സോളാറിൽ ഉമ്മൻ ചാണ്ടിയെ കുരുക്കിയതിനെച്ചൊല്ലി സഭയിൽ പോര്
text_fieldsതിരുവനന്തപുരം: സോളാർ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കുരുക്കാൻ ഗൂഢാലോചന നടന്നെന്ന സി.ബി.ഐ റിപ്പോർട്ടിൽ നിയമസഭയിൽ ചൂടേറിയ ചർച്ച. പിണറായി വിജയൻ മുഖ്യമന്ത്രിയായി അധികാരമേറ്റ് മൂന്നാം നാൾ ദല്ലാൾ നന്ദകുമാറിന്റെ സഹായത്തോടെ പണം നൽകി സോളാർ നായികയിൽനിന്ന് വ്യാജ പരാതി എഴുതി വാങ്ങി ഉമ്മൻ ചാണ്ടിയെ കുടുക്കുകയായിരുന്നെന്നാണ് സി.ബി.ഐ റിപ്പോർട്ട് വ്യക്തമാക്കുന്നതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.
സോളാർ കേസ് തുടങ്ങിവെച്ചതും ഉമ്മൻ ചാണ്ടിയെ വേട്ടയാടിയതും കോൺഗ്രസിലെ ഗ്രൂപ് വഴക്കിന്റെ ഭാഗമാണെന്നായിരുന്നു ഭരണപക്ഷ പ്രതിരോധം. സി.ബി.ഐ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ ഗൂഢാലോചനയിൽ പങ്കുള്ള മുഖ്യമന്ത്രിയടക്കമുള്ളവർക്കെതിരെ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. റിപ്പോർട്ട് സർക്കാറിന്റെ കൈവശമില്ലെന്നും എങ്കിലും പ്രതിപക്ഷം ഉന്നയിച്ചാൽ നിയമപരമായ നടപടി സ്വീകരിക്കുന്നത് പരിഗണിക്കുമെന്നും മുഖ്യമന്ത്രി മറുപടി നൽകി.
പുതുപ്പള്ളിയുടെ പുതിയ എം.എൽ.എയായി ചാണ്ടി ഉമ്മൻ സത്യപ്രതിജ്ഞ ചെയ്തു സഭയിലെത്തിയ ദിനത്തിൽ, സി.പി.എം ഉമ്മൻ ചാണ്ടിയെ വേട്ടയാടിയത് തുറന്നുകാട്ടാനായിരുന്നു അടിയന്തര പ്രമേയത്തിലൂടെ പ്രതിപക്ഷം ലക്ഷ്യമിട്ടത്. സോളാർ പ്രശ്നത്തിൽ കോൺഗ്രസ് നേതാക്കൾക്കെതിരായ ആരോപണങ്ങൾ ഓർമിപ്പിച്ച ഭരണപക്ഷ അംഗങ്ങൾ, ചാണ്ടി ഉമ്മൻ സഭയിലെത്തിയ ദിനംതന്നെ ഉമ്മൻ ചാണ്ടിയെ അപമാനിക്കുന്ന നടപടി വേണ്ടായിരുന്നെന്ന് തിരിച്ചടിച്ചു.
അവതാരങ്ങളുണ്ടാകില്ലെന്നു പറഞ്ഞ പിണറായി വിജയൻ അധികാരമേറ്റ് മൂന്നാം നാൾ ഒന്നാം നമ്പർ അവതാരം ദല്ലാളിനെയും സോളാർ നായികയെയും ഓഫിസിൽ വിളിച്ചുവരുത്തി ഉമ്മൻ ചാണ്ടിക്കെതിരെ വ്യാജപരാതി എഴുതി വാങ്ങി സി.ബി.ഐക്ക് നൽകിയെന്ന് അടിയന്തര പ്രമേയം അവതരിപ്പിച്ച ഷാഫി പറമ്പിൽ പറഞ്ഞു. സി.പി.എം നേതൃത്വം നൽകിയ ഗൂഢാലോചനയിൽ പി.സി. ജോർജ് ഉൾപ്പെടെയുള്ളവർ പങ്കാളികളായി. ഇക്കാര്യം സി.ബി.ഐ കണ്ടെത്തിയ സാഹചര്യത്തിൽ പിണറായി വിജയനടക്കമുള്ളവർ മാപ്പു പറയണമെന്നും ഷാഫി ആവശ്യപ്പെട്ടു.
സി.ബി.ഐ റിപ്പോർട്ടിൽ ഇടതുപക്ഷത്തെ കുറ്റപ്പെടുത്തുന്ന ഒന്നുമില്ലെന്നും വിവാദത്തിന്റെ വേരുതേടിയാൽ ചെന്നെത്തുക ചാരക്കേസിലെന്നതുപോലെ കോൺഗ്രസ് ഗ്രൂപ്പുവഴക്കിലാണെന്നും കെ.ടി. ജലീൽ പറഞ്ഞു. സോളാറിൽ ഉമ്മൻ ചാണ്ടിയെ കടന്നാക്രമിച്ച ഇടതുപക്ഷം ഇപ്പോൾ നിരപരാധിത്വം അംഗീകരിച്ച് സംസാരിക്കുന്നത് ഉമ്മൻ ചാണ്ടിയോട് മാപ്പു പറയുന്നതിന് സമാനമാണെന്ന് അഡ്വ. സണ്ണി ജോസഫ്, എൻ. ഷംസുദ്ദീൻ എന്നിവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.