കുഞ്ഞൂഞ്ഞെത്തി; പരിഭവം മറന്ന് പുതുപ്പള്ളിക്കാർ
text_fieldsകോട്ടയം: ഇത്രയും ദിവസം തുടർച്ചയായി പുതുപ്പള്ളിക്കാരുടെ കുഞ്ഞൂഞ്ഞ് നാട് വിട്ടുനിൽക്കുന്നത് അപൂർവമാണ്. കഴിഞ്ഞ ദിവസത്തെ പിറന്നാൾ ദിനത്തിൽപോലും പുതുപ്പള്ളിക്കാരെ കാണാൻ അദ്ദേഹമെത്തിയില്ല. അതിന്റെ മ്ലാനത നിറഞ്ഞ് നിൽക്കുമ്പോഴാണ് കരോട്ട് വള്ളക്കാലില്‍ വീട്ടിലേക്ക് അപ്രതീക്ഷിതമായി ജനനേതാവിന്റെ കടന്നുവരവ്. വിവരമറിഞ്ഞ് ഓടിക്കൂടിയവർക്കെല്ലാം അത് ആശ്വാസമായി. കാറിൽ നിന്നിറങ്ങി വീട്ടുമുറ്റത്ത് കാലെടുത്ത് വെച്ചയുടൻ 'ഇപ്പോഴാണ് സമാധാനമായത്' എന്ന ആത്മഗതം ഉമ്മൻ ചാണ്ടി നടത്തിയതോടെ അവരിലൊരാളായി അദ്ദേഹം വീണ്ടും മാറി.
ഇടവേളക്കുശേഷം പുതുപ്പള്ളിയിലേക്കുള്ള ഉമ്മൻ ചാണ്ടിയുടെ വരവിനെ പ്രവർത്തകർ ആവേശത്തോടെയാണ് വരവേറ്റത്. ചികിത്സയും വിശ്രമവുമായി ബന്ധപ്പെട്ട് ആലുവയിലായിരുന്നതിനാലാണ് ജന്മദിനത്തിലും നാട്ടിലെത്താൻ പറ്റാതെ പോയത്. പുതുപ്പള്ളിയിലെ പതിവ് ഞായറാഴ്ച സദസ്സും ഇത്തവണ മുടങ്ങിയിരുന്നു. കോവിഡ് കാലത്തിനുശേഷം ആദ്യമായാണ് ഉമ്മൻ ചാണ്ടി ഇത്രയും ദിവസം നാട് വിട്ടു നിൽക്കുന്നത്. ഈയാഴ്ച അവസാനം വിദഗ്ധ ചികിത്സക്ക് അദ്ദേഹം ജർമനിയിലേക്ക് പോകും. തിരുവനന്തപുരത്തുനിന്നാണ് യാത്ര.
ആലുവയിൽനിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രാമധ്യേയാണ് പുതുപ്പള്ളിയിലേക്കുള്ള വരവ്. ചൊവ്വാഴ്ച രാത്രി നാട്ടകം ഗെസ്റ്റ് ഹൗസിലായിരുന്നു താമസം. അവിടെനിന്ന് ബുധനാഴ്ച രാവിലെ പത്തോടെയാണ് കരോട്ട് വള്ളക്കാലില്‍ വീട്ടിലെത്തിയത്. ജനക്കൂട്ടത്തിനിടയിലായതോടെ ഉമ്മൻ ചാണ്ടി പതിവ് രീതികളൊന്നും മുടക്കിയില്ല. ചികിത്സസഹായം, ശിപാർശ കത്തുകൾ തുടങ്ങി വിവിധ ആവശ്യങ്ങളുമായി വന്നവർക്കെല്ലാം വേണ്ടത് ചെയ്തു.
ചില പരാതികൾ തീർപ്പാക്കാൻ സഹായികളുടെ ഫോണില്‍നിന്നും ഉദ്യോഗസ്ഥരെ വിളിച്ചു. മരുന്ന് നല്‍കുന്നതിന് കൈയിൽ പിടിപ്പിച്ചിരുന്ന കാനുല അപ്പോഴും ഊരിയിരുന്നില്ല. ഒരു മണിക്കൂറോളം അദ്ദേഹം വീട്ടില്‍ ചെലവഴിച്ചു. തുടർന്നാണ് തിരുവനന്തപുരത്തേക്ക് തിരിച്ചത്. പുതുപ്പള്ളി പള്ളിയിലും കയറി പ്രാര്‍ഥിച്ചു. രാവിലെ പാമ്പാടി മാര്‍ കുര്യാക്കോസ് ദയറ, മണര്‍കാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രല്‍ പള്ളി എന്നിവിടങ്ങളിലും പ്രാര്‍ഥിച്ചിരുന്നു. ഭാര്യ മറിയാമ്മയും മകള്‍ മറിയവുമാണ് അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.