കണ്ണീരടങ്ങാതെ...
text_fieldsകോട്ടയം: ആളും ആരവങ്ങളുമൊഴിഞ്ഞു. പാതിരാത്രിയും പകലാക്കിയ ദിനങ്ങൾ ഇനി ഓർമയിൽ മാത്രം. ഇന്നലെവരെ നിന്നുതിരിയാനിടമില്ലാതിരുന്ന വീട് പെട്ടെന്നൊരു ദിവസംകൊണ്ട് ശൂന്യമായി. ഉമ്മൻ ചാണ്ടിയെ അവസാന നോക്കു കാണാൻ മണിക്കൂറുകളോളം ജനം കാത്തുനിന്ന വഴിയിൽ ആദരാഞ്ജലിയർപ്പിച്ചുള്ള ഫ്ലക്സ് ബോർഡുകൾ മാത്രം. വീടിന്റെ സ്വീകരണമുറിയിൽ അവശേഷിക്കുന്നത് ഉമ്മൻ ചാണ്ടിയുടെ പൂർണഛായാചിത്രവും പൊൻകുരിശും ബൈബിളും.
പുതുപ്പള്ളിയിലെ തറവാട്ടുവീടിന് ഇനി ഉമ്മൻ ചാണ്ടിയുടെ വിലാസമില്ല. അദ്ദേഹത്തെ കാണാൻ ആരും ഇതുവഴി വരാനുമില്ല. ഇങ്ങനെയൊരു വീട് സങ്കൽപിക്കാനാവില്ല പുതുപ്പള്ളിക്കാർക്ക്. എപ്പോഴും ആൾക്കാർ കയറിയിറങ്ങിയിരുന്ന ഈ വീടിന് സ്വകാര്യത ഇല്ലായിരുന്നു. ആർക്കും എപ്പോഴും കയറിവരാം. അടുക്കളയിൽ കയറി ഭക്ഷണം കഴിക്കാം. ഏതു മുറിയിലും പ്രവേശിക്കാം. ഉമ്മൻ ചാണ്ടിയുടെ വീട് തങ്ങളുടെയുംകൂടി എന്നാണ് ജനം കരുതിയിരുന്നത്.
ഉമ്മൻ ചാണ്ടിയുടെ സഹോദരൻ അനിയനും മക്കളും മരുമക്കളുമാണ് വീട്ടിലുള്ളത്. എല്ലാവർക്കും കിടക്കാൻ സ്ഥലമില്ലാത്തിനാൽ ഉമ്മൻ ചാണ്ടിയുടെ ഭാര്യയും മക്കളും കോട്ടയത്തെ ഹോട്ടലിലാണ് രാത്രി താമസിച്ചത്. മക്കളായ ചാണ്ടി ഉമ്മനും അച്ചുവും മറിയവും വെള്ളിയാഴ്ച രാവിലെതന്നെ പുതുപ്പള്ളി പള്ളിയിലെത്തി. അവിടെ കല്ലറ മനോഹരമാക്കുന്ന പണി നടക്കുകയാണ്. പ്രാർഥിച്ച ശേഷം ചാണ്ടി ഏറെ നേരം കല്ലറക്കുസമീപം ഇരുന്നു. വരുന്നവരെല്ലാം ചാണ്ടിയെ ചേർത്തുപിടിച്ച് ആശ്വസിപ്പിച്ചു. ഉമ്മൻ ചാണ്ടിയുടെ സഹോദരനും കുടുംബവും പള്ളിയിലെത്തിയിരുന്നു.
നിശ്ശബ്ദനായതിന്റെ വേദനയിൽ അവസാന നാളുകൾ
താൻ പിതാവിന്റെ ആരോഗ്യം സംരക്ഷിക്കാൻ മാത്രമേ ശ്രമിച്ചിട്ടുള്ളൂവെന്ന് മകൻ ചാണ്ടി ഉമ്മൻ. ചെയ്യാവുന്ന ചികിത്സകളെല്ലാം കൊടുത്തു. തിരിച്ചുവരുമെന്നായിരുന്നു പ്രതീക്ഷ. ജനങ്ങൾക്കിടയിൽ ജീവിച്ച് പെട്ടെന്ന് നിശ്ശബ്ദനായതിന്റെ വേദനയിലായിരുന്നു അപ്പയുടെ അവസാന നാളുകൾ. സംസാരിക്കാനാവാത്തതിൽ വലിയ വിഷമമായിരുന്നു. കാര്യങ്ങളെല്ലാം എഴുതി കാണിക്കുകയാണ് ചെയ്തിരുന്നത്. 10 മാസം തീരെ വയ്യാത്ത അവസ്ഥയിലായിരുന്നു. നാലു മാസത്തോളം ശബ്ദമില്ലാതെ കഴിയേണ്ടിവന്നു. അപ്പോഴും പത്രങ്ങൾ വായിക്കുകയും വാർത്തകളെല്ലാം അറിയുകയും ചെയ്തിരുന്നു. പ്രത്യേകിച്ച് അഭിലാഷങ്ങളൊന്നും പറയുന്നതായി കേട്ടിട്ടില്ല. പുതുപ്പള്ളിയിൽ സ്വന്തമായി വീട് വേണമെന്നത് പലപ്പോഴായി അപ്പയുടെ സംസാരത്തിൽനിന്ന് മനസ്സിലാക്കിയതാണ്. അങ്ങനെയാണ് വീടു പണി തുടങ്ങിയത്. അതു മുഴുവനാക്കാനുമായില്ല.
സോളാർ കേസിൽ പുതിയ വെളിപ്പെടുത്തലുകൾ വന്നപ്പോൾ വലിയ സന്തോഷത്തിലായിരുന്നു. ടി.വിയിൽ വാർത്തയുടെ ഫ്ലാഷ് പോവുമ്പോൾ വരികളോരോന്നും ചൂണ്ടിക്കാട്ടി വായിച്ചു.
‘അപ്പക്ക് ജനം നൽകിയത്
രാജകീയ യാത്രയയപ്പ്’
താനാണ് അപ്പയെ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നതെന്നാണ് ഇതുവരെ കരുതിയിരുന്നത്. അങ്ങനെയല്ലെന്ന് കേരള ജനത കാണിച്ചുതന്നു. അപ്പ ജനങ്ങളെ സ്നേഹിച്ചതിന്റെ പതിനാറിരട്ടി ജനം തിരിച്ചുനൽകി. ഇതിലും മികച്ച ബഹുമതി കിട്ടാനില്ലെന്നും ഇളയ മകൾ അച്ചു ഉമ്മൻ പറഞ്ഞു. അദ്ദേഹം ജനകീയനാണെന്ന് അറിയാമായിരുന്നു, ജനങ്ങൾ അദ്ദേഹത്തെ ഒരുപാട് സ്നേഹിക്കുന്നു എന്നും. പക്ഷേ, ഇത്രയേറെ ആഴത്തിൽ ജനങ്ങളുടെ മനസ്സിൽ ഉണ്ടെന്ന് അറിഞ്ഞത് ഈ മൂന്നുദിവസം കൊണ്ടാണ്.
കേരള രാഷ്ട്രീയത്തിൽ അദ്ദേഹത്തിന്റെ വിടവ് നികത്താൻ ആർക്കുമാവില്ല. മരിക്കുന്ന സമയത്ത് കൂടെ ഉണ്ടാവാനും കൈപിടിക്കാനും കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു. താൻ പൊതുവെ ‘ഇമോഷനലായ’ ആളാണ്. എന്നാൽ, പിടിച്ചുനിൽക്കാനുള്ള ശക്തി ലഭിച്ചത് അപ്പയുടെ ജീവിതം കണ്ടാണ്. വിവാദങ്ങളും ആരോപണങ്ങളുമൊന്നും അദ്ദേഹത്തെ തളർത്തിയിട്ടില്ല. സൗമ്യമായാണ് എല്ലാറ്റിനെയും നേരിട്ടത്. എന്നായാലും സത്യം പുറത്തുവരുമെന്ന് പറഞ്ഞിരുന്നു. അങ്ങനെ സത്യം പുറത്തുവന്ന ശേഷമാണ് അദ്ദേഹം വിടപറഞ്ഞത്. സാധാരണക്കാരനായി ജീവിച്ച അപ്പയെ രാജകീയമായാണ് ജനം യാത്രയാക്കിയതെന്നും അച്ചു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.