ഉമ്മൻ ചാണ്ടി പ്രതിപക്ഷനേതാവാകണമെന്നായിരുന്നു ആഗ്രഹം -ആർ.എസ്.പി
text_fieldsതിരുവനന്തപുരം: ഉമ്മൻ ചാണ്ടി പ്രതിപക്ഷനേതാവായി വരണമെന്നാണ് ആർ.എസ്.പിയും ആഗ്രഹിച്ചിരുന്നതെന്ന് സംസ്ഥാന സെക്രട്ടറി എ.എ. അസീസ്. കോൺഗ്രസിനകത്തും ഭൂരിപക്ഷത്തിനും താൽപര്യം ഇതുതന്നെയായിരുന്നു. എന്നാൽ, സ്ഥാനമാനങ്ങൾ ഏറ്റെടുക്കാൻ താനില്ലെന്ന നിലപാട് അദ്ദേഹം സ്വീകരിച്ചതിനാലാണ് രമേശ് ചെന്നിത്തല പ്രതിപക്ഷനേതാവായത്. അദ്ദേഹവും തന്നെക്കൊണ്ടാകുന്ന നിലക്ക് എല്ലാ വിഷയത്തിലും ഇടപെടുകയും പരിപാടികളിൽ പെങ്കടുക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ, ഉമ്മൻ ചാണ്ടിയായിരുന്നെങ്കിൽ കുറച്ചുകൂടി ശോഭിച്ചേനെ. ഉമ്മൻ ചാണ്ടിയെപ്പോലെ രാപകലില്ലാതെ ഒാടി നടക്കാൻ ചെന്നിത്തലക്ക് കഴിയില്ലെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
പ്രതിപക്ഷം എന്ന നിലയിൽ യു.ഡി.എഫ് ഒറ്റക്കെട്ടായിതന്നെ വിഷയങ്ങളിൽ നിലകൊള്ളുന്നുണ്ട്. മുന്നണിക്ക് രൂപം നൽകുന്ന കോൺഗ്രസ് നേതൃത്വം കുറച്ചുകൂടി ശക്തമാകണമെന്ന നിലപാടാണുള്ളത്. ഉടൻതന്നെ കെ.പി.സി.സിയുടെ പുതിയ പ്രസിഡൻറ് വരുമല്ലോ. ആ സ്ഥാനത്തേക്കും താനില്ലെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞതായാണ് അറിയുന്നത്. കോൺഗ്രസിൽ എന്നും ഗ്രൂപ്പുകൾ ശക്തമാണ്. ഗ്രൂപ്പുകൾ ശക്തമായിട്ടും വൻവിജയം നേടിയ ചരിത്രവും കോൺഗ്രസിനുണ്ടെന്നും അസീസ് പറഞ്ഞു. യു.ഡി.എഫിൽ തങ്ങൾ ഇപ്പോൾ സംതൃപ്തരാണ്. ബുദ്ധിമുട്ടുണ്ടായപ്പോഴെല്ലാം അത് തുറന്നുപറഞ്ഞിട്ടുമുണ്ട്. അടുത്തവർഷം നവംബറിൽ ആർ.എസ്.പിയുടെ ദേശീയസമ്മേളനം ചേരും.
ബി.ജെ.പിക്കെതിരായി രാജ്യത്ത് ജനാധിപത്യ മതേതരശക്തികളുടെ കൂട്ടായ്മ ഉയർന്നുവരണമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി പറഞ്ഞു. കോൺഗ്രസുമായുള്ള സമീപനത്തിൽ മാറ്റം വരുത്താനുള്ള സി.പി.എം നിലപാട് സ്വാഗതാർഹമാണ്. ബി.ജെ.പിക്കെതിരായ ബദലിന് നേതൃത്വം നൽകാൻ കോൺഗ്രസിനേ സാധിക്കുകയുള്ളൂ. ബി.ജെ.പി സർക്കാർ സമസ്തമേഖലയിലും പരാജയമാണ്. സി.പി.എമ്മിെൻറ അടവുനയം ദോഷം ചെയ്യുന്നതാണ്. സി.പി.എം പലപ്പോഴും വോട്ടുബാങ്ക് രാഷ്ട്രീയത്തിലേക്ക് ചുരുങ്ങുകയാണ്. ന്യൂനപക്ഷ, ഭൂരിപക്ഷ വർഗീയതയെ ഒരുപോലെ ചെറുക്കാൻ സി.പി.എമ്മിന് കഴിയുന്നില്ല. അത് തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നതുപോലെയാണ്. കേന്ദ്രമന്ത്രിയായി ചുമതലയേറ്റ അൽഫോൺസ് കണ്ണന്താനത്തിന് സ്വീകരണവും കലവറയില്ലാത്ത പിന്തുണയും പ്രഖ്യാപിച്ച മുഖ്യമന്ത്രി പിണറായി വിജയേൻറതുൾപ്പെടെ സംസ്ഥാന സർക്കാറിെൻറ നടപടിയിൽ ദുരൂഹതയുണ്ട്. ബി.ജെ.പിയുടെ രാഷ്ട്രീയത്തിൽനിന്ന് മാറിനിൽക്കാൻ കണ്ണന്താനത്തിന് സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.