അടങ്ങാത്ത ആൾത്തിരയിൽ കടലടങ്ങി
text_fieldsകോട്ടയം: ‘‘ഗീവർഗീസ് പുണ്യാളനെപ്പോലെ ഞങ്ങൾ കാണുന്ന കുഞ്ഞായനാ, ഞങ്ങടെ കുഞ്ഞൂഞ്ഞാണ് ഈ വരുന്നത്’’ -ഉമ്മൻ ചാണ്ടിയുടെ ഭൗതികശരീരം വഹിച്ചുള്ള വിലാപയാത്ര പുതുപ്പള്ളിയിലെത്തിയപ്പോൾ നിറകണ്ണോടെ പ്രദേശവാസിയുടെ വാക്കുകൾ. ഏത് പാതിരാത്രിക്കും എന്ത് ആവശ്യത്തിനും പുതുപ്പള്ളിക്കാർക്കും ഒപ്പം കേരളത്തിനാകെയും എത്തിപ്പിടിക്കാനായിരുന്ന ചില്ലയാണ് അടർന്നത്. ഉമ്മൻ ചാണ്ടിക്ക് പകരം ഉമ്മൻ ചാണ്ടി മാത്രം, ഇനി ഇങ്ങനെയൊരു രാഷ്ട്രീയ നേതാവ് നമുക്കുണ്ടാവില്ലെന്ന് പുതുപ്പള്ളിക്കാരും മലയാളികളാകെയും പറഞ്ഞ രണ്ടു ദിവസങ്ങൾക്കൊടുവിൽ കുഞ്ഞൂഞ്ഞ് പള്ളിമുറ്റത്ത് അടങ്ങി, അടങ്ങാത്ത തേങ്ങലുകൾക്കു നടുവിൽ.
പലകുറി സ്നേഹവും കരുതലും അനുഭവിച്ചവർ മുതൽ അദ്ദേഹത്തിന്റെ നന്മകൾ കേട്ടറിഞ്ഞ് അവസാനമായി ഒന്നുകാണാനായി എത്തിയവരുൾപ്പെടെ അക്കൂട്ടത്തിലുണ്ടായിരുന്നു. തങ്ങളുടെ പ്രിയ നേതാവിനെതിരെ ആരോപണങ്ങൾ ഉന്നയിച്ചവർക്കുള്ള ശിക്ഷ ഈശ്വരൻ നൽകുമെന്നും ചിലർ പ്രതികരിച്ചു. പുതുപ്പള്ളിക്കാർക്ക് എന്നും ‘സാർ’ ആയിരുന്നു ഉമ്മൻ ചാണ്ടി. സാറിനെ കാണാൻ പോകുന്നെന്ന് അവർ പറഞ്ഞാൽ അത് ഉമ്മൻ ചാണ്ടിയെ കാണാനാണെന്ന് അവിടത്തെ കുരുന്നുകൾക്കുൾപ്പെടെ അറിയാം.
1970 ൽ പുതുപ്പള്ളിക്കാരുടെ പ്രതിനിധിയായി നിയമസഭയിലെത്തിയതുമുതൽ ഉമ്മൻ ചാണ്ടിയോട് പറഞ്ഞാൽ കാര്യം നടക്കുമെന്ന വിശ്വാസമായിരുന്നു പുതുപ്പള്ളിക്കാർക്ക്. അവരുടെ ആ വിശ്വാസമാണ് കൊഴിഞ്ഞത്.
ബുധനാഴ്ച രാത്രിയോടെ തങ്ങളുടെ പ്രിയ നേതാവിന്റെ ഭൗതികശരീരം എത്തുമെന്ന് ഏറെ പ്രതീക്ഷിച്ച പുതുപ്പള്ളിക്കാർ മണിക്കൂറുകളായി ഉറക്കമൊഴിച്ചും വിശപ്പ് മാറ്റിവെച്ചും നിറകണ്ണുകളുമായാണ് വ്യാഴാഴ്ച വൈകീട്ട് അഞ്ചരവരെ കാത്തിരുന്നത്. പ്രിയപ്പെട്ട കുഞ്ഞൂഞ്ഞിനെ അവസാനമായി ഒരുനോക്ക് കാണണം, ചെയ്തുതന്ന സഹായങ്ങൾക്ക് സ്നേഹത്തോടെ നന്ദി പറയണം, ചേർത്തുനിർത്തിയതിനുള്ള കടം വീട്ടണം - അതൊക്കെയായിരുന്നു പുതുപ്പള്ളിയിലെ വീട്ടിലും സംസ്കാരച്ചടങ്ങ് നടന്ന പള്ളിയിലും എത്തിയവരിൽ പ്രകടമായത്. കേരളത്തിന്റെ വിവിധയിടങ്ങളിൽനിന്ന് പതിനായിരങ്ങളാണ് പുതുപ്പള്ളിയിലേക്ക് ഒഴുകിയെത്തിയത്.
കുഞ്ഞൂഞ്ഞിന്റെ വിയോഗത്തിലെ ദുഃഖസൂചകമെന്നോണം മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു രാവിലെ പുതുപ്പള്ളിയിലെങ്കിൽ ഭൗതികശരീരം എത്തിയപ്പോൾ മഴ മാറി നിന്നു. പ്രസന്നമായ അന്തരീക്ഷത്തിലാണ് ഉമ്മൻ ചാണ്ടിയുടെ ഭൗതികശരീരം എത്തിയത്. ഉമ്മൻ ചാണ്ടിക്കൊപ്പം വലതുപക്ഷത്തോട് എന്നും ചേർന്നുനിന്ന പുതുപ്പള്ളിക്കാർ പ്രത്യേക വാഹനത്തിലെത്തിയ തങ്ങളുടെ നേതാവിന്റെ ചലനമറ്റ ശരീരം അവസാനം ഒരുനോക്കുകാണാൻ റോഡിന്റെ വലത് ഓരം ചേർന്ന് നിലകൊണ്ടു. പല ആവശ്യങ്ങൾക്ക് നിരവധി തവണ എത്തിയ കരോട്ടു വള്ളക്കാലിൽ വീട്ടിലേക്ക് അദ്ദേഹത്തെ അവസാനമായി കാണാനായി കേരളത്തിന്റെ നാനാഭാഗത്തുനിന്നും ജനം ഒഴുകി. ‘വിളക്കുമാത്രമേ അണഞ്ഞുള്ളൂ, വിളക്കുമരം അണയുന്നില്ലെ’ന്ന് വ്യക്തമാക്കി മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിരുന്ന ബോർഡുകളിൽ രേഖപ്പെടുത്തിയതായിരുന്നു പുതുപ്പള്ളിക്കാർക്കും പറയാനുണ്ടായിരുന്നത്. ബുധനാഴ്ച രാവിലെ ഏഴിന് തിരുവനന്തപുരം ജഗതിയിലെ വീട്ടിൽനിന്ന് ഭൗതികശരീരവും വഹിച്ചുള്ള വിലാപയാത്ര 36 മണിക്കൂറോളമെടുത്താണ് തട്ടകമായ പുതുപ്പള്ളിയിൽ എത്തിയത്.
ആൾത്തിരയിൽ തിരുനക്കര
ബുധനാഴ്ച വൈകീട്ട് അഞ്ചിന് കോട്ടയം തിരുനക്കര മൈതാനത്ത് എത്തുമെന്ന് ആദ്യം കരുതിയിരുന്ന യാത്ര എത്തിയതാകട്ടെ വ്യാഴാഴ്ച രാവിലെ പതിനൊന്നരയോടെ. കോട്ടയം ജില്ല അതിർത്തിയായ ചങ്ങനാശ്ശേരിയിൽനിന്ന് ആറ് മണിക്കൂറിലേറെയെടുത്തു, കോട്ടയത്ത് എത്താൻ. എന്നാൽ, കാത്തുനിന്നവരിലൊന്നും ഒരു മടുപ്പും പ്രകടമായിരുന്നില്ല. ഇഷ്ടനേതാവിനെ അവസാനമായി കാണാനുള്ള തിക്കും തിരക്കുമായിരുന്നു എങ്ങും. രാഷ്ട്രീയ നേതാക്കൾക്ക് പുറമെ ചലച്ചിത്രതാരങ്ങളായ മമ്മൂട്ടി, സുരേഷ്ഗോപി, ദിലീപ് തുടങ്ങിയവരൊക്കെയും അന്ത്യോപചാരം അർപ്പിക്കാൻ മണിക്കൂറുകൾ തിരുനക്കര മൈതാനത്ത് കാത്തിരുന്നു. മൂന്ന് മണിക്കൂറിലേറെ ഇവിടെ ഭൗതികദേഹം പൊതുദർശനത്തിന് വെച്ചശേഷം രണ്ടര കഴിഞ്ഞാണ് പുതുപ്പള്ളിയിലെ വീട്ടിലേക്ക് പുറപ്പെട്ടത്. പുതുപ്പള്ളിയിലെ വീട്ടിലും സംസ്കാര ചടങ്ങുകൾ നടന്ന പുതുപ്പള്ളി പള്ളി അങ്കണത്തിലുമൊക്കെ വ്യാഴാഴ്ച പുലർച്ച മുതൽ ജനം തടിച്ചുകൂടിയിരുന്നു. പുതുപ്പള്ളിയിലെ വീട്ടിലും അതിന് കിലോമീറ്റർ വ്യത്യാസത്തിൽ പണിനടക്കുന്ന പുതിയ വീട്ടിലേക്കും ഒടുവിൽ പുത്തൻപള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിയിലെ പ്രത്യേക കല്ലറവരെ നീണ്ട ആ അവസാനയാത്രയിൽ അദ്ദേഹത്തെ അനുഗമിച്ചത് ലക്ഷങ്ങളായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.