നോട്ട് മാറ്റം: കേന്ദ്രത്തിന് രാഷ്ട്രീയ തിമിരം ബാധിച്ചാല്‍ എന്ത് ചെയ്യാം? -ഉമ്മൻചാണ്ടി
text_fieldsകോഴിക്കോട്: 1000, 500 രൂപാ നോട്ടുകൾ അസാധുവാക്കിയ കേന്ദ്രസർക്കാർ നടപടിക്കെതിരെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. കേന്ദ്രസർക്കാറിന് രാഷ്ര്ടീയ തിമിരം ബാധിച്ചാല്‍ എന്ത് ചെയ്യാമെന്ന് ഉമ്മൻചാണ്ടി ചോദിച്ചു. എല്ലാ ക്രെഡിറ്റും പ്രധാനമന്ത്രിക്ക് ലഭിക്കാനാണ് ബാക്കിയുള്ളവരെ കാഴ്ചക്കാരാക്കിയത്. യാതൊരുവിധ തയാറെടുപ്പുമില്ലാതെയാണ് നോട്ട് മാറ്റം നടപ്പാക്കിയത്. ഇതില്‍ കേന്ദ്രസര്‍ക്കാര്‍ ജനങ്ങളോട് മറുപടി പറഞ്ഞേ തീരുവെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ ഉമ്മൻചാണ്ടി ആവശ്യപ്പെട്ടു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:
ആയിരം അഞ്ഞൂറ് രൂപ നോട്ടുകള്‍ പിന്‍വലിച്ചു കൊണ്ടുള്ള പ്രധാനമന്ത്രിയുടെ തീരുമാനത്തിന്‍റെ പ്രത്യാഘാതം സസൂഷ്മം നിരീക്ഷിച്ചു വരികയായിരുന്നു. ഇത് സംബന്ധിച്ചു ഞാന്‍ ശനിയാഴ്ച കോട്ടയത്ത് പത്രസമ്മേളനം നടത്തിയിരുന്നു. ഇന്നലെ കണ്‍റ്റോണ്‍മെന്‍റ് ഹൗസില്‍ യു.ഡി.എഫ് യോഗവും ചേര്‍ന്നു. ജനങ്ങളുടെ ദുരിതം എങ്ങനെ കുറച്ചു കൊണ്ട് വരാം, അതിനുള്ള പോംവഴികള്‍ എന്തൊക്കെ ഇതൊക്കെയാണ് യു.ഡി.എഫ് യോഗം പ്രധാനമായും ചര്‍ച്ച ചെയ്തത്. ഇതില്‍ നിന്നു ഉരുത്തിരിഞ്ഞു വന്ന ചില നല്ല നിര്‍ദേശങ്ങള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ മുന്നില്‍ സമര്‍പ്പിക്കുകയും ചെയ്തു.
കള്ളപ്പണക്കാരെ തടയിടാനും കള്ളനോട്ടു നിര്‍വീര്യമാക്കാനുമൊക്കെയുള്ള ഏതു നടപടിയെയും പൂര്‍ണമായും അംഗീകരിക്കുന്നവരാണ് നാമെല്ലാവരും. എന്നാല്‍, നല്ല തീരുമാനം ഏറ്റവും മോശം രീതിയില്‍ നടപ്പാക്കിയാല്‍ അതിനു വിപദ്ഫലമാണ് ഉണ്ടാകുക. അതാണ് ഇപ്പോള്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത്. പ്രധാനമന്ത്രിയുടെ തീരുമാനത്തെ തുടര്‍ന്ന് ഒരു കള്ളനോട്ടുകാരനോ കരിഞ്ചന്തക്കാരനോ ക്യുവില്‍ നില്‍ക്കുന്നത് ആരും കണ്ടിട്ടില്ല. തങ്ങള്‍ കഷ്ടപ്പെട്ട് സ്വരൂപിച്ചു ബാങ്കിലിട്ട പണത്തിനു വേണ്ടി സാധാരണക്കാരനാണ് രാവിലെ മുതല്‍ രാത്രി വരെ പരക്കം പായുന്നത്. ബാങ്കിങ് എന്താണെന്നു പോലും അറിയാത്ത ജനവിഭാഗം വേറെയുണ്ട്. അലമാരിയിലും പായ്ക്കടിയിലും അരിപ്പാത്രത്തിലുമൊക്കെ പണം സൂക്ഷിക്കുന്നവരാണിവര്‍. ഏറ്റവും ശോചനീയാവസ്ഥ അവരുടേതാണ്.
ആത്മാഭിമാനത്തോടെ ജീവിച്ചവര്‍ പൊടുന്നനവെ യാചകരായി മാറുന്നു. പൈസക്ക് വേണ്ടി അവര്‍ പലരുടെയും മുന്നില്‍ കൈനീട്ടുന്നു. തങ്ങളുടെ ഉറ്റവരെ സഹായിക്കാനാവാതെ പലരും കൈമലര്‍ത്തുന്നു. ഭക്ഷണ സാധനങ്ങള്‍ വാങ്ങാന്‍ കഴിയുന്നില്ല, ചികിത്സ തേടാന്‍ കഴിയുന്നില്ല, കുട്ടികളുടെ ഫീസ് നല്‍കാന്‍ നൽകാനാവുന്നില്ല, യാത്ര ചെയ്യാന്‍ പറ്റുന്നില്ല, ഭൂമി ഇടപാടുകള്‍ നടക്കുന്നില്ല, ഭൂമിയുടെ വില ഇടിയുന്നു, വിവാഹങ്ങള്‍ മുടങ്ങുന്നു, കടകള്‍ അടച്ചുപൂട്ടുന്നു. അങ്ങനെ വലിയൊരു പ്രതിസന്ധിയുടെ മുകളിലാണ് ശരാശരി ഇന്ത്യക്കാരന്‍റെ ജീവിതം.
നോട്ട് പിന്‍വലിച്ച നടപടിയെ സര്‍ജിക്കല്‍ അറ്റാക്ക് എന്നാണ് പലരും വിശേഷിപ്പിച്ചത്. വളരെ കൃത്യമായ ആസൂത്രണത്തോടെയും അതീവ സൂഷ്മതയോടെയും നടത്തിയ നടപടി എന്ന് അർഥം. എന്നാല്‍, മിനിമം മുന്‍കരുതല്‍ പോലും ഇല്ലാതെ എടുത്തുചാടി എടുത്ത നടപടിയാണിതെന്ന് ഓരോ ദിവസവും കൂടുതല്‍ വ്യക്തമാകുകയാണ്. രാജ്യത്തിന്‍റെ രക്തധമനിയാണ് പണം. അത് തുടര്‍ച്ചയായി പമ്പ് ചെയ്തു കൊണ്ടിരുന്നില്ലങ്കില്‍ സ്തംഭനം നിശ്ചയം. രാജ്യത്തെ നൂറ്റി മുപ്പത്തിമൂന്നു കോടി ജനങ്ങള്‍ നിത്യവും കൈകാര്യം ചെയ്യുന്ന കറന്‍സി മൂല്യത്തില്‍ 86% വരും 1000, 500 നോട്ടുകള്‍. പൊടുന്നനവേ പിന്‍വലിച്ചപ്പോള്‍ ബദല്‍ ക്രമീകരണം ഉണ്ടായില്ല. അതോടെ രാജ്യത്തിന്‍റെ രക്തയോട്ടം നിലച്ചു.
നല്ല ലക്ഷ്യത്തോടെ നടപ്പാക്കിയ ഒരു ദൗത്യത്തില്‍ വന്ന ഗുരുതരമായ വീഴ്ചകള്‍ എന്തൊക്കെയാണ് ഇപ്പോള്‍ പുറത്തു വന്നു കൊണ്ടിരിക്കുന്നു. ഇതില്‍ കേന്ദ്രസര്‍ക്കാര്‍ ജനങ്ങളോട് മറുപടി പറഞ്ഞേ തീരു.
1) 1000, 500 നോട്ടുകള്‍ പിന്‍വലിച്ചുകൊണ്ടുള്ള പ്രഖ്യാപനം നടത്തുന്നതുവരെ അതിന്‍റെ രഹസ്യ സ്വഭാവം സൂക്ഷിക്കേണ്ടത് തന്നെ. എന്നാല്‍, അത് ജനങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കിയെന്ന് വ്യക്തമായപ്പോള്‍, എന്തുകൊണ്ട് സംസ്ഥാന സര്‍ക്കാരുകളെ വിശ്വാസത്തിലെടുത്തില്ല? തൊട്ടടുത്ത ദിവസം തന്നെ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെയും ധനമന്ത്രിമാരുടെയും യോഗം വിളിക്കേണ്ടതായിരുന്നു. സംസ്ഥാനങ്ങളുടെ പൂര്‍ണ്ണ പിന്തുണയോടെ ജനങ്ങളുടെ ദുരിതം പരമാവധി കുറക്കാനാകുമായിരുന്നു.
2) 1977ല്‍ പ്രധാനമന്ത്രി മൊറാര്‍ജി ദേശായി 1,000 രൂപ നോട്ട് പിന്‍വലിച്ചിരുന്നു. ആയിരം രൂപ നോട്ട് അന്നു സാധാരണക്കാരുടെ കൈകളില്‍ ഇല്ലായിരുന്നു. പ്രചാരത്തിലിരുന്ന കറന്‍സി നോട്ടുകളുടെ മൂല്യത്തില്‍ 1,000 രൂപ നോട്ട് വളരെ ചെറിയ ശതമാനം മാത്രമായിരുന്നു. അതുകൊണ്ടു ഈ തീരുമാനം ഇന്നത്തേതുപോലുള്ള വലിയ പ്രതിസന്ധി ഉണ്ടാക്കിയില്ല. എന്നാല്‍, ഇന്ന് മൊത്തം കറന്‍സി നോട്ടുകളുടെ മൂല്യത്തില്‍ 1,000, 500 രൂപ നോട്ടിന്‍റെ വിഹിതം 86% വരുമെന്നു കേന്ദ്ര സര്‍ക്കാരിന് അറിയാമെന്നിരിക്കെ എന്തുകൊണ്ട് ആവശ്യത്തിന് 100 രൂപ നോട്ടുകള്‍ ലഭ്യമാക്കിയില്ല?
3) 2,000 രൂപയുടെ നോട്ടുകള്‍ വളരെ നേരത്തെ തന്നെ പ്ലാന്‍ ചെയ്ത് അച്ചടിച്ചെങ്കിലും എന്തുകൊണ്ട് അവ എ.ടി.എമ്മിലൂടെ വിതരണം ചെയ്യാനുള്ള ക്രമീകരണം ഉണ്ടാക്കിയില്ല? രാജ്യത്തെ 2,00,18,61 എ.ടി.എമ്മുകളില്‍ 2,000 രൂപ നോട്ട് ക്രമീകരിക്കാന്‍ ഇനിയുമേറെ സമയം വേണ്ടി വരും. ഓരോ എ.ടി.എമ്മിലും എഞ്ചിനീയര്‍ ഉള്‍പ്പെടെ വിദഗ്ധ സംഘം എത്തിവേണം ഇതു പുനക്രമീകരിക്കാന്‍.
4) പുതിയ 500 രൂപ നോട്ട് അച്ചടിക്കുമെന്നു പറഞ്ഞിരുന്നെങ്കിലും അത് സമയത്തു പ്രചാരത്തില്‍ വന്നില്ല.
മേല്‍പറഞ്ഞ കാര്യങ്ങളില്‍ അല്‍പം ശ്രദ്ധ ചെലുത്തിയിരുന്നെങ്കില്‍ ജനങ്ങളുടെ ദുരിതങ്ങള്‍ ഒഴിവാക്കിക്കൊണ്ട് തന്നെ അത് നടപ്പാക്കാമായിരുന്നു. പക്ഷേ, രാഷ്ട്രീയ തിമിരം ബാധിച്ചാല്‍ എന്ത് ചെയ്യാം? സര്‍ജിക്കല്‍ സ്ട്രൈക്ക് എല്ലാ ക്രെഡിറ്റും പ്രധാനമന്ത്രിക്ക് ലഭിക്കാനാണ് ബാക്കി എല്ലാവരെയും കാഴ്ചക്കാരാക്കി യാതൊരുവിധ തയാറെടുപ്പും ഇല്ലാതെ ഇത്രയും വലിയൊരു തീരുമാനം നടപ്പാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.