു ബെഡുകളുടെയും വെൻറിലേറ്ററുകളുടെയും എണ്ണം വർധിപ്പിച്ചിട്ടുണ്ട്. വീടുകളില്‍ കഴിയുന്ന കോവിഡ് ബാധിതരില്‍ വാക്സിനേഷന് സ്വീകരിച്ച ശേഷം കോവിഡ് ബാധിച്ച എത്രപേരുണ്ടെന്ന കണെക്കടുക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.