വിവാദങ്ങളിൽ കുലുങ്ങാതെ...
text_fieldsവിവാദങ്ങളില്‍ അചഞ്ചലനായി ഭരണകര്‍ത്താവെന്ന നിലയില്‍ നിരവധി പരീക്ഷണങ്ങളിലൂടെ കടന്നു പോകേണ്ട അവസ്ഥ ഉമ്മന്‍ ചാണ്ടിക്കുണ്ടായി. 2011 മുതല്‍ 2016 വരെയുള്ള രണ്ടാം ഉമ്മന്‍ ചാണ്ടി മന്ത്രിസഭ തുടക്കം മുതല്‍ ഒടുക്കം വരെ വിവാദങ്ങളുടെ ഈറ്റില്ലമായിരുന്നു. ഉമ്മന്‍ ചാണ്ടി അധികാരത്തിലേറിയതുതന്നെ വെറും 72 അംഗങ്ങളുടെ ബലത്തിലാണ്.
എപ്പോള്‍ വേണമെങ്കിലും ആ വഞ്ചി മറിയാമെന്ന ആശങ്കയിലായിരുന്നു മന്ത്രിസഭയുടെ സഞ്ചാരം. എന്നാല്‍, അഞ്ചുവര്‍ഷം തികച്ചു എന്നതുമാത്രമല്ല ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ 72ല്‍ നിന്ന് 74ലേക്ക് ഭൂരിപക്ഷം ഉയര്‍ത്താനും ഉമ്മന്‍ ചാണ്ടിയുടെ തന്ത്രങ്ങള്‍ക്ക് കഴിഞ്ഞു.
മുസ്ലിം ലീഗിന് അഞ്ചാം മന്ത്രിസ്ഥാനമെന്ന ചര്‍ച്ചയില്‍ കുടുങ്ങി മന്ത്രിസഭ നട്ടംതിരിഞ്ഞതും അതേ കാലത്ത് തന്നെ. അതിനെ അതിവിദഗ്ധമായി പരിഹരിക്കാന്‍ ഉമ്മന്‍ ചാണ്ടിക്ക് കഴിഞ്ഞു. എൻ.എസ്എസ് ഇടച്ചിലും മറ്റൊരു പ്രതിസന്ധിയായിരുന്നു.
തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ ആഭ്യന്തര മന്ത്രിയാക്കി എന്‍.എസ്.എസിനെ അനുനയിപ്പിച്ച് ആ പ്രശ്നത്തിെൻറ മുനയൊടിച്ചു. മുന്നണി രാഷ്ട്രീയത്തിലെ എല്ലാം തികഞ്ഞ ഒരു കളരിയഭ്യാസിയെയാണ് പിന്നീടങ്ങോട്ട് കേരളം കണ്ടത്. വലിയ വിവാദങ്ങളുയര്‍ത്തിയ സോളാര്‍ കോഴക്കേസിലും പിന്നാലെ വന്ന ബാര്‍ കോഴ കേസിലുമൊക്കെ ഈ മെയ് വഴക്കം മന്ത്രിസഭയെ പിടിച്ചുനിര്‍ത്തി.
ബാറുകള്‍ക്ക് ലൈസന്‍സ് അനുവദിക്കുന്ന കാര്യത്തെ ചൊല്ലി ഭരണപക്ഷത്തിലെ പ്രതിപക്ഷമായി മാറി അന്നത്തെ കെ.പി.സി.സി പ്രസിഡൻറ് വി.എം. സുധീരനുമായി നേരിട്ട് ഏറ്റുമുട്ടലുകളുണ്ടായി. എന്നാല്‍, അവസാനനിമിഷം 418 ബാറുകള്‍ പൂട്ടാന്‍ പറഞ്ഞ പാര്‍ട്ടി നേതൃത്വത്തെപ്പോലും ഞെട്ടിച്ച് മുഴുവന്‍ ബാറുകളും അടച്ചുപൂട്ടാന്‍ ഉമ്മന്‍ ചാണ്ടി ഉത്തരവിട്ടു.
അദ്ദേഹം അധികാരത്തില്‍ ഉണ്ടായിരുന്നപ്പോള്‍ തുടങ്ങിയ വിവിധ വിവാദങ്ങള്‍ ഇപ്പോഴും അവസാനിച്ചിട്ടില്ല. പുതുപ്പള്ളി കരോട്ട് വള്ളക്കാലില്‍ തറവാട്ടില്‍ കെ.ഒ. ചാണ്ടിയുടെയും ബേബി ചാണ്ടിയുടെയും മകനായി 1943 ഒക്ടോബര്‍ 31നാണ് ഉമ്മന്‍ ചാണ്ടിയുടെ ജനനം.
സ്കൂള്‍ വിദ്യാഭ്യാസ കാലത്ത് കെ.എസ്.യുവിലൂടെ രാഷ്്ട്രീയത്തിലേക്ക്. പുതുപ്പള്ളി സെൻറ് ജോര്‍ജ് ഹൈസ്കൂള്‍, കോട്ടയം സി.എം.എസ് കോളജ്, ചങ്ങനാശ്ശേരി എസ്.ബി കോളജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. തുടര്‍ന്ന് എറണാകുളം ലോ കോളജില്‍നിന്ന് ബിരുദം സ്വന്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.