അൻവറിന്റെ യോഗങ്ങളിൽ എസ്.ഡി.പി.ഐ, ജമാഅത്തുകാർ; പരിപാടി പൊളിഞ്ഞു -എം.വി. ഗോവിന്ദൻ
text_fieldsകണ്ണൂർ: പി.വി. അൻവറിന്റെ പൊതുയോഗങ്ങളിൽ പങ്കെടുക്കുന്നത് എസ്.ഡി.പി.ഐ, ജമാഅത്ത് പ്രവർത്തകരാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ചുരുങ്ങിയ എണ്ണം പാർട്ടി അനുഭാവികൾ മാത്രമാണ് അൻവറിനൊപ്പമുള്ളത്. പരിപാടി പൊളിഞ്ഞതോടെ തൊണ്ടക്ക് സുഖമില്ലെന്ന് പറഞ്ഞ് പരിപാടി മാറ്റിവെക്കുകയാണെന്നും ഗോവിന്ദൻ പരിഹസിച്ചു. സി.പി.എം മുൻ സംസ്ഥാന സെക്രട്ടറിയും പി.ബി അംഗവുമായിരുന്ന കോടിയേരി ബാലകൃഷ്‌ണന്റെ രണ്ടാം ചരമവാർഷിക ദിനാചരണത്തിന്‍റെ ഭാഗമായി പയ്യാമ്പലത്തു നടന്ന പരിപാടിയിലാണ് എം.വി. ഗോവിന്ദന്‍റെ പരാമർശം.
“അൻവർ ഒരു പൊതുയോഗം നടത്തി. ആരാണതിന്‍റെ പിന്നിലെന്ന് അത് പരിശോധിച്ചു നോക്കിയാൽ നിങ്ങൾക്ക് മനസ്സിലാകും. രണ്ട് പ്രബലമായ വിഭാഗങ്ങളാണ് അതിൽ പങ്കെടുത്തത്. ഒന്ന് എസ്.ഡി.പി.ഐ ആണ്, മലപ്പുറത്ത് അതിന് ക്ഷാമമില്ലല്ലോ. മറ്റൊന്ന് ജമാഅത്ത് ഇസ്‌ലാമിയാണ്. അതിനൊപ്പം ലീഗ്, കോൺഗ്രസ് പ്രവർത്തകരുമുണ്ട്. അതിനിടയിൽ പത്തോ മുപ്പതോ പേർ മാത്രമാണ് പാർട്ടിയുമായി ബന്ധമുള്ളവർ. ജമാത്തെ ഇസ്‌ലാമിയും പോപ്പുലർ ഫ്രണ്ടും മുസ്‌ലിം ലീഗും കോൺഗ്രസും ചേർന്ന അവിശുദ്ധ മുന്നണിയാണ് അൻവറിന്റെ പിന്നിൽ പ്രവർത്തിക്കുന്നത്” -എം.വി. ഗോവിന്ദൻ പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ഈ അവിശുദ്ധ സഖ്യം, ഇപ്പോൾ ഇടതുസർക്കാരിനും പാർട്ടിക്കുമെതിരെ പ്രവർത്തിക്കുകയാണെന്ന് ഗോവിന്ദൻ ആരോപിച്ചു. ഇന്നലെ കോഴിക്കോട് നടന്ന അൻവറിന്റെ പൊതുയോഗത്തിൽ മുന്നൂറ് പേരാണ് ഉണ്ടായിരുന്നത്. ഈ കാര്യത്തിൽ പാർട്ടിക്ക് വ്യക്തമായ കണക്കുണ്ട്. ഇതിൽ ഒരാൾ മൂന്ന് വർഷം മുമ്പ് പാർട്ടിയിൽനിന്നും പുറത്താക്കിയ ഏരിയാ കമ്മിറ്റി അംഗമാണ്. മറ്റൊരാൾ സംഘടനയിൽനിന്നും പുറത്താക്കിയ ഡി.വൈ.എഫ്.ഐ പ്രവർത്തകനും. പാർട്ടി ബന്ധമുള്ള മറ്റാരും അൻവറിന്റെ പൊതുയോഗത്തിൽ പങ്കെടുത്തിട്ടില്ലെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
കോഴിക്കോട് നടത്തിയ പൊതുസമ്മേളനം പൊളിഞ്ഞതോടെ തൊണ്ടവേദനയായതിനാൽ ഇനി പൊതുസമ്മേളനങ്ങൾ ഇപ്പോഴില്ലെന്നാണ് അൻവർ പറയുന്നത്. അൻവറിനേക്കാൾ വലിയ കരുത്തർ വെല്ലുവിളിച്ചിട്ടും ഒരു കുലുക്കവും സംഭവിക്കാത്ത പാർട്ടിയാണിതെന്ന് ഓർക്കണം. പാർട്ടിക്കെതിരെയുള്ള കടന്നാക്രമണങ്ങൾ സാമാന്യജനങ്ങളെ അണിനിരത്തി നേരിടുമെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.