സോണിയയെ പരാതി അറിയിച്ച് ഉമ്മൻ ചാണ്ടി
text_fieldsന്യൂഡൽഹി: കേരളത്തിൽ പുതിയ നേതൃത്വം എല്ലാ നേതാക്കളെയും വിശ്വാസത്തിലെടുക്കാതെ ഏകപക്ഷീയ നിലപാടുമായി മുന്നോട്ടുപോകുകയാണെന്ന പരാതി മുതിർന്ന കോൺഗ്രസ് നേതാവ് ഉമ്മൻ ചാണ്ടി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയെ അറിയിച്ചു.
ദേശീയതലത്തിൽ സംഘടന തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കേ, നോമിനേഷൻ രീതിയിലുള്ള പുനഃസംഘടന തുടർന്ന് നടത്തരുതെന്ന അഭിപ്രായം താൻ അടക്കം ഒട്ടേറെ പേർക്കുണ്ട്. ദേശീയ നേതൃത്വത്തിെൻറ പ്രഖ്യാപനം വകവെക്കാതെ പുനഃസംഘടന നടപടി സംസ്ഥാന നേതൃത്വം തുടരുന്നതിനാൽ ഇക്കാര്യത്തിൽ ഹൈകമാൻഡ് വ്യക്തത വരുത്തണം.
രാഷ്ട്രീയകാര്യ സമിതിയെ നോക്കുകുത്തിയാക്കിനിർത്തി സംസ്ഥാന നേതൃത്വം ഓരോ തീരുമാനം നടപ്പാക്കുകയാണ്. ഇക്കാര്യത്തിൽ വ്യക്തമായ നിർദേശം ഹൈകമാൻഡ് നൽകേണ്ടതുണ്ട്. പുനഃസംഘടന നടപടി തുടരുകയാണെങ്കിൽ, അതിന് ഹൈകമാൻഡിെൻറ മേൽനോട്ടം വേണം. ആന്ധ്രപ്രദേശിെൻറ ചുമതലവഹിക്കുന്ന ഉമ്മൻ ചാണ്ടി അവിടത്തെ വിഷയങ്ങൾ ചർച്ച ചെയ്യാനാണ് സോണിയയെ കണ്ടത്. കൂട്ടത്തിൽ കേരളത്തിലെ പാർട്ടി നേതൃത്വത്തിെൻറ പോക്കിനെതിരായ അമർഷം അറിയിക്കുകയായിരുന്നു. കേരളത്തിലെ കാര്യവും ചർച്ച ചെയ്തെന്നല്ലാതെ, അതേക്കുറിച്ച് മാധ്യമങ്ങളോട് പറയാൻ കഴിയില്ലെന്നാണ് കൂടിക്കാഴ്ചക്ക് ശേഷം ഉമ്മൻ ചാണ്ടി ഔപചാരികമായി വിശദീകരിച്ചത്.
ഉമ്മൻ ചാണ്ടി സോണിയയെ കാണുന്നതിനുമുേമ്പ, അദ്ദേഹത്തിെൻറയും രമേശ് ചെന്നിത്തലയുടെയും നിലപാടുകൾക്കെതിരെ ഹൈകമാൻഡിലേക്ക് കേരളത്തിൽനിന്ന് പരാതികൾ പ്രവഹിച്ചു. പുതിയ നേതാക്കളെ പ്രവർത്തിക്കാൻ സമ്മതിക്കാതെ, ഓരോന്നിലും ഉടക്കിട്ട് പാർട്ടിയെ യഥാർഥത്തിൽ ദുർബലപ്പെടുത്തുകയാണ് മുതിർന്ന നേതാക്കൾ ചെയ്യുന്നതെന്നാണ് പ്രധാന പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.