പുതുപ്പള്ളിയുടെ പുണ്യമായ പ്രിയ കുഞ്ഞൂഞ്ഞ്
text_fieldsകോട്ടയം: ജില്ലയിലെ പുതുപ്പള്ളി ഗ്രാമത്തിനൊപ്പം ചേര്‍ത്തുവെച്ചാണ് എക്കാലവും മലയാളികളുടെ മനസ്സിൽ ഉമ്മന്‍ ചാണ്ടിയുടെ ഇടം. ജനസേവനത്തിന്റെ അതിവേഗ-ബഹുദൂര ഓട്ടത്തിനിടയിലും ആഴ്ചയിലൊരിക്കൽ തന്റെ പ്രിയസ്ഥലത്തേക്കെത്താൻ പുതുപ്പള്ളിയുടെ കുഞ്ഞൂഞ്ഞ് സമയം കണ്ടെത്തിയിരുന്നു. ശനിയാഴ്ച രാത്രിയോടെ കോട്ടയം നഗരത്തിൽനിന്ന് കിലോമീറ്ററുകൾ അപ്പുറമുള്ള പുതുപ്പള്ളിയിലേക്ക് മരണത്തിന് ദിവസങ്ങൾ മുമ്പുവരെ അദ്ദേഹം എത്തിയിരുന്നു.
ആ സ്നേഹമാണ് വേര്‍പാടിന്റെ ഒരാണ്ടിൽ എത്തിനിൽക്കുമ്പോഴും ജന്മനാട്ടിലെ ഓരോ സാധാരണക്കാരന്റെയും ഓര്‍മകളില്‍ അവരുടെ പ്രിയപ്പെട്ട കുഞ്ഞൂഞ്ഞ് നിറഞ്ഞുനിൽക്കുന്നതിന് കാരണവും. തങ്ങളുടെ പ്രിയപ്പെട്ട കുഞ്ഞൂഞ്ഞ് മരിച്ചെന്ന് ഇന്നും പുതുപ്പള്ളിക്കാർക്ക് വിശ്വസിക്കാനായിട്ടില്ല. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലും കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിലുമെല്ലാം യു.ഡി.എഫ് സ്ഥാനാർഥികൾ വിജയിച്ചുകയറിയതിന് പിന്നിൽ അദ്ദേഹത്തോടുള്ള സ്നേഹം തന്നെയെന്ന് വ്യക്തം.
ചാണ്ടിസർ മരിച്ചതായി തങ്ങൾക്ക് തോന്നുന്നേയില്ലെന്ന് അവരുടെ സങ്കടം നിറഞ്ഞ വാക്കുകളിൽനിന്ന് വ്യക്തമാകുന്നു. ഉമ്മൻ ചാണ്ടിയുടെ സന്ദർശന വേളകളിൽ ആളും ആരവവുംകൊണ്ട് പുതുപ്പള്ളി കരോട്ട് വള്ളക്കാലിൽ വീട് സജീവമായിരുന്നു. അദ്ദേഹം വിടചൊല്ലി ഒരുവർഷം തികയുമ്പോഴും ആള്‍ക്കൂട്ടമൊഴിഞ്ഞ കരോട്ട് വള്ളക്കാലില്‍ വീട്ടിലെ കുഞ്ഞൂഞ്ഞിന്റെ ഓഫിസ് മുറിയുടെ ജനാലയും വാതിലും തുറന്നുതന്നെ കിടപ്പുണ്ട്.
നിരവധി സാധാരണ മനുഷ്യരുടെ സങ്കടങ്ങള്‍ക്ക് പരിഹാരം കണ്ട തുറന്ന വാതിലാണത്. ഓരോ മനുഷ്യർക്കും പറയാനുണ്ട് അദ്ദേഹത്തിന്റെ സഹായഹസ്തത്തെക്കുറിച്ച്. തന്റെ ജീവിതത്തിലെയും രാഷ്ട്രീയത്തിലെയും പ്രതിസന്ധികള്‍ക്കെല്ലാം പരിഹാരം കണ്ട പള്ളിമുറ്റത്തിനും പറയാനുണ്ട്. പളളിയുടെ പടിയിലിരുന്ന് പ്രാര്‍ഥിച്ച ജീവിത ലാളിത്യം പുലര്‍ത്തിയ മുന്‍ മുഖ്യമന്ത്രിയുടെ ഓര്‍മകള്‍. ലോക്സഭ തെരഞ്ഞെടുപ്പിൽ ഉൾപ്പെടെ മത്സരിച്ചവരും വിജയിച്ചവരുമെല്ലാം അവിടെയെത്തി അനുഗ്രഹം തേടിയതും നമ്മൾ കണ്ടതാണ്. സത്യത്തിൽ പുതുപ്പള്ളിയിലെ ‘പുണ്യാളനായി’ മാറുകയാണ് ജനകീയ നേതാവായ ഉമ്മൻ ചാണ്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.