'ആർ.എസ്.എസുകാരന്‍റെ വീട്ടില്‍ മധുര പലഹാരം വിതരണം ചെയ്യുന്നത് കണ്ടു' -ഗാന്ധിജി കൊല്ലപ്പെട്ട ദിവസം ഒ.എൻ.വിയുടെ ഓർമയിൽ
text_fields1948 ജനുവരി 30. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ ഹിന്ദുമഹാസഭ പ്രവർത്തകൻ വിനായക് ദാമോദർ ഗോഡ്സെ വെടിവെച്ചുകൊന്ന ദിവസം. അന്ന്, നമ്മുടെ തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് നടന്ന സംഭവവികാസങ്ങളെ കുറിച്ച് യശശ്ശരീരനായ മഹാകവി ഒ.എന്‍.വി കുറുപ്പ് വിവിധ വേദികളിൽ ഓർമകൾ പങ്കുവെച്ചിട്ടുണ്ട്. ഗാന്ധിജിയുടെ രക്തസാക്ഷിത്വത്തെ കുറിച്ച് 1991 ഫെബ്രുവരി 10ന് കലാകൗമുദിയില്‍ ഒഎന്‍വി എഴുതിയ കുറിപ്പ് വായിക്കാം:
'ഗാന്ധിജി വെടിയേറ്റ് മരിക്കുന്നതിന് ഒരാഴ്ച മൂന്‍പ് തിരുവനന്തപുരം തൈക്കാട് മൈതാനിയില്‍ ആർ.എസ്.എസിന്‍റെ ഒരു യോഗം നടക്കുന്നു. ഗുരുജി ഗോള്‍വാള്‍ക്കര്‍ ആണ് പ്രഭാഷകന്‍. ദേശീയ ഐക്യത്തേയും സ്വാതന്ത്ര്യത്തേയും കുറിച്ച് അദ്ദേഹം എന്ത് പറയുന്നു എന്ന് കേള്‍ക്കാന്‍ കോളേജില്‍ നിന്ന് ഞാനുള്‍പ്പെടെ ഒരു ചെറിയ സംഘം തൈക്കാട്ടേക്ക് പോയി.
ഗോള്‍വാക്കര്‍ അതിനിശിതമായി ഗാന്ധിജിയെ വിമര്‍ശിച്ച് സംസാരിക്കുന്നു. എന്‍റെ ഓര്‍മ്മ ശരിയാണെങ്കില്‍ മലയാറ്റൂരും കരുനാഗപ്പള്ളി കാര്‍ത്തികേയനും യോഗാനന്തരം ചില ചോദ്യങ്ങള്‍ ഗോള്‍വാക്കറോട് ചോദിച്ചു. ശാന്തമായി മറുപടി പറയുന്നതിന് പകരം അയാള്‍ ഞങ്ങളെ തല്ലാന്‍ മൗനാനുവാദം നല്‍കുകയാനുണ്ടായത്. യോഗത്തിലുണ്ടായിരന്നവര്‍ ഞങ്ങളെ തല്ലാന്‍ തുടങ്ങി. ഞങ്ങളും തിരിച്ചവരെ തല്ലി. രണ്ടാഴ്ച കഴിഞ്ഞ് ഒരു ദിവസം കോളേജില്‍ നിന്ന് ഹോസ്റ്റലില്‍ എത്തിയപ്പോഴാണ് ഗാന്ധിജി വെടിയേറ്റു മരിച്ച വിവരം അറിയുന്നത്.
കനത്ത ദു:ഖത്തോടെ തൈക്കാട് മൈതാനത്തിന് സമീപത്ത് കൂടെ ഞങ്ങള്‍ നടന്ന് പോകുേമ്പാൾ അതിനടുത്ത് ഒരു ആർ.എസ്.എസുകാരന്‍റെ വീട്ടില്‍ മധുര പലഹാരം വിതരണം ചെയ്യുന്നത് കണ്ട് അക്രമത്തിന് തുനിഞ്ഞ ഞങ്ങളെ വരദരാജന്‍ നായര്‍ സമാധാനിപ്പിച്ച് കറുത്ത ബാഡ്ജ് ധരിപ്പിച്ച് ഒരു മൗന ജാഥയാക്കി മാറ്റി. വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്നും ഗോള്‍വാക്കരുടെ പ്രസംഗവും മധുര പലഹാര വിതരണവും എന്‍റെ മനസ്സിനെ നൊമ്പരപ്പെടുത്തുന്ന ഓര്‍മ്മയായി അവശേഷിക്കുന്നു'
(ഒ.എന്‍.വി കുറുപ്പ് കലാകൗമുദി 1991 ഫെബ്രുവരി 10)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.