മലയാളികളെ വധശിക്ഷയിൽനിന്നൊഴിവാക്കാൻ 'ദിയാധനം' നൽകി ഉമ്മൻ ചാണ്ടി
text_fieldsറിയാദ്: മലയാളി കൊല്ലപ്പെട്ട കേസിൽ സൗദി അറേബ്യയിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട മലയാളികളെ രക്ഷിക്കാൻ സ്വന്തം കൈയിൽനിന്ന് 'ദിയാ ധനം' (ബ്ലഡ് മണി) കൊടുത്ത് കേരള മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. വിഷയത്തിൽ മനുഷ്യത്വം കരുതി ഇടപെട്ട അദ്ദേഹം ശിരസ്സിലേറ്റിയത് വലിയ സാമ്പത്തികഭാരമായിരുന്നു.
2008 ഒക്ടോബർ 18ന് കൊല്ലം പള്ളിമുക്ക് സ്വദേശി നൗഷാദ് കൊല്ലപ്പെട്ട കേസിലാണ് ഇതേ ജില്ലക്കാരായ സുധീർ മുസ്തഫ, മൻസൂർ സൈനുല്ലാബ്ദീൻ, മുഹമ്മദ് റഫീഖ് എന്നിവർ പ്രതികളായത്. പ്രതികളിലൊരാളുടെ സുഹൃത്ത് കൊല്ലം പള്ളിമുക്ക് സ്വദേശി ഉനൈസ് റിയാദിലെ സാമൂഹികപ്രവർത്തകനും പ്രവാസി സമ്മാൻ ജേതാവുമായ ശിഹാബ് കൊട്ടുകാട് വഴി ഇന്ത്യൻ എംബസിയെ സമീപിച്ചു.
ശിഹാബിന്റെ നിർദേശപ്രകാരം കുടുംബങ്ങൾ പലതവണ അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയെ കണ്ടു. കുടുംബങ്ങളുടെ കണ്ണീര് കണ്ട് മനസ്സലിഞ്ഞ ഉമ്മൻ ചാണ്ടി ശ്രമം ഊർജിതമാക്കി. കൊല്ലപ്പെട്ട നൗഷാദിന്റെ കുടുംബം മാപ്പുനൽകിയാൽ കോടതി വധശിക്ഷയിൽനിന്ന് ഒഴിവാക്കുമെന്ന് അറിയുന്നതിനാൽ വർക്കല സ്വദേശി ഷഹീർ എന്ന അഭിഭാഷകൻ വഴി മുഖ്യമന്ത്രിയുടെ ഓഫിസ് അതിനുള്ള ശ്രമവും നടത്തി. 50 ലക്ഷം രൂപ ബ്ലഡ് മണി നൽകിയാൽ ഭാര്യയും മക്കളും മാപ്പ് നൽകാമെന്ന് സമ്മതിച്ചു. അതിനുള്ള സമ്മതപത്രം റിയാദിലെത്തുകയും ഇന്ത്യൻ എംബസി വഴി കോടതിയിൽ സമർപ്പിക്കുകയും ചെയ്തു.
കുടുംബം മാപ്പു നൽകിയതോടെ കോടതി വധശിക്ഷ ഒഴിവാക്കി. എന്നാൽ, പൊതുഅന്യായ പ്രകാരം ഒമ്പതുവർഷത്തെ തടവുശിക്ഷ പ്രതികൾക്കുണ്ടായിരുന്നു. അത് പൂർത്തിയായപ്പോൾ മൂവരേയും ജയിൽ മോചിതരാക്കി നാട്ടിലേക്ക് കയറ്റിവിട്ടു. ഇതിനിടയിൽ വർഷങ്ങൾ പലത് കടന്നുപോയി. ഉമ്മൻ ചാണ്ടി മന്ത്രിസഭയുടെ കാലാവധി കഴിയുകയും ചെയ്തു. സമ്മതപത്രം ഇന്ത്യൻ എംബസി കോടതിയിൽ അന്ന് ഹാജരാക്കിയിരുന്നെങ്കിലും കുടുംബം ബ്ലഡ് മണി സ്വീകരിച്ചതായുള്ള രേഖ എത്താഞ്ഞതിനാൽ റിയാദിലെ കോടതിയിൽ കേസ് നടപടികൾ അവസാനിച്ചിരുന്നില്ല. മൂന്നു പ്രതികളുടെ കുടുംബങ്ങൾ 10 ലക്ഷം വീതം ആകെ 30 ലക്ഷം നൽകാമെന്നാണ് ആദ്യം ഉമ്മൻ ചാണ്ടിയെ അറിയിച്ചിരുന്നത്. എന്നാൽ, അതിനുള്ള ശേഷിയും തങ്ങൾക്കില്ലെന്ന് ഇവർ അദ്ദേഹത്തെ പിന്നീട് അറിയിച്ചു.
നാട്ടിലെത്തിയശേഷം പ്രതികളിലൊരാളായ റഫീഖ് കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. ഉമ്മൻ ചാണ്ടി സ്വന്തം കീശയിൽനിന്നെടുത്തും അടുപ്പമുള്ളവരോട് സഹായം തേടിയുമാണ് പണം കണ്ടെത്തിയത്. അങ്ങനെ സ്വരുക്കൂട്ടിയ പണം കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് രണ്ടുഘട്ടമായാണ് കൊടുത്തുതീർത്തത്. അതോടെ റിയാദ് കോടതിയിലെ കേസ് നടപടികൾക്ക് അവസാനമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.