പ്രാർഥനയിലൂടെ ഞാൻ ആ മുറിവുണക്കും...
text_fieldsമുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന ഉമ്മൻ ചാണ്ടി വിടവാങ്ങിയിട്ട് ഇന്നേക്ക് ഒരാണ്ട്. ജനങ്ങളുടെ പ്രിയനേതാവായിരുന്ന അദ്ദേഹത്തോടൊപ്പം താണ്ടിയ വഴിദൂരവും, അനാവശ്യ വിവാദങ്ങൾ അവസാന നാളുകളിൽ സൃഷ്ടിച്ച വെല്ലുവിളികളും വേദനകളും ഓർത്തുപറയുന്നു പത്നി മറിയാമ്മ ഉമ്മൻ
നാൽപത്തിയാറു വർഷം കൈപിടിച്ചുനടന്നയാൾ പോയതിന്‍റെ ശൂന്യതയിലാണ് ഞാനിപ്പോഴും. ദുഃഖമുറഞ്ഞ് മരവിച്ച ആ നാളുകളിലെന്നോ മനസ്സിൽ കയറിവന്ന വാചകമായിരുന്നു മുപ്പിരിച്ചരട് (മൂന്നുപിരിയുള്ള ചരട്) വേഗത്തിൽ അറ്റുപോകില്ലെന്നത്. എവിടെയാണത് കേട്ടതെന്ന് ഓർമ കിട്ടിയിരുന്നില്ല. ബൈബിളിലെ സഭപ്രസംഗിയിലാണെന്ന് പിന്നീടോർത്തു. ഭർത്താവും ഭാര്യയും ദൈവവും ചേർന്നതാണ് മുപ്പിരിച്ചരട്. ദൈവം കൂടെയുള്ളപ്പോൾ ഭാര്യയെയും ഭർത്താവിനെയും പിരിക്കാനാവില്ല. മരണദുഃഖത്തിൽനിന്ന് എന്നെ എഴുന്നേൽപിച്ചത് ആ വാചകമാണ്.
ആൾക്കൂട്ടത്തിനു നടുവിൽ കഴിഞ്ഞിരുന്നൊരാൾ അവസാന നാലുമാസം ആരോടും മിണ്ടാനാവാതെ ജീവിതം ജീവിച്ചുതീർക്കുകയായിരുന്നു. രോഗപീഡയെക്കാൾ മനോവിഷമമായിരുന്നു കുഞ്ഞിനെ നീറ്റിയിരുന്നത്. ഹൃദയം പൊട്ടിയാണ് അദ്ദേഹം പോയത്. അദ്ദേഹത്തെ കൊല്ലാക്കൊല ചെയ്തു. എല്ലാവരോടും ക്ഷമിക്കാനേ കഴിയൂ. എന്‍റെ പ്രാർഥനയിൽ അവരുമുണ്ടാവും. ആരെയും കുറ്റം പറയുന്നത് കുഞ്ഞിനിഷ്ടമല്ല. ചെയ്തതെല്ലാം തെറ്റായിപ്പൊയെന്ന് അവർ സ്വയം തിരിച്ചറിയട്ടെ.
ആരോപണങ്ങളുടെ മുൾമുനയിൽ സമാധാനമായി ഉറങ്ങാൻ പോലും കഴിയാതിരുന്ന നാളുകളെ അതിജീവിച്ചു. എന്നോളം മുറിവേറ്റ സ്ത്രീ വേറെയുണ്ടാവില്ല. ഹൃദയം പൊട്ടിയൊലിച്ച സമയത്ത് ചിലർ തീപ്പന്തം കൊണ്ട് കുത്തി. ആഴമേറിയ ആ മുറിവുകൾ ഉണങ്ങാൻ സമയമെടുക്കും. ശത്രുക്കളാരെങ്കിലുമായിരുന്നെങ്കിൽ ഇത്ര വേദന വരില്ല. ആരോപണമുന്നയിച്ച ആ സ്ത്രീയെ കണ്ടാൽ ഞാനാദ്യം പറയുക ദൈവം അനുഗ്രഹിക്കട്ടെ എന്നായിരിക്കും. എന്നിട്ട് ചോദിക്കണം, എന്തിനായിരുന്നു ആ പാവത്തെ കള്ളം പറഞ്ഞ് ഇല്ലാതാക്കിയതെന്ന്. കുഞ്ഞ് ഒരിക്കൽ പോലും അവരെക്കുറിച്ച് മോശമായി പറഞ്ഞിട്ടില്ല. 24 മണിക്കൂറും ആൾക്കൂട്ടത്തിനൊപ്പമുണ്ടായിരുന്ന വ്യക്തിയെക്കുറിച്ചാണ് ഇങ്ങനെയൊക്കെ ചെയ്തെന്നുപറഞ്ഞത്.
ആശുപത്രിയിൽ വെച്ച് ഒരു ദിവസം ഞാൻ കുഞ്ഞിനോട് പറഞ്ഞു ‘‘അസുഖം മാറി തിരിച്ച് ഫ്ലൈറ്റിൽ നമുക്ക് നാട്ടിലേക്ക് മടങ്ങണം. പഴയ ആളുകൾക്കൊക്കെ ഡിന്നർ നൽകണം. കാരവാനിൽ എ.കെ. ആന്‍റണിയെയും വയലാർ രവിയെയുമൊക്കെ കാണണം. കേരളം മുഴുവൻ കറങ്ങണം’’. അദ്ദേഹം അതൊക്കെ തലയാട്ടി സമ്മതിച്ചു. പക്ഷേ, തിരിച്ചുവരവുണ്ടായില്ല. ചികിത്സ സംബന്ധിച്ച വിവാദങ്ങളും ഏറെ മനഃപ്രയാസമുണ്ടാക്കി. ഞാൻ പക്ഷേ, അതൊന്നും ശ്രദ്ധിച്ചില്ല. അസുഖം മാറി അദ്ദേഹം തിരിച്ചുവരുമ്പോൾ ആരോപണം ഉന്നയിക്കുന്നവരുടെ വായടയുമല്ലോ എന്നു കരുതി. അതിനും സാധിച്ചില്ല. കുഞ്ഞ് പോയ ശേഷം 41 ദിവസവും വീട്ടിൽ കെടാവിളക്ക് എരിഞ്ഞിരുന്നു. അതിനുശേഷം എല്ലാ ദിവസവും രാത്രി കിടക്കുന്നതുവരെ കുഞ്ഞിന്‍റെ ചിത്രത്തിനു മുന്നിൽ വിളക്ക് തെളിക്കും. ഭക്ഷണം കഴിക്കുമ്പോൾ മൂന്നുനേരവും മുന്നിൽ ഒരു പ്ലേറ്റ് വെക്കും. വലതുവശത്ത് ഞാനിരിക്കും.
അസാധാരണ വ്യക്തിയായിരുന്നു കുഞ്ഞ്. എപ്പോഴും ശാന്തൻ. അമ്മ പറയാറുണ്ട്, കുട്ടിക്കാലത്ത് കരയാറുപോലുമുണ്ടായിരുന്നില്ലെന്ന്. ഞാൻ വിഷമിക്കുന്നതുകണ്ടാലും ആശ്വസിപ്പിക്കാറില്ല, ഉപദേശവുമില്ല. കൂടിപ്പോയാൽ, വിഷമിക്കരുത് എന്നു മാത്രം പറയും. വീട്ടുകാര്യങ്ങളെല്ലാം ഞാനാണ് നോക്കിയിരുന്നത്. ഒന്നിനും കണക്ക് ചോദിക്കില്ല. ചാണ്ടിയാണ് അപ്പയെ മിസ് ചെയ്യുന്നെന്ന് എപ്പോഴും പറയാറുള്ളത്. അവൻ സ്നേഹം പ്രകടിപ്പിക്കുന്ന കൂട്ടത്തിലാണ്. എന്നോടിതുവരെ കുഞ്ഞ് ദേഷ്യപ്പെട്ട് സംസാരിച്ചിട്ടില്ല. എന്നാൽ, സ്നേഹം പ്രകടിപ്പിക്കുകയുമില്ല. ആ തണൽ നഷ്ടമായതിന്‍റെ വേദന മരണശേഷമാണ് മനസ്സിലാവുന്നത്. കുടുംബജീവിതത്തിൽ സന്തോഷവും സങ്കടവും ഏറെ അനുഭവിച്ചിട്ടുണ്ട്. അപ്പോഴൊന്നും കുഞ്ഞിനെ അമിതമായി സങ്കടപ്പെട്ടോ സന്തോഷിച്ചോ കണ്ടിട്ടില്ല. 2021നുശേഷം രാഷ്ട്രീയത്തിലെ ചില സംഭവവികാസങ്ങളോടെ അദ്ദേഹം കൂടുതൽ മൗനിയായി.
മനഃപ്രയാസമായിരുന്നു അവസാനകാലത്ത് അലട്ടിയത്. അദ്ദേഹം അനുഭവിച്ച വേദനയുമായി തട്ടിച്ചുനോക്കുമ്പോൾ എന്‍റേത് ഒന്നുമല്ല. ആളുകളെ സഹായിക്കുകയായിരുന്നു കുഞ്ഞിന്‍റെ നിയോഗം. എന്‍റേത് പ്രാർഥനയും. കള്ളങ്ങൾ ആരോപിച്ച ആ വനിതക്കു വേണ്ടി മാത്രമല്ല, ദ്രോഹിച്ച എല്ലാവർക്കും വേണ്ടിയും ഞാൻ പ്രാർഥിക്കും. പ്രാർഥനയിലൂടെ ആ വലിയ മുറിവുണക്കും.
തയാറാക്കിയത്: ഷീബ ഷൺമുഖൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.