‘നന്ദി; അപ്പയെ സ്നേഹം കൊണ്ട് പൊതിഞ്ഞതിന്’
text_fieldsകോട്ടയം: ‘അപ്പക്കൊപ്പം പുതുപ്പള്ളിയുടെ നാട്ടിടവഴികളിലെല്ലാം പോയിട്ടുണ്ട്. ഇത്രയധികം സ്നേഹം നാട് ഉള്ളിലൊളിപ്പിച്ചിട്ടുണ്ടെന്ന് അന്നൊന്നും അറിഞ്ഞിരുന്നില്ല. ഇപ്പോൾ തിരിച്ചറിയുന്നു, പുതുപ്പള്ളിയുടെ സ്നേഹം കേരളം മുഴുവൻ ഏറ്റെടുത്തിരുന്നുവെന്ന്...’-പ്രിയ അപ്പ ഒപ്പമില്ലാത്ത ആദ്യദിനത്തിൽ കേരളത്തിന് നന്ദിപറഞ്ഞ് ചാണ്ടി ഉമ്മൻ.
28 മണിക്കൂറിലധികം നീണ്ട വിലാപയാത്രക്കൊപ്പം ഭൂരിഭാഗം സമയവും നിന്നുകൊണ്ട് സഞ്ചരിച്ചതിന്റെയും ദിവസങ്ങളോളമായി ഉറങ്ങാത്തതിന്റെയും ക്ഷീണം ശരീരത്തിലും മുഖത്തുമൊക്കെ പ്രതിഫലിക്കുമ്പോഴും, അതൊന്നും ആശ്വാസമായി കടന്നെത്തുന്നവർക്ക് മുന്നിൽ തെളിയുന്നില്ല. സ്നേഹാശ്വാസമായി നീട്ടുന്ന കൈകൾക്കൊപ്പമെല്ലാം സ്വന്തം കരങ്ങളും ചേർത്തുവെക്കുന്നു, ഉമ്മൻ ചാണ്ടി ശൈലി ആവാഹിച്ചതുപോലെ.
‘ചിലർക്ക് അവസാനമായി കാണാൻ കഴിഞ്ഞില്ലെന്ന് അറിഞ്ഞു. അവരോട് ക്ഷമ ചോദിക്കുന്നു. ഉമ്മൻ ചാണ്ടിയോടുള്ള സ്നേഹമായിരുന്നു മണിക്കൂറുകൾ നീണ്ട അവരുടെ കാത്തിരിപ്പ്. പക്ഷേ, സാഹചര്യങ്ങൾ തടസ്സം സൃഷ്ടിച്ചു. അതൊരു വേദനയായി ഒപ്പമുണ്ടാകും’ -അദ്ദേഹം പറഞ്ഞു.
‘വിലാപയാത്രയായിരുന്നില്ല. സ്നേഹയാത്രയായിരുന്നു. എത്ര സ്നേഹം അങ്ങോട്ട് കൊടുത്തോ. അത് പലിശ സഹിതം തിരിച്ചുകൊടുത്തു. ജനകീയ ബഹുമതി കിട്ടിയാണ് അദ്ദേഹം യാത്രയായിരിക്കുന്നത്. ചിലയിടത്തെ ജനക്കൂട്ടം കണ്ടപ്പോൾ അപ്പക്ക് കേരളം എന്തായിരുന്നുവെന്ന് ഞങ്ങൾ തിരിച്ചറിയുകയായിരുന്നു’.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.