മുഖ്യമന്ത്രി പ്രസംഗിക്കുന്നതിന് മുമ്പുള്ള മുദ്രാവാക്യം: പ്രവർത്തകരുടെ വികാരം മാന്യമായി പ്രകടിപ്പിച്ചെന്ന് കെ. മുരളീധരൻ
text_fieldsന്യൂഡൽഹി: കെ.പി.സി.സി സംഘടിപ്പിച്ച ഉമ്മൻചാണ്ടി അനുസ്മരണ പരിപാടിൽ മുഖ്യമന്ത്രിയുടെ പ്രസംഗം തുടങ്ങാനിരിക്കെ മുദ്രാവാക്യം വിളി ഉയർന്നതിനെ ന്യായീകരിച്ച് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ എം.പി. പ്രവർത്തകരുടെ വികാരം മാന്യമായാണ് പ്രകടിപ്പിച്ചതെന്ന് മുരളീധരൻ പ്രതികരിച്ചു.
തരംതാണ വിമർശനമാണ് ഉമ്മൻ ചാണ്ടിക്കെതിരെ ഉണ്ടായത്. 'ഉമ്മൻ ചാണ്ടി ഞങ്ങളിലൂടെ ജീവിക്കുന്നു...' എന്ന മുദ്രാവാക്യത്തിന് എന്താണ് പ്രശ്നം. അനുസ്മരണ പരിപാടിയിൽ പങ്കെടുത്ത മുഖ്യമന്ത്രിക്കോ സംഘടിപ്പിച്ച കെ.പി.സി.സിക്കോ പ്രയാസമില്ല. പിന്നെന്തിനാണ് മന്ത്രി വി.എൻ വാസവൻ വികാരം കൊള്ളുന്നതെന്ന് അറിയില്ല. അനുസ്മരണ പരിപാടിയിലേക്ക് മുഖ്യമന്ത്രിയെ ക്ഷണിച്ചതിൽ തെറ്റില്ലെന്നും മുരളീധരൻ വ്യക്തമാക്കി.
ഇന്നലെ തിരുവനന്തപുരം അയ്യൻകാളി ഹാളിൽ നടന്ന അനുസ്മരണ പരിപാടിയിൽ മുഖ്യമന്ത്രിയെ സംസാരിക്കാൻ വിളിച്ചപ്പോഴാണ് സദസിൽ നിന്ന് കോൺഗ്രസ് പ്രവർത്തകരിലൊരു വിഭാഗം ഉമ്മൻ ചാണ്ടിക്കായി മുദ്രാവാക്യം വിളിച്ചത്. 'ഉമ്മൻ ചാണ്ടി സിന്ദാബാദ്... കണ്ണേ കരളേ കുഞ്ഞൂഞ്ഞേ... ആരു പറഞ്ഞു മരിച്ചെന്ന്...' എന്നാണ് കോൺഗ്രസ് പ്രവർത്തകർ വിളിച്ച മുദ്രാവാക്യം. മുഖ്യമന്ത്രി മൈക്കിന് മുന്നിലെത്തിയിട്ടും മുദ്രാവാക്യം വിളി തുടർന്നപ്പോൾ വി.ഡി. സതീശൻ, എം.എം. ഹസൻ എന്നിവർ ഉൾപ്പെടെ നേതാക്കൾ ഇടപെട്ട് പ്രവർത്തകരെ പിന്തിരിപ്പിച്ചു.
അതേസമയം, ഉമ്മൻചാണ്ടിയെ ഓർമപ്പെടുത്തിയുള്ള മുദ്രാവാക്യം വിളിക്കെതിരെ മന്ത്രി വി.എം വാസവൻ രംഗത്തെത്തി. 'ആതിഥേയ സംസ്കാരം നന്മയുടെ ലക്ഷണമാണെന്നും നസ്രത്തിൽ നിന്ന് നന്മപ്രതീക്ഷിച്ചിട്ട് കാര്യമില്ലല്ലോ' എന്നും വാസവൻ ഫേസ്ബുക്കിൽ കുറിച്ചു. കൂടാതെ, കോൺഗ്രസ് പ്രവർത്തകർ മുദ്രാവാക്യം വിളിക്കുന്നതിന്‍റെ ചിത്രവും പോസ്റ്റ് ചെയ്തു.
വാസവന്‍റെ പോസ്റ്റിനെ പിന്തുണച്ച് കമന്‍റിട്ട മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം മനോജ് 'നന്മ മാത്രമല്ല ! വകതിരിവും മര്യാദയും ആകാശപാതയിലാണ്' എന്ന് ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.