കല്ലെറിഞ്ഞിട്ടും ചോരപൊടിഞ്ഞിട്ടും പിന്മാറാതെ
text_fieldsകണ്ണൂർ കാൽടെക്സിൽ ഉമ്മൻ ചാണ്ടി സഞ്ചരിച്ച കാറിനുനേരെ കല്ലേറുണ്ടായപ്പോൾ ചില്ല്
തകരുന്ന ദൃശ്യം (ഫയൽ ചിത്രം)
കണ്ണൂർ: പൊതുപരിപാടിയിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രിക്കെതിരെ നേർക്കുനേരെനിന്ന് കല്ലെറിയുക. കാറിന്റെ ചില്ലു തകർത്ത് കല്ലു പതിച്ചത് ഇടനെഞ്ചിൽ. കാറിന്റെ ചില്ലുതുളച്ചുകയറി നെറ്റിയിൽ ചോര പൊടിഞ്ഞു. മുറിപ്പാടുള്ള മുഖവുമായി, അക്ഷോഭ്യനായി അദ്ദേഹം പരിപാടിയിൽ പങ്കെടുത്ത് മടങ്ങി. ഉമ്മൻ ചാണ്ടിയുടെ സ്ഥാനത്ത് മറ്റൊരു രാഷ്ട്രീയ നേതാവായിരുന്നെങ്കിൽ കേരളത്തിൽ അന്ന് എന്തുസംഭവിക്കുമായിരുന്നുവെന്നത് പ്രവചനാതീതമാണ്.
2013 ഒക്ടോബർ 27ന് കണ്ണൂർ പൊലീസ് മൈതാനിയിൽ പൊലീസ് കായിക മേളയുടെ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു ഉമ്മൻ ചാണ്ടി. സോളാർ ആരോപണം കത്തിനിൽക്കുന്ന കാലം. കനത്ത പ്രതിഷേധങ്ങൾക്ക് നടുവിലായിരുന്നു മുഖ്യമന്ത്രിയുടെ പരിപാടികൾ. കണ്ണൂർ പൊലീസ് പരേഡ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിനിടെ നാലുഭാഗത്തുമുള്ള മൂന്നു കവാടങ്ങളും ഉപരോധിക്കാനായിരുന്നു പ്രതിപക്ഷ രാഷ്ട്രീയ പ്രവർത്തകരുടെ നീക്കം. സി.പി.എം നേതാക്കളായ പി. ജയരാജൻ, എം.വി. ജയരാജൻ എന്നിവരുടെ നേതൃത്വത്തിൽ കരിങ്കൊടിയേന്തിയ നൂറോളം എൽ.ഡി.എഫ് പ്രവർത്തകർ പൊലീസ് മൈതാനത്തേക്ക് മാർച്ച് നടത്തി. പൊലീസ് ഇവരെ തടഞ്ഞെങ്കിലും നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധക്കാർ നിലയുറപ്പിച്ചിരുന്നു. ഉമ്മൻ ചാണ്ടിയുടെ വാഹനം കാൽടെക്സിൽ എത്തിയപ്പോൾ അക്രമികൾ കല്ലെറിഞ്ഞു. കാറിന്റെ പിൻസീറ്റിൽ ഇടതുഭാഗത്തായി ഇരുന്ന ഉമ്മൻ ചാണ്ടിയുടെ നെഞ്ചിൽ കല്ലുപതിച്ചു. തകർന്ന ചില്ലു പതിച്ച് നെറ്റിയിലും കല്ലുകൊണ്ട് നെഞ്ചിലും പരിക്കേറ്റു. തൊട്ടടുത്തിരുന്ന സാംസ്കാരിക മന്ത്രി കെ.സി. ജോസഫ് പരിക്കേതുമില്ലാതെ രക്ഷപ്പെട്ടു.
നേതാക്കൾ നിർബന്ധിച്ചെങ്കിലും ആശുപത്രിയിൽ പോകാതെ മുഖ്യമന്ത്രി നിശ്ചയിച്ച പരിപാടിയിൽ പങ്കെടുത്തു. കായിക താരങ്ങൾക്ക് ഒരുക്കിയ ആരോഗ്യ കേന്ദ്രത്തിൽനിന്ന് പ്രാഥമിക ശുശ്രൂഷക്ക് വിധേയനായി. രണ്ടു ചടങ്ങുകളിൽ പങ്കെടുത്തതിനു ശേഷമാണ് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്. വധശ്രമത്തിനും ഗൂഢാലോചനക്കും കണ്ണൂർ ടൗൺ പൊലീസ് എടുത്ത കേസിൽ സി.പി.എം നേതാക്കളും എം.എൽ.എമാരുമായ കെ.കെ. നാരായണൻ, സി. കൃഷ്ണൻ എന്നിവരുൾപ്പെടെ 114 പ്രതികളാണുണ്ടായിരുന്നത്. എം.എൽ.എമാരുൾപ്പെടെ കേസിൽ കുറ്റവിമുക്തരായപ്പോൾ മൂന്നു പേർ മാത്രമാണ് ശിക്ഷിക്കപ്പെട്ടത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.