കോൺഗ്രസിൽ ഒ.എൻ.വി വിവാദം
text_fieldsതിരുവനന്തപുരം: സംസ്ഥാന കോൺഗ്രസിൽ ഒ.എൻ.വി വിവാദം. തിരുവനന്തപുരം ജില്ല കോൺഗ്രസ് കമ്മിറ്റി ഡി.സി.സി ആസ്ഥാനത്ത് സംഘടിപ്പിച്ച ഒ.എൻ.വി അനുസ്മരണമാണ് വിവാദത്തിലായത്. എക്കാലവും കോൺഗ്രസിനെ എതിർക്കുകയും ഇന്ദിരഗാന്ധി കൊല്ലപ്പെട്ടപ്പോൾ പോലും അപമാനിക്കുകയും ചെയ്തയാളെ കോൺഗ്രസ് ഓഫിസിൽ അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ച് ആദരിക്കേണ്ട അവശ്യമിയില്ലായിരുന്നുവെന്നാണ് ഒരു വിഭാഗം നേതാക്കളുടെ നിലപാട്.
കഴിഞ്ഞദിവസം ചേർന്ന കെ.പി.സി.സി ഭാരവാഹികളുടെയും നിർവാഹക സമിതിയംഗങ്ങളുടെയും യോഗത്തിലാണ് ഒ.എൻ.വി അനുസ്മരണ ചടങ്ങ് വിമർശിക്കപ്പെട്ടത്. സംഭവിച്ചത് എന്താണെന്ന് പരിശോധിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് യോഗത്തിൽ അറിയിച്ചു.
എക്കാലവും കോൺഗ്രസ് വിരുദ്ധ കാഴ്ചപ്പാട് വെച്ചുപുലർത്തുകയും തിരുവനന്തപുരം ലോക്സഭ സീറ്റിൽ ഇടതുമുന്നണി സ്ഥാനാർഥിയായി മത്സരിച്ചയാളുമാണ് ഒ.എൻ.വി കുറുപ്പെന്ന് വിമർശകർ ചൂണ്ടിക്കാട്ടി. മാത്രമല്ല, ഇന്ദിരഗാന്ധി വെടിയേറ്റ് കൊല്ലപ്പെട്ടപ്പോൾ വാഹനമിടിച്ച് നായ ചത്തുവീഴുന്നതുമായി താരതമ്യപ്പെടുത്തിയ ചരിത്രമാണ് അദ്ദേഹത്തിന്റെത്.
സാഹിത്യരംഗത്തെ അദ്ദേഹത്തിന്റെ കഴിവിനെ മാനിക്കുന്നെങ്കിലും കോൺഗ്രസിനോട് എക്കാലവും പക പുലർത്തിയിരുന്ന അദ്ദേഹത്തിന്റെ രാഷ്ട്രീയനിലപാട് അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചവർ തിരിച്ചറിഞ്ഞില്ലെന്നും വിമർശകർ ഓർമിപ്പിച്ചു.
ഡി.സി.സി ഓഫിസിൽ ഒ.എൻ.വി അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ച് ആദരിച്ചതിനെതിരായ പൊതുവികാരമാണ് യോഗത്തിൽ ഉയർന്നതെങ്കിലും അത് വിവാദമാക്കി പാർട്ടിക്ക് ദോഷമുണ്ടാകാൻ ഇടവരുത്തരുതെന്ന വാദം എല്ലാവരും അംഗീകരിച്ചു. ഒ.എൻ.വിയുടെ രാഷ്ട്രീയത്തെ എതിർക്കുന്നുവെന്നും അദ്ദേഹത്തിന്റെ രാഷ്ട്രീയത്തെയും സാഹിത്യത്തെയും രണ്ടായി കാണുന്നുവെന്നുമുള്ള എം.എം. ഹസന്റെ അഭിപ്രായത്തോടെയാണ് തർക്കം കെട്ടടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.