പ്രവാസികളുടെ ഓർമകളിൽ ഉമ്മൻ ചാണ്ടി
text_fieldsമലപ്പുറം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെക്കുറിച്ച് അങ്ങ് മണലാരണ്യത്തിൽനിന്നുള്ളവർക്കും പറയാനുണ്ട് ഒട്ടേറെ ഓർമകൾ. സഹായങ്ങളായും ഉപദേശ നിർദേശങ്ങളായും
മുഖ്യമന്ത്രി ആയിരുന്ന കാലത്തും നിയമസഭ സാമാജികനായിരുന്നപ്പോഴും പ്രവാസികളുടെ
തോളോടുതോൾ ചേർന്നിരുന്നയാളായിരുന്നു അദ്ദേഹം. ഗൾഫിലെ വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന ജില്ലയിലെ പ്രവാസികൾ ‘മാധ്യമ’ത്തോട് സംസാരിക്കുന്നു...
നിതാഖാത്ത് കാലത്തെ ഇടപെടലിൽ നാട്ടിലെത്തിയത് ആയിരങ്ങൾ -കെ.ടി.എ മുനീർ
( പ്രസിഡന്റ് -ഒ.ഐ.സി.സി സൗദി വെസ്റ്റേൺ റീജനൽ കമ്മിറ്റി, ജിദ്ദ )
പ്രവാസി വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിൽ അദ്ദേഹം കാണിക്കുന്ന താൽപര്യം, നിലപാട്, അത് നിയമത്തിനപ്പുറം മാനുഷികതലങ്ങൾകൂടി കണ്ടുകൊണ്ടായിരുന്നു. റിയാദിലുണ്ടായ തീപിടിത്തത്തിൽ മരിച്ച വ്യക്തികളുടെ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം നൽകിയത് അതിനുള്ള വലിയ ഉദാഹരണമാണ്. നിതാഖാത്തിന്റെ സമയത്ത് സൗദി അറേബ്യയിൽനിന്ന് ടിക്കറ്റ് ലഭിക്കാൻ പ്രയാസപ്പെട്ട ആളുകൾക്ക് നാട്ടിലേക്കെത്താൻ സഹായം ലഭ്യമാക്കിയത് അദ്ദേഹത്തിനു മാത്രം ചെയ്യാൻ സാധിച്ചതാണ്. സൗദിയിൽനിന്ന് അഞ്ഞൂറോളം ആളുകളെയാണ് അദ്ദേഹത്തിന്റെ ഇടപെടലിലൂടെ നാട്ടിലെത്തിച്ചത്. 2017 മേയിൽ ജിദ്ദയിൽ ഒ.ഐ.സി.സി പരിപാടിക്ക് വന്നപ്പോൾ അദ്ദേഹത്തോടൊപ്പം ചെലവഴിച്ച എട്ടു മണിക്കൂർ എനിക്കും അന്നവിടെ കൂടിയവർക്കും മറക്കാനാവാത്തതാണ്.
രാത്രി 2.30ന് ഉറങ്ങി രാവിലെ 6.30ന് എണീറ്റ് വന്ന നേതാവ് -റഫീഖ് കൂട്ടിലങ്ങാടി
( ദമ്മാം ഒ.ഐ.സി.സി ഈസ്റ്റേൺ പ്രോവിൻസ് ട്രഷറർ )
2017ൽ ഉമ്മൻ ചാണ്ടി ദമ്മാമിൽ വന്നപ്പോഴാണ് അദ്ദേഹത്തെ കൂടുതൽ അടുത്തറിയാൻ സാധിച്ചത്. ഒരു മനുഷ്യന് സാധാരണക്കാരിലേക്ക് എത്രമാത്രം ഇറങ്ങിച്ചെല്ലാം എന്ന് അന്നാണ് ശരിക്കും മനസ്സിലായത്. തലേന്ന് രാത്രി 12 കഴിഞ്ഞിട്ടാണ് അദ്ദേഹം വിമാനമിറങ്ങുന്നത്. അദ്ദേഹത്തെ സ്വീകരിക്കാൻ എയർപോർട്ടിൽ ജനം തടിച്ചുകൂടിയിരുന്നു. പിന്നീട് ഹോട്ടൽ മുറിയിലെത്തി, രാത്രി രണ്ടേമുക്കാലിനാണ് കിടന്നുറങ്ങുന്നത്. രാവിലെ 6.30ന് പരിപാടിയിൽ പങ്കെടുക്കേണ്ടതുണ്ടെന്ന് ഞാൻ പറഞ്ഞു. പിറ്റേന്ന് രാവിലെ ഞാൻ ചെന്ന് വിളിച്ചപ്പോൾ അദ്ദേഹം പറഞ്ഞു, ഒരു 10 മിനിറ്റ് കണ്ണ് തുറന്ന് കിടന്നോട്ടെ എന്ന്. കൃത്യം 10 മിനിറ്റ് കഴിഞ്ഞപ്പോൾ അദ്ദേഹം ഒരുങ്ങിവന്നു. ഉറക്കക്ഷീണമോ ആരോഗ്യ പ്രശ്നങ്ങളോ ഒന്നുമില്ലാതെ അന്ന് ആ പരിപാടിയിൽ വളരെ സജീവമായാണ് ഞങ്ങളോടൊപ്പം ചെലവഴിച്ചത്.
ജനഹൃദയങ്ങളിലെ പ്രിയ നേതാവ് -ഹൈദർ ചുങ്കത്തറ
( ഇന്ത്യൻ കൾച്ചറൽ ആൻഡ് ആർട്സ് സൊസൈറ്റി -ഇൻകാസ് ദോഹ-ഖത്തർ പ്രസിഡന്റ് )
ഖത്തറിൽ ജോലി ചെയ്യവെ ഒരു കുടുംബത്തിന് സഹായം ആവശ്യപ്പെട്ട് ഒരിക്കൽ ഉമ്മൻ ചാണ്ടി എന്നെ വിളിച്ചു. ഞാനത് ചെയ്തുകൊടുക്കാം എന്ന് മറുപടിയും നൽകി. എന്നാൽ, പെട്ടെന്ന് നാട്ടിൽ പോകേണ്ട സാഹചര്യമുണ്ടായി. നാട്ടിൽ ചെന്ന് അദ്ദേഹം പറഞ്ഞ കുടുംബത്തിന് കൊടുക്കാൻ ഉദ്ദേശിച്ച സഹായവുമായി ഞാനും ചുങ്കത്തറയിലുള്ള സുഹൃത്തുക്കളും കൂടി പുതുപ്പള്ളിയിലെ അദ്ദേഹത്തിന്റെ വീട്ടിലെത്തി.
രാവിലെയാണ് അവിടെയെത്തിയത്. വിളിച്ചപ്പോൾ അവിടെനിന്ന് ഇപ്പോൾ ഇറങ്ങിയതേ ഉള്ളെന്നും ഉടനെ വരാമെന്നും പറഞ്ഞു. സാറ് ബുദ്ധിമുട്ടി ഇങ്ങോട്ടു വരേണ്ട, എവിടെയാണോ ഉള്ളത് ഞങ്ങൾ അങ്ങോട്ട് വരാമെന്ന് പറഞ്ഞു. എന്നാൽ, ഞങ്ങളോട് അവിടെത്തന്നെ കാത്തുനിൽക്കാൻ പറയുകയായിരുന്നു. അങ്ങനെ അദ്ദേഹം തിരിച്ച് വീട്ടിലേക്കുതന്നെ വന്നു. സാമ്പത്തിക സഹായം കൊടുക്കാൻ ഉദ്ദേശിച്ചിരുന്നവരെ നേരിട്ട് വിളിച്ച് അത് കൊടുത്തുവിട്ടു. കവളപ്പാറ ദുരന്തസമയത്ത് അദ്ദേഹം ജില്ലയിൽ വന്നപ്പോൾ എല്ലാവിധ സഹായങ്ങൾ അന്ന് ചെയ്തുകൊടുക്കാൻ സാധിച്ചത് ഏറെ ചാരിതാർഥ്യത്തോടെ ഓർക്കുന്നു. ഖത്തറിൽ ഇൻകാസിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുമ്പോഴൊക്കെ അദ്ദേഹത്തെ പലതവണ കാണാനും ഇടപെടാനും സാധിച്ചിട്ടുണ്ട്.
വിമാനത്തിലെ ഒരുമിച്ചുള്ള യാത്ര മറക്കാനാവില്ല -നാസർ വളാഞ്ചേരി
( കെ.എം.സി.സി വളാഞ്ചേരി നഗരസഭ പ്രസിഡന്റ് )
ഉമ്മൻ ചാണ്ടിയോടൊപ്പം വിമാനത്തിൽ ഒന്നിച്ച് യാത്രചെയ്യാൻ സാധിച്ചത് ജീവിതത്തിൽ മറക്കാനാവാത്ത ഓർമകളിലൊന്നാണ്. കുവൈത്തിൽനിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കിടെയാണ് ഒരുമിച്ച് യാത്ര ചെയ്തത്. ഒരുപാട് സമയം സംസാരിച്ചു. പ്രവാസികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ വിവരിച്ചപ്പോൾ അനുകൂല നടപടി ഉണ്ടാക്കാൻ ശ്രമിക്കുമെന്ന് മറുപടി നൽകി. പ്രവാസി വിഷയത്തിൽ അദ്ദേഹത്തിന് ഒരുപാട് ആശങ്കകളുണ്ടായിരുന്നു. കൊച്ചിയിൽ വിമാനമിറങ്ങിയപ്പോൾ വീണ്ടും കാണണമെന്ന് പറഞ്ഞാണ് അദ്ദേഹം തിരുവനന്തപുരത്തേക്ക് തിരിച്ചത്.
സൗദിയിൽ മുദ്രാവാക്യവുമായി സ്വീകരിച്ച പ്രവാസികൾ -വി.പി. സിയാസ്
( സൗദി ഇംബാല ബിസിനസ് ഗ്രൂപ് ചെയർമാൻ )
രാഷ്ട്രീയ നേതാക്കളെ മുദ്രാവാക്യം വിളിച്ച് സ്വീകരിക്കുന്ന രീതി സൗദി അറേബ്യയിലില്ല. എന്നാൽ, ഒരിക്കൽ ഉമ്മൻ ചാണ്ടി വന്നപ്പോൾ ജനം എയർപോർട്ടിൽ മുഴക്കിയ മുദ്രാവാക്യം ശരിക്കും ഞെട്ടിപ്പിക്കുന്നതായിരുന്നു. ഒരു നേതാവിനും അത്രയും ഹർഷാരവത്തോടെയുള്ള സ്വീകരണം അവിടെ ലഭിച്ചിട്ടുണ്ടാവില്ല. എയർപോർട്ട് മുതൽ ഓഡിറ്റോറിയം വരെ ആളുകൾ അദ്ദേഹത്തെ അനുഗമിച്ചുകൊണ്ടിരുന്നു. സൗദിയിൽ എന്റെ മേഖല ഓഡിറ്റോറിയങ്ങളായിരുന്നു. ഒട്ടുമിക്ക നേതാക്കളും സൗദിയിൽ വരുമ്പോൾ ഈ ഓഡിറ്റോറിയങ്ങളിൽ വരാറുണ്ട്. അന്ന് മുഴുവൻ സമയവും അദ്ദേഹത്തിന്റെ കൂടെത്തന്നെ ചെലവഴിക്കാൻ എനിക്കായി. അദ്ദേഹത്തിന്റെ കൈയിൽനിന്ന് സാമൂഹിക സേവനത്തിനുള്ള യെങ് ബിസിനസ് മെൻ അവാർഡ് വാങ്ങാൻ സാധിച്ചത് വലിയ ഭാഗ്യമായി കാണുന്നു. മകൾക്കും അദ്ദേഹത്തിന്റെ കൈയിൽനിന്ന് ഉപഹാരം വാങ്ങാൻ സാധിച്ചു. അന്ന് മൂന്നോ നാലോ പരിപാടികളിൽ അദ്ദേഹം പങ്കെടുത്തെങ്കിലും ഒരിക്കൽപോലും ക്ഷീണിതനായി കണ്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.