ഉമ്മൻചാണ്ടിയും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണനയിൽ -കെ. മുരളീധരൻ
text_fieldsകോഴിക്കോട്: മുഖ്യമന്ത്രി സ്ഥാനത്തേക്ക് രമേശ് ചെന്നിത്തലയെ കൂടാതെ ഉമ്മൻചാണ്ടിയും പരിഗണനയിലെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ എം.പി. കൂടുതൽ എം.എൽ.എമാർ പിന്തുണക്കുന്ന ആൾ മുഖ്യമന്ത്രിയാകും. മുഴുവൻ എം.എൽ.എമാരുമായും കോൺഗ്രസ് കേന്ദ്ര നേതൃത്വം അഭിപ്രായം തേടുമെന്നും മുരളീധരൻ വ്യക്തമാക്കി.
തദ്ദേശ തെരഞ്ഞെടുപ്പിലെ പോലെ സീറ്റുകൾ വീതം വെക്കരുത്. ഗ്രൂപ്പ് അടിസ്ഥാനത്തിൽ സീറ്റ് വീതം വെച്ചാൽ കനത്ത തിരിച്ചടി നേരിടും. നിയോജക മണ്ഡലത്തിന് പറ്റിയ സ്ഥാനാർഥികളെയാണ് തെരഞ്ഞെടുക്കേണ്ടത്. ഗ്രൂപ്പ് അടിസ്ഥാനത്തിൽ എടുക്കുന്ന പ്രയാസങ്ങളാണ് കോൺഗ്രസിനെ ഇതുവരെ അലട്ടിയിട്ടുള്ളതെന്നും മുരളീധരൻ പറഞ്ഞു.
ക്രൈസ്തവ മത നേതാക്കളുമായി യു.ഡി.എഫ് നേതാക്കൾ നടത്തിയ കൂടിക്കാഴ്ചയെ അവർ എത്രമാത്രം വിശ്വാസത്തിലെടുത്തുവെന്ന് അറിയില്ല. ഹൃദയം തുറന്ന ചർച്ചയിലൂടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തദ്ദേശ തെരഞ്ഞെടുപ്പിൽ താഴേത്തട്ടിൽ പാർട്ടിക്ക് ചലനം ഉണ്ടാക്കാനായില്ല. നേതാക്കളുടെ ശ്രദ്ധ ഉണ്ടായില്ലെന്ന പരാതി പ്രാദേശിക പ്രവർത്തകർക്കുണ്ട്. അത് പരിഹരിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്.
നിയമസഭ തെരഞ്ഞെടുപ്പിൽ മൽസരിക്കാനോ പ്രചാരണത്തിനോ ഇത്തവണയില്ല. വടകര ലോക്സഭ മണ്ഡലത്തിലെ ഏഴ് സീറ്റുകളിൽ മാത്രം പ്രചാരണം നടത്തുമെന്നും.
ഏത് പാർട്ടിയുമായുള്ള ബന്ധങ്ങളും യു.ഡി.എഫിലും കെ.പി.സി.സിയിലും ചർച്ച ചെയ്യാതെ ഒരു നയവും പാർട്ടിയോ മുന്നണിയോ സ്വീകരിച്ചിട്ടില്ലെന്നും ചാനൽ അഭിമുഖത്തിൽ മുരളീധരൻ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.