അതിവൈകാരികം
text_fieldsതിരുവനന്തപുരം: ‘‘കണ്ണേ കരളേ കുഞ്ഞൂഞ്ഞേ, ആര് പറഞ്ഞു മരിച്ചെന്ന്, ജീവിക്കുന്നൂ ഞങ്ങളിലൂടെ’’ കണ്ണീരൊഴുകി, തൊണ്ടയിടറി വഴിയിലെ ജനക്കൂട്ടം ഉറക്കെ വിലപിച്ചു. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശനും സംഘവും ഏറ്റുവാങ്ങിയ ഭൗതികദേഹം വഹിച്ചുള്ള വിലാപയാത്രക്ക് പൊലീസ് ഏറെ പണിപ്പെട്ടാണ് വഴിയൊരുക്കിയത്.
ജഗതിയിലെ പുതുപ്പള്ളി ഹൗസിലേക്കുള്ള യാത്രയിലുടനീളം വാഹനത്തിന് മുന്നോട്ടുനീങ്ങാൻ കഴിയാത്ത നിലയിലായിരുന്നു ജനസാഗരം. എന്നും, ജനക്കൂട്ടത്തിന് നടുവിൽ കാര്യണ്യമോലുന്ന ചിരിയുമായി നിലകൊണ്ട കേരളത്തിന്റെ കുഞ്ഞൂഞ്ഞ് മൊബൈൽ മോർച്ചറിയുടെ തണുപ്പിൽ കിടക്കുമ്പോൾ, സ്നേഹത്തിന്റെയും ആദരവിന്റെയും സങ്കടത്തിന്റെയും സമ്മിശ്ര വികാരവുമായി ജനക്കൂട്ടം പൊതിഞ്ഞുനിന്നു. പ്രിയനേതാവിനെ ഒരുനോക്ക് കാണാൻ ആളുകൾ മണിക്കൂറുകൾ വഴിയിൽ കാത്തുനിന്നു. കുേറപ്പേർ കൈയിലിരുന്ന പൂക്കൾ വണ്ടിക്കുനേരെയെറിഞ്ഞു.
കുേറപ്പേർ പ്രായം മറന്നും ഉറക്കെ മുദ്രാവാക്യം മുഴക്കി. ചിലർ വാഹനത്തിന്റെ ചില്ലിൽ കൈ ചേർത്തുവെച്ച് അന്ത്യയാത്രാമൊഴി നേർന്നു. വഴിയരികിൽ കാത്തുനിന്ന സി.പി.എം നേതാവ് പി. ജയരാജൻ ആംബുലൻസിൽ കയറി അന്ത്യോപചാwരമർപ്പിച്ചു.പൊതുദർശനത്തിന് ഡി.സി.സി നേരേത്ത നിശ്ചയിച്ച സമയക്രമമൊക്കെ പാേട തെറ്റിപ്പോയിരുന്നു. രണ്ടരക്ക് വിമാനത്താവളത്തിലെത്തിയ ശേഷം വൈകീട്ട് മൂന്നോടെ വീട്ടിലെത്തിക്കാനായിരുന്നു തീരുമാനമെങ്കിലും നാലേ മുക്കാലോടെയാണ് അതിനുസാധിച്ചത്.
വീട്ടിലേക്ക് മൃതദേഹം കയറ്റാനും ഏറെ പാടുപെട്ടു. അതിവൈകാരികമായ രംഗങ്ങളാണ് വീടിനുമുന്നിലെ പന്തലിൽ കണ്ടത്. പ്രായാധിക്യവും അനാരോഗ്യവും വകവെക്കാതെ ദൂരെനിന്ന് വന്ന മനുഷ്യരും ആശുപത്രിക്കുള്ള യാത്രയൊഴിവാക്കി വീട്ടിലെത്തിയ വയോധികയും ഒരേപോലെ ഹൃദയം തകർന്ന് വാവിട്ടുകരഞ്ഞു.എ.കെ. ആന്റണിയും കുടുംബവും ഉച്ചക്ക് രണ്ടോടെ വീട്ടിലെത്തിയിരുന്നു.
വികാരാധീനനായ ആന്റണി കുടുംബനാഥനെ പോലെ ഉമ്മൻ ചാണ്ടിയെ കാത്തുനിൽക്കുകയായിരുന്നു. ഉമ്മൻ ചാണ്ടിയുടെ ഭൗതികദേഹം കണ്ട അദ്ദേഹം പൊട്ടിക്കരഞ്ഞു, അന്ത്യചുംബനം നൽകി. ആന്റണിയും എലിസബത്തും ചാണ്ടി ഉമ്മനെ വാരിപ്പുണർന്ന് ആശ്വസിപ്പിച്ചു. പിതാവിന്റെ സന്തതസഹചാരിയെ കണ്ട് അച്ചു ഉമ്മനും വാവിട്ടുകരഞ്ഞു. വി.എം. സുധീരനും പൊട്ടിക്കരഞ്ഞു.
പൊലീസിന് നിയന്ത്രിക്കാനാകാത്തവിധം ആളുകൾ വീട്ടിൽ ഇരച്ചുകയറി. ഒടുവിൽ ചാണ്ടി ഉമ്മൻ കൈകൂപ്പി യാചിച്ചാണ് ആളുകളെ അൽപനേരത്തേക്ക് പുറത്തേക്കിറക്കിയത്. ഓർത്തഡോക്സ് സഭ തിരുവനന്തപുരം ഭദ്രാസനാധിപൻ ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് പ്രാർഥനക്ക് നേതൃത്വം നൽകി.
ശിവഗിരി മഠത്തിൽ നിന്നുള്ള സന്യാസസംഘവും പ്രാർഥന നടത്തി. ജനം കിലോമീറ്റർ നീളുന്ന ആൾക്കൂട്ടമായി മാറിയതിനാൽ, നേതാക്കൾ അകമ്പടി വാഹനത്തിലെ മൈക്കിൽ നിർദേശം നൽകിയാണ് നിയന്ത്രിച്ചത്.മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ, എം.പിമാരായ രാജ്മോഹൻ ഉണ്ണിത്താൻ, അടൂർ പ്രകാശ്, ഹൈബി ഈഡൻ, എ.എ. റഹീം, മുൻ മന്ത്രി കെ. ബാബു, നടന്മാരായ കുഞ്ചാക്കോ ബോബൻ, രമേശ് പിഷാരടി, വി.എസ്. അച്യുതാനന്ദന്റെ മകൻ അരുൺകുമാർ, സി.പി. ജോൺ, ടി. സിദ്ദീഖ് എന്നിവരും വീട്ടിലെത്തിയിരുന്നു.
ദർബാർ ഹാളിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. രാഷ്ട്രീയ എതിരാളിയായിരുന്നിട്ടും തങ്ങൾ തമ്മിൽ നല്ല സൗഹൃദമായിരുന്നെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു. മനുഷ്യസ്നേഹിയായിരുന്ന ഉമ്മൻ ചാണ്ടിയുടെ വിയോഗം പൊതുസമൂഹത്തിന് തീരാനഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു. പിന്നീട് പാളയം സെന്റ് ജോർജ് ഓർത്തഡോക്സ് സിറിയൻ കത്തീഡ്രലിലും കെ.പി.സി.സി ആസ്ഥാനത്തും മൃതദേഹം പൊതുദർശനത്തിനുവെച്ചു. രാത്രി വീട്ടിലേക്കുതന്നെ കൊണ്ടുവന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.