സി.പി.എം പ്രവര്‍ത്തകനെ തുടര്‍ചികിത്സക്ക് സഹായിക്കാമെന്ന് ഉമ്മൻ ചാണ്ടി
text_fieldsആറ്റിങ്ങല്‍: ആര്‍.എസ്.എസ് ആക്രമണത്തിൽ ഗുരുതര പ്രശ്‌നങ്ങള്‍ നേരിടുന്ന സി.പി.എം പ്രവര്‍ത്തകന്‍ തുടര്‍ചികിത്സക്ക് സഹായം തേടി മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മുന്നില്‍. സഹായിക്കാമെന്ന ഉറപ്പുനല്‍കി ഉമ്മൻ ചാണ്ടി. മംഗലപുരം ഇടവിളാകം പുതുവല്‍വിള പുത്തന്‍വീട്ടില്‍ ലൗജിയാണ് (46) ചികിത്സക്കാവശ്യമായ ഭീമമായ തുക കണ്ടെത്താനാകാതെ മുന്‍ മുഖ്യമന്ത്രിയുടെ മുന്നിലെത്തിയത്.
ഒന്നരവര്‍ഷമായി ലൗജി ഇരുവൃക്കകളും തകരാറിലായി ഡയാലിസിസ് ചെയ്തുവരികയാണ്. നിലവില്‍ ഡയാലിസിസ് ചെയ്യുന്നതിനും ഏറെ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. 1993ലെ ആര്‍.എസ്.എസ് - സി.പി.എം തുടര്‍സംഘര്‍ഷങ്ങളില്‍ നിരന്തരം ലൗജി ആക്രമിക്കപ്പെട്ടിരുന്നു. അന്ന് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായിരുന്ന ലൗജിയുടെ ദേഹമാസകലം വെട്ടേറ്റു. ഇത് ശരീരത്തിനുണ്ടാക്കിയ ആഘാതം നിലവില്‍ ഡയാലിസിസിനും തടസ്സമാകുന്നു. ദീര്‍ഘകാലം ഡയാലിസിസ് ചെയ്യാനാകില്ലെന്നും എത്രയും വേഗം വൃക്ക മാറ്റിവെക്കണമെന്നും ഡോക്ടര്‍മാര്‍ നിർദേശിച്ചിട്ടുണ്ട്.
സ്‌കൂള്‍ കുട്ടികളായ രണ്ട് മക്കളും ഭാര്യയും അടങ്ങുന്ന ലൗജിയുടെ കുടുംബത്തിന് നിലവിലെ ചികിത്സപോലും താങ്ങാനാകുന്ന അവസ്ഥയിലല്ല. ഇതിനിടെ വൃക്കമാറ്റിവെക്കലിന് ആവശ്യമായ ഭീമമായ ചെലവ് ചിന്തിക്കുന്നതിന് അപ്പുറമാണ്. സി.പി.എം പ്രവര്‍ത്തകര്‍ ഇടപെട്ട് രണ്ടേകാല്‍ ലക്ഷം രൂപ സ്വരൂപിച്ച് നല്‍കിയിട്ടുണ്ട്. ഇതിെൻറ പതിന്മടങ്ങ് ചെലവ് വൃക്ക മാറ്റിവെക്കലിന് ആവശ്യമായി വരും. ഈ സാഹചര്യത്തിലാണ് ഉമ്മൻ ചാണ്ടിയുടെ മുന്നിലെത്തിയത്. ലൗജിയുടെ അവസ്ഥ ചോദിച്ചറിഞ്ഞ ഉമ്മൻ ചാണ്ടി ആവശ്യമായ സഹായം ലഭ്യമാക്കാമെന്ന് ഉറപ്പുനല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.