അധികാരമാറ്റത്തിന്റെ വെടിമുഴക്കം; ദുർബലരായി ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും
text_fieldsന്യൂഡൽഹി: തലമുറ മാറ്റം നടന്ന കോൺഗ്രസിൽ സീനിയർ നേതാക്കളായ ഉമ്മൻ ചാണ്ടിക്കും രമേശ് ചെന്നിത്തലക്കുമെതിരെ പരസ്യമായി വെടി ഉതിർത്ത് പുതിയ നേതാക്കൾ. പഴയ മാതിരി ഇരുവരും ചേർന്ന് എല്ലാം പങ്കിട്ടെടുക്കുന്ന രീതി നടപ്പില്ലെന്നും കാലം മാറിയെന്നും കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരൻ ഡൽഹിയിലും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും തുറന്നടിച്ചു. കെ. മുരളീധരനും മറ്റും ഇവരെ പിന്തുണച്ചത് പാർട്ടി സമവാക്യങ്ങളിലെ കാതലായ മാറ്റം പ്രകടമാക്കി.
ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും പാർട്ടിയിൽ കൂടുതൽ ദുർബലപ്പെട്ടത് വെളിവാക്കുന്നതായിരുന്നു ഞായറാഴ്ചത്തെ സംഭവവികാസങ്ങൾ. പ്രതിപക്ഷ നേതാവിനെയും കെ.പി.സി.സി പ്രസിഡൻറിനെയും നിശ്ചയിച്ചതിൽ ഹൈകമാൻഡിനോടുള്ള അതൃപ്തി ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും പരസ്യമായി പ്രകടിപ്പിച്ചിരുന്നെങ്കിലും അവരോട് സുധാകരനോ സതീശനോ നേരിട്ട് ഏറ്റുമുട്ടിയിരുന്നില്ല. എന്നാൽ, അനുനയത്തിെൻറ രീതി വിട്ട്, പുതിയ നേതൃനിരക്കു പ്രവർത്തിക്കാൻ പാകത്തിൽ വഴിമാറണമെന്നാണ് ഞായറാഴ്ച ഇരുവരും പറഞ്ഞുവെച്ചത്.
ഡി.സി.സി പ്രസിഡൻറുമാരെ നിശ്ചയിച്ചതിൽ വേണ്ടത്ര കൂടിയാലോചന നടന്നില്ലെന്ന് ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും പറയുന്നത് തെറ്റാണെന്ന് സുധാകരനും സതീശനും ഒരേ സ്വരത്തിൽ പറഞ്ഞു. പുതിയ ഭാരവാഹികൾ വന്നിരിക്കേ, കോൺഗ്രസിലെ അധികാര അച്ചുതണ്ട് സുധാകരൻ, സതീശൻ, കെ.സി വേണുഗോപാൽ എന്നിങ്ങനെയാകുന്നത് സ്വാഭാവികമാണെന്നും അതിൽ എന്താണ് തെറ്റെന്നും സുധാകരൻ ചോദിച്ചു.
കോൺഗ്രസിനെ നയിക്കാനുള്ള ഉത്തരവാദിത്തമാണ് തങ്ങൾക്ക് ഹൈകമാൻഡ് തന്നത്. ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും പറയുന്നവർക്കു മാത്രം പദവി പങ്കിട്ടു കൊടുക്കാനാണെങ്കിൽ തങ്ങൾക്ക് എന്തു പ്രസക്തി? മാർഗദർശിയാകേണ്ട നേതാക്കൾ വഴിമുടക്കാൻ വന്നാൽ കാത്തുനിൽക്കാനാവില്ലെന്ന സന്ദേശം വി.ഡി. സതീശെൻറ വാക്കുകളിലും പ്രതിഫലിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.