'ഉമ്മന്‍ ചാണ്ടീന്നു പറഞ്ഞിട്ട് ഒറ്റയാളേ ഉള്ളൂ'; പ്രാഞ്ചിയേട്ടന് പറഞ്ഞത് എത്ര ശരി!
text_fieldsപ്രാഞ്ചിയേട്ടന് ആന്‍ഡ് ദി സെയിൻറ്' എന്ന സിനിമയില്‍ ഖുശ്ബു പ്രാഞ്ചിയേട്ടനോട് ചോദിക്കുന്ന ഡയലോഗ്- ''അതിപ്പോ ഉമ്മന്‍ ചാണ്ടീന്നു പേരുള്ള രണ്ടാമതൊരാളെ താന്‍ കേട്ടിട്ടുണ്ടോ, കേരളത്തില്‍? ''
പ്രാഞ്ചിയേട്ടെൻറ മറുപടി: ''അതു ശരിയാണല്ലോ. ഉമ്മന്‍ ചാണ്ടീന്നു പറഞ്ഞിട്ട് ഒറ്റയാളേ ഉള്ളൂ !''
സത്യം. പേരില്‍ മാത്രമല്ല, എല്ലാത്തിലും അങ്ങനെയൊരു ആളേ ഉള്ളൂ. ഉമ്മന്‍ ചാണ്ടിയുടെ രൂപത്തില്‍ തന്നെ നര്‍മം ഉണ്ട്. നീണ്ട മൂക്ക്, അലസമായ കോതിയൊതുക്കാത്ത നീണ്ട മുടി, അശ്രദ്ധമായ വസ്ത്രധാരണം. പുഞ്ചിരിക്കുന്ന മുഖം. ഏതു കാര്‍ട്ടൂണിസ്റ്റും ഇഷ്ടപ്പെടുന്നു രൂപം.
ശാരീരികമായും മാനസികമായും നേതാക്കള്‍ മറ്റുള്ളവരില്‍നിന്നു വ്യത്യസ്തരാണ്. ഉയരം, ശബ്ദം, സംസാരം, ഇടപെടല്‍, പ്രസംഗം തുടങ്ങി പല ആകര്‍ഷണീയതകളുമുണ്ട്. കാന്തം ആകര്‍ഷിക്കുന്നതുപോലെ ജനങ്ങള്‍ അവരിലേക്ക് എത്തും. ഉമ്മന്‍ ചാണ്ടിയിലൊരു കാന്തമുണ്ട്. അത് ആകര്‍ഷിച്ചെടുക്കും എന്നു മാത്രമല്ല, അവിടെനിന്നു പിടിവിട്ടുപോരാന്‍ കഴിയാത്ത മായികവലയത്തിലാക്കുകയും ചെയ്യുന്നു.
ഉമ്മന്‍ ചാണ്ടിയെ കാണുമ്പോള്‍ ആളുകളുടെ ചുണ്ടിലൊരു പുഞ്ചിരി വിടരും. അവിടെ ഭയമോ, ബഹുമാനമോ അല്ല, മറിച്ച് സ്നേഹമാണു പ്രസരിക്കുന്നത്. നമ്മുടെ സ്വന്തം ഒരാളെ കാണുന്നതുപോലെ, സ്വന്തം ഒരാളോടു സംസാരിക്കുംപോലെ, സ്വന്തം ഒരാളെ കേള്‍ക്കുന്നതുപോലെയുള്ള ഒരിഷ്ടം.
ഉമ്മന്‍ ചാണ്ടിയെ ബന്ധപ്പെടുത്തി ഒരുപാട് നര്മങ്ങള് ഉണ്ടായിട്ടുണ്ട്. അവ വെറുതെ പൊട്ടിമുളക്കുന്നതോ നിര്‍മിതമോ അല്ല. സാധാരണക്കാരായ ജനങ്ങള്‍ക്ക് ഉമ്മന്‍ ചാണ്ടിയുടെ അടുത്തുള്ള സ്വാതന്ത്ര്യത്തില്‍ നിന്ന് ഉടലെടുക്കുന്നവയാണവ. സാധാരണക്കാരായ ആളുകള്‍ തങ്ങളിലൊരാളായി കരുതുന്ന നേതാവിനോടൊപ്പം സ്വതന്ത്രമായി ഇടപഴകുമ്പോള്‍ സംഭവിക്കുന്ന അസാധാരണമായ പ്രതികരണമാണ് ഈ നര്മങ്ങള്.
●
2005ലെ തിരുവനന്തപുരം ലോക്സഭ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാർഥി തോറ്റതിനെ തുടര്‍ന്ന് ഉമ്മന്‍ ചാണ്ടി രാജിവെക്കും എന്നൊരു അഭ്യൂഹം പടര്‍ന്നു. വൈകീട്ട് മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരെ കാണാന്‍ തീരുമാനിച്ചതോടെ അഭ്യൂഹം ശക്തമായി. മുഖ്യമന്ത്രി വാർത്തസമ്മേളനം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍, ഓഫിസും പരിസരവും ജനനിബിഡമായി. ആവലാതികളും ആവശ്യങ്ങളുമായി ജനം പൊതിഞ്ഞു. അവരുടെ ഒത്ത നടുക്കുനിന്ന് ഓരോരുത്തരില്‍നിന്നും അപേക്ഷകളും ആവലാതികളും സ്വീകരിക്കുന്നതിനിടക്കാണ് ഒരാള്‍ ഒരു വെള്ളക്കടലാസ് നീട്ടിയത്. അതു തിരിച്ചും മറിച്ചും നോക്കിയിട്ട് മുഖ്യമന്ത്രി ചോദിച്ചു- ''ഇതില്‍ ഒന്നും എഴുതിയിട്ടില്ലല്ലോ.''
സാര്‍ ഒപ്പിട്ടോ. കാര്യമൊക്കെ ഞാന്‍ പിന്നെ എഴുതിക്കോളാം എന്നായിരുന്നു മറുപടി. അതു കേട്ട് ഉമ്മന്‍ ചാണ്ടി പൊട്ടിത്തെറിച്ചില്ല, പൊട്ടിച്ചിരിച്ചു!
●
ഉമ്മന്‍ ചാണ്ടിക്ക് സ്വന്തം മൊബൈല്‍ ഫോണില്ല. മുഖ്യമന്ത്രി ആയിരുന്നപ്പോഴും ഇതുതന്നെയാണ് അവസ്ഥ. കൂട്ടത്തിലുള്ള ആരുടെയെങ്കിലും ഫോണില്‍ ആയിരിക്കും മുഖ്യമന്ത്രിയെ കിട്ടുക. ഒരിക്കല്‍ തിരുവനന്തപുരത്തുവന്ന രാഷ്ട്രപതി ഹെലികോപ്ടറില്‍ കോട്ടയത്തേക്കു പോകുകയാണ്. മുഖ്യമന്ത്രി കൂടെയുണ്ട്. പുതുപ്പള്ളിയില്‍നിന്ന് ഒരു ഒ.സി ഭക്തന് ഗണ്‍മാനെ വിളിക്കുന്നു.
സാര്‍ ഹെലികോപ്ടറിലാണെന്നു ഗണ്മാെൻറ മറുപടി.
കൂടെ ആരാ ഉള്ളതെന്നു ഭക്തന്.
രാഷ്ട്രപതി.
എന്നാ പിന്നെ രാഷ്ട്രപതിയുടെ നമ്പര്‍ തരൂ എന്ന് ഭക്തന്!!
●
ഉമ്മന്‍ ചാണ്ടി നിയമസഭാംഗം ആയതിെൻറ 40ാം വര്‍ഷവും മോഹന്‍ലാല്‍ സിനിമയിലെത്തിയതിെൻറ 30ാം വര്‍ഷവും 2010ല്‍ ആഘോഷിച്ചപ്പോള്‍ ജയ്ഹിന്ദ് ടി.വി ഇരുവരെയും െവച്ച് ഒരു പരിപാടി ചെയ്തു. ഇവർ തമ്മിലുള്ള ഊഷ്മളമായ ഒരു സംഭാഷണം. ഇതിനിടെ ഉമ്മന്‍ ചാണ്ടിയുടെ സിനിമാ കമ്പത്തെക്കുറിച്ച് മോഹന്‍ലാല്‍ ചോദിച്ചു. ഏറ്റവും ഒടുവില്‍ കണ്ട സിനിമ ഏതാ?
''മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍''- ഉമ്മന്‍ ചാണ്ടിയുടെ മറുപടി.
മോഹന്‍ലാലിെൻറ 30 വര്‍ഷം മുമ്പത്തെ ആദ്യ ഹിറ്റ് സിനിമ!
50ാം വാര്‍ഷികം ആഘോഷിക്കുന്ന ഇപ്പോള്‍ ചോദിച്ചാലും ഇതു തന്നെയാകും മറുപടി. സിനിമ മോശമായതുകൊണ്ടല്ല. മറിച്ച് ആ രണ്ടു രണ്ടര മണിക്കൂര്‍ ഉണ്ടെങ്കില്‍ പത്തുമുപ്പതു പേരെ കണ്ട് അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാല്ലോ എന്നാകും ഉമ്മന്‍ ചാണ്ടിയുടെ ചിന്ത!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.